Web Desk

December 22, 2020, 5:37 am

പശ്ചിമബംഗാള്‍ നല്‍കുന്ന അപായസൂചന തിരിച്ചറിയണം

Janayugom Online

ടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി അതിന്റെ സമസ്തശക്തിയും കേന്ദ്രീകരിക്കുന്നത് പശ്ചിമബംഗാളിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയ കൗടില്യത്തിന് ഏറ്റവും അനുയോജ്യമായ മണ്ണാണ് പശ്ചിമബംഗാള്‍ എന്ന കണക്കുകൂട്ടലാണ് അത്തരമൊരു നീക്കത്തിന് അവരെ പ്രേരിപ്പിക്കുന്നത്. അസമില്‍ ഇപ്പോള്‍ത്തന്നെ അധികാരം കയ്യാളുന്നത് ബിജെപി-അസം ഗണപരിഷദ് കൂട്ടുകെട്ടാണ്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും പുതുച്ചേരിയില്‍ കോണ്‍ഗ്രസുമാണ് അധികാരത്തില്‍. തെരഞ്ഞെടുപ്പിനെ നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് പശ്ചിമബംഗാള്‍ എന്ന് ബിജെപി കരുതുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തില്‍ ബിജെപിക്ക് ഏറെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ, പ്രതിപക്ഷ ഭരണം നിലനില്ക്കുന്ന സംസ്ഥാനമാണ് അത്. പശ്ചിമബംഗാളില്‍ മൂന്ന് പതിറ്റാണ്ടിലേറെ അധികാരത്തിലിരുന്ന ഇടതുപക്ഷ മുന്നണി ഗവൺമെന്റിനെ നിഷ്കാസനം ചെയ്ത് ഭരണം കയ്യാളിയ മമതാബാനര്‍ജിയുടെ അഴിമതിയും അക്രമവും ആശയരഹിതവും സ്വേച്ഛാപരവുമായ ദുര്‍ഭരണമാണ് ബിജെപി-സംഘപരിവാര്‍ ശക്തികള്‍ക്ക് സംസ്ഥാനത്ത് കാലുറപ്പിക്കാന്‍ അവസരമൊരുക്കിയത്.

മമതാ ബാനര്‍ജിയുടെ കുപ്രസിദ്ധമായ അധികാരമോഹത്തിന് രാഷ്ട്രീയ ധാര്‍മ്മികതയോ ആശയദാര്‍ഢ്യമോ ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസിലൂടെ പശ്ചിമബംഗാളിലും ദേശീയ രാഷ്ട്രീയത്തിലും ഉയര്‍ന്നുവന്ന അവര്‍ അധികാര രാഷ്ട്രീയത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെ അവരുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ആ രാഷ്ട്രീയ ചപലതയാണ് ആര്‍എസ്എസ്-ബിജെപി-സംഘപരിവാര്‍ശക്തികള്‍ക്ക് ബംഗാള്‍ രാഷ്ട്രീയത്തിലേക്കുള്ള കവാടം തുറന്നുനല്‍കിയത്. ബംഗാള്‍ മുഖ്യമന്ത്രിപദത്തിലേക്കുള്ള അവരുടെ യാത്ര അഴിമതിയുടെയും ജനവഞ്ചനയുടെയും ചളിക്കുണ്ടിലൂടെയായിരുന്നുവെന്ന് ചരിത്രം തെളിയിക്കും.

ബംഗാളി ഉപദേശീയതയുടെ തണലിലായിരുന്നു മമത അധികാരത്തിന്റെ ചവിട്ടുപടികള്‍ നടന്നുകയറിയതെങ്കില്‍ തീവ്രഹിന്ദുത്വത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും വെെകാരിക വേലിയേറ്റം സൃഷ്ടിച്ച് അധികാരം കയ്യാളാനാണ് ബിജെപി ഒരുമ്പെട്ടിരിക്കുന്നത്. മമത പ്രയോ­­ഗിച്ച അക്രമത്തിന്റെയും അഴിമതിയുടെയും പാത തന്നെയാണ് അവരും പിന്തുടരുന്നത്. മമതയെ അധികാരത്തില്‍ പ്രതിഷ്ഠിക്കാന്‍ അവരെ നിര്‍ലോഭം പിന്തുണച്ച മുകുള്‍ റോയി മുതല്‍ സുവേന്ദു അധികാരി വരെയുള്ള അധികാര ദല്ലാളന്മാരെ സ്വന്തം പാളയത്തിലെത്തിക്കുന്നതില്‍ ബിജെപിക്ക് ആരുടെയും ശിഷ്യത്വം നേടേണ്ടതില്ലല്ലൊ.

