ഷീബ അമീർ

May 15, 2020, 3:15 am

വീടുകൾ കുടുംബങ്ങളായി മാറിയകാലം

Janayugom Online

ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിലും ചിന്തയിലും മാറ്റം വിതച്ചുകൊണ്ടാണ് കോവിഡ് 19 എന്ന മഹാമാരിയുടെ താണ്ഡവം. മനുഷ്യജീവിതത്തില്‍ പല നല്ല ചിന്തകള്‍ക്കും വഴിയൊരുക്കാനും പ്രകൃതിയെ മലിനപ്പെടുത്തുന്നതില്‍ നിന്ന് കാത്തുവയ്ക്കാനും ഈ മഹാമാരിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കുന്നു എന്നത് ഈ കാലഘട്ടത്തെ ഓര്‍ത്തുവയ്ക്കുമ്പോള്‍ എന്നും വേദനാജനകം തന്നെയായിരിക്കും. നമ്മള്‍ ഈ കാലയളവില്‍ നമ്മുടെ നിമിഷങ്ങളെ, ദിവസങ്ങളെ, ജീവിതത്തെ, ചിന്തയെ ഉഴുതുമറിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ മനുഷ്യനെയും ഈ അവസ്ഥ നവീകരിച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ ധാര്‍മ്മികതയെക്കുറിച്ച് മനുഷ്യബന്ധങ്ങളെക്കുറിച്ച് ഭൗതികതയെക്കുറിച്ച് ആത്മീയതയെക്കുറിച്ച് തിരുത്തലുകള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു കോവിഡ് 19. ഭാവിയെ കരുപ്പിടിപ്പിക്കുക എന്ന സ്വാര്‍ത്ഥ ചിന്തയില്‍ മാത്രം ഒതുങ്ങിത്തുടങ്ങിയ മനുഷ്യസമൂഹം ജീവിതം ഈ നിമിഷത്തിലാണെന്ന് പറയാന്‍ ശീലിച്ചുതുടങ്ങിയിരിക്കുന്നു.

സ്വരുക്കൂട്ടി വയ്ക്കുന്ന സമ്പത്ത്, ഭൗതിക സാഹചര്യങ്ങള്‍ എന്നിവയൊക്കെ മുഴുവന്‍ നമുക്ക് വേണ്ടതായിരുന്നുവോ എന്ന് ഓരോ മനുഷ്യനെയും ചിന്തിപ്പിക്കാന്‍ ഈ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ രോഗത്തിന് കഴിഞ്ഞിരിക്കുന്നു. എല്ലാവരും അവരവരുടെ അടച്ചുറപ്പുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഈ അടച്ചുറപ്പുകളില്‍ ഒതുങ്ങിയിരിക്കുമ്പോഴും അതിരുകളില്ലാത്ത ഒറ്റ ലോകത്തെക്കുറിച്ച് സങ്കല്പിക്കാന്‍ ഈ അവസ്ഥ നമ്മളെ പര്യാപ്തമാക്കുന്നു. ലോകം അഭിമുഖീകരിക്കുന്ന ഒറ്റ പ്രശ്നം, വിപത്ത്, ഒരേ ഒരു പൊരുതല്‍, ഒരേ ഒരു പരിഹാരം, ഒരേ ഒരു പ്രതീക്ഷ. കോവിഡ് 19 എന്ന മഹാമാരി, അതിനെതിരെയുള്ള യുദ്ധം, അതിനുള്ള മരുന്ന് വാക്സിന്‍ എന്ന പരിഹാരം, അത് കണ്ടുപിടിക്കുന്നതിനുള്ള പ്രതീക്ഷ. ലോകജനത ഒന്നായിരിക്കുന്നു. എല്ലാ അതിരുകളും മാഞ്ഞ കാലം. അതല്ലെങ്കില്‍ മനുഷ്യനിര്‍മ്മിതമായ അതിരുകള്‍ കോവിഡ് എന്ന രോഗം മായ്ച്ചുകളഞ്ഞ കാലം. ഒപ്പം തന്നെ ഓരോ വ്യക്തിക്കും സ്വന്തം വീടുകളിലേക്ക് കൂടണഞ്ഞ കാലം.

കുടുംബബന്ധങ്ങള്‍ വെറും ചടങ്ങുകളും അനുഷ്ഠാനങ്ങളും മാത്രമായി മാറിയിട്ട് കാലങ്ങളായി. കൂട്ടുകുടുംബ വ്യവസ്ഥിതി തകര്‍ന്നതോടെ തന്നെ സൗകര്യങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തത്രപ്പാച്ചിലിലായിരുന്നു ഓരോ കുടുംബം എന്ന ചെറിയ യൂണിയനും. മത്സരബുദ്ധിയോടെ സൗകര്യങ്ങളെ വാങ്ങിക്കൂട്ടുക മാത്രമായിരുന്നു ശീലം. സ്നേഹവും കരുതലും കുടുംബങ്ങളില്‍ നിന്നും നഷ്ടപ്പെട്ടിട്ട് കാലങ്ങളായി. പല വീടുകളിലും താന്‍പോരിമയും വ്യക്തി സ്വാതന്ത്ര്യവും മുഖമുദ്രകളായി. ഈ ലോക്ഡൗണ്‍ ഇതിനൊക്കെ മാറ്റം വരുത്തിയിരിക്കുന്നു. സാധാരണക്കാരന്റെ ജീവിതത്തില്‍ ഈ നഷ്ടപ്പെട്ടുകൊണ്ടിരുന്ന സ്നേഹത്തിന്റെ കരുതലിന്റെ കണ്ണിചേര്‍ക്കലുകള്‍ക്ക് തീര്‍ച്ചയായും നിമിത്തമായിട്ടുണ്ട് ഈ ലോക്ഡൗണ്‍ കാലം. ജീവിതത്തിന്റെ തത്രപ്പാടില്‍ തമ്മില്‍ തമ്മില്‍ സംസാരിക്കാന്‍പോലും സാധിക്കാതിരുന്നതിനാല്‍ പല ആലോചനകളും പങ്കുവയ്ക്കപ്പെടാതെ പോയിരുന്നു.

കാര്യമാത്ര പ്രസക്തമല്ല എന്ന് കരുതി പരസ്പരം പറയപ്പെടാതെ പോയ കാര്യങ്ങള്‍ ഇന്ന് ഭാര്യയും ഭര്‍ത്താവും പരസ്പരം പങ്കുവയ്ക്കുമ്പോള്‍ അതൊക്കെ എത്രമാത്രം പ്രസക്തമായിരുന്നു എന്നവര്‍ തിരിച്ചറിയുന്നു. ഉള്ളില്‍ കെട്ടിക്കിടന്ന പല ചിന്തകളും പറഞ്ഞുതീര്‍ക്കുമ്പോള്‍ പല കുടുംബങ്ങളിലും അടക്കിപ്പിടിച്ചിരുന്ന പല ബന്ധങ്ങള്‍ക്കും ലാഘവത്വം വന്നിരിക്കുന്നു. മറ്റ് തിരക്കുകളൊന്നുമില്ലാതെ പരസ്പരം മിണ്ടിപ്പറയാന്‍ കിട്ടിയ സമയം ഒട്ടുമിക്ക വീടുകളിലും ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കിടയില്‍ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടുകയും ബന്ധങ്ങളെ ഊഷ്മളമാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് നഷ്ടപ്പെട്ട വാത്സല്യം തിരിച്ച് കിട്ടിയിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ തടയപ്പെടാത്ത കുടുംബം എന്ന യൂണിറ്റ് പരസ്പരം പരിഗണിക്കപ്പെടുന്ന ഒരിടമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാന്‍ ഈ ലോക് ഡൗണ്‍ കാലം സഹായിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ഗാര്‍ഹിക പീഡനങ്ങള്‍ കുറയേണ്ടതാണെന്നാണ് കരുതുന്നത്. തന്റെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകാന്‍ ഈ കാലയളവ് സഹായിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.

ഒരു സ്ത്രീ വീട്ടില്‍ കൊടുക്കുന്ന സമയവും ഊര്‍ജ്ജവും എത്രയാണെന്ന് തിരിച്ചിറയാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും സാധിച്ചുകാണണം. പ്രഭാതത്തില്‍ ഉണര്‍ന്ന് രാത്രി കിടക്കയിലേക്കെത്തുംവരെ ഒരു സ്ത്രീ ചെലവഴിക്കുന്ന ഊര്‍ജ്ജവും കരുതലും കാണാതെ പോകുന്ന വീടുകളിലൊക്കെ അവരെ ബഹുമാനത്തോടെ നോക്കാനുള്ള അവസരം തന്നെയാണ് ഇത്. ഇരുപതും ഇരുപത്തഞ്ചും വയസില്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു സ്ത്രീയുടെ ചിന്തയില്‍ നിന്ന് കാലാകാലങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളൊന്നും തന്നെ പറയപ്പെടാതെ കുഴിച്ചുമൂടുക എന്ന പതിവിന് ഒരു മാറ്റം വന്നുകാണണം. കാലത്തിനും സാമൂഹ്യ സാഹചര്യങ്ങള്‍ക്കുമനുസരിച്ച് അവളില്‍ വന്നിട്ടുള്ള ചിന്തകളുടെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം കിട്ടിക്കാണും എന്നുതന്നെ കരുതണം. വീട്ടിലിരിക്കേണ്ടിവന്ന പുരുഷന്‍ തന്റെ പരിസരങ്ങളിലെ പ്രകൃതിയെ ശ്രദ്ധിക്കാന്‍ തുടങ്ങിക്കാണും.

തങ്ങള്‍ ഭക്ഷണത്തിനും മറ്റുമായി ചെലവിട്ടതിലേറെയും ആര്‍ഭാടമായിരിന്നുവെന്ന തിരിച്ചറിവ് ഒട്ടുമിക്ക കുടുംബങ്ങളിലും ഉണ്ടായിക്കാണും. ഒരു മനുഷ്യന്, കുടുംബത്തിന് ജീവിച്ചുപോരാന്‍ ഇത്രയും ആര്‍ഭാടവും സുഖലോലുപതയും ആവശ്യമില്ല എന്ന് ഒട്ടുമിക്ക കുടുംബവും മനസിലാക്കിക്കാണും. സുഖം, സമാധാനം ഇതൊന്നും ലഭ്യമാകുന്നത് ഇതില്‍ നിന്നൊന്നുമല്ല എന്ന തിരിച്ചറിവും അവര്‍ക്കുണ്ടായിക്കാണും. ഇങ്ങനെ ലളിതമായി ജീവിക്കുമ്പോള്‍ എന്തിന്, ആശുപത്രികളുടെ ആവശ്യംപോലും ഏറെ വരുന്നില്ല എന്ന് മനസിലാക്കാന്‍ തിരക്കില്ലാത്ത ആതുരാ­ലയങ്ങൾ തന്നെ നമ്മളോട് സാക്ഷ്യം പറയുന്നുണ്ട്. വീട്ടിലെ പ്രായമായ അച്ഛനമ്മമാരുടെ പരാതികള്‍, സുഖവിവരങ്ങള്‍ എല്ലാം സാവധാനത്തോടെ കേള്‍ക്കാന്‍ സാധ്യതയുണ്ടായി. അതുകൊണ്ടുതന്നെ മക്കള്‍ ശ്രദ്ധിക്കുന്ന അച്ഛനമ്മമാര്‍ സന്തോഷത്തിലായി. തങ്ങളുടെ ചെറിയ ചെറിയ പരാതികള്‍പോലും കേള്‍ക്കാന്‍ മക്കളുണ്ടല്ലോ എന്ന സന്തോഷം തീര്‍ച്ചയായും ആ പ്രായമായവരില്‍ ഉണ്ടായിട്ടുണ്ട്.

തന്റെ ചുറ്റും പൂത്ത് തിളിര്‍ക്കുന്ന മരങ്ങളെക്കുറിച്ച് ചെടികളെക്കുറിച്ച് അത് മനസിന് തരുന്ന സ്വാസ്ഥ്യത്തെക്കുറിച്ച് അറിയാനുള്ള സൗഭാഗ്യമുണ്ടായി. ഇങ്ങനെ ഞാനും ഈ കുടുംബത്തിലെ ഒരു അംഗമാണല്ലോ എന്നും അങ്ങനെ കുടുംബത്തില്‍ നില്‍ക്കുമ്പോള്‍ സമാധാനമുണ്ടല്ലോ എന്ന തിരിച്ചറിവ് ഒട്ടുമിക്കവര്‍ക്കും ഉണ്ടായിക്കാണും. സ്നേഹത്തിന്റെ ഇഴയടുപ്പം ഉള്ള