അഴിമതിയെക്കുറിച്ചും കുടുംബവാഴ്ചയെപ്പറ്റിയും ഘോരഘോരം ഉദ്ഘോഷിക്കുന്ന നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും സംഘപരിവാറിന്റെയും തനിനിറം കൂടിയാണ് ബംഗാളിലെ സംഭവവികാസങ്ങള്‍ തുറന്നുകാട്ടുന്നത്. പതിനേഴ് ലക്ഷത്തില്‍പരം പട്ടിണിപ്പാവങ്ങളില്‍ നിന്നായി മൂവായിരത്തില്‍പരം കോടി രൂപ നിക്ഷേപമായി സ്വീകരിച്ച് ജനവഞ്ചന നടത്തിയ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പു സംഘത്തിലെ മുഖ്യ കഥാപാത്രങ്ങളാണ് ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവി വഹിക്കുന്ന മുകുള്‍ റോയിയും കഴിഞ്ഞ ദിവസം ആ പാര്‍ട്ടിയില്‍ വിലയം പ്രാപിച്ച സുവേന്ദു അധികാരിയും. കൊള്ളക്കാരെയും ജനവഞ്ചകരെയും ഉന്നതപദവി നല്‍കി വെള്ളപൂശുന്ന ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അഴിമതിയുടെ ദുര്‍ഗന്ധം വമിപ്പിക്കുന്ന ഉള്ളകങ്ങളിലേക്കുള്ള കിളിവാതില്‍ കൂടിയാണ് പശ്ചിമബംഗാള്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ തുറന്നുവയ്ക്കുന്നത്. ബംഗാളില്‍ അരങ്ങേറുന്നത് അധികാര രാഷ്ട്രീയത്തിന്റെ അത്യന്തം ജുഗുപ്സാവഹമായ പോരാട്ടമാണ്. അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരിക നിഷ്കളങ്കരും നിര്‍ധനരുമായ മഹാഭൂരിപക്ഷം വരുന്ന ബംഗാള്‍ ജനതയാണ്. മമതയെ നിഷ്കാസനം ചെയ്യാന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത് ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള തെരുവുയുദ്ധമാണ്. ബംഗാളിന്റെ മഹത്തായ നവോത്ഥാന പാരമ്പര്യത്തെയും സംസ്കാരത്തെയും സംസ്ഥാനം കെെവരിച്ച സാമൂഹ്യ പുരോഗതിയെയും തകര്‍ക്കുന്നിടത്തോളം അത് വഷളായിക്കഴിഞ്ഞു.

അധികാരത്തിന്റെയും കോര്‍പ്പറേറ്റ് പണക്കൊഴുപ്പിന്റെയും രാഷ്ട്രീയ അധാര്‍മികതയുടെയും ആഴങ്ങളാണ് സമകാലിക പശ്ചിമ ബംഗാള്‍ രാഷ്ട്രീയം തുറന്നുവയ്ക്കുന്നത്. അഴിമതിക്കാരും സാമൂഹ്യവിരുദ്ധരും കുറ്റവാളികളും കാലുമാറ്റക്കാരും മഹത്വവല്‍ക്കരിക്കപ്പെടുന്നു, ആദരണീയതയുടെ പരിവേഷം കെെവരിക്കുന്നു. പണക്കൊഴുപ്പിനും അധികാര രാഷ്ട്രീയത്തിനും മുന്നില്‍ മുട്ടിലിഴയാന്‍ മടിക്കാത്ത മാധ്യമദാസ്യവൃത്തി ആഘോഷിക്കപ്പെടുന്നു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും സമാധാനപൂര്‍ണമായ സാമൂഹ്യപുരോഗതിയിലും വിശ്വസിക്കുന്ന ശക്തികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട നിര്‍ണായക ദശാസന്ധിയിലാണ് രാജ്യം. പശ്ചിമബംഗാള്‍ ഉയര്‍ത്തുന്ന അപായസൂചന പുതിയ രാഷ്ട്രീയ ചിന്തകള്‍ക്കും സമവാക്യങ്ങള്‍ക്കുമാണ് ആഹ്വാനം നല്‍കുന്നത്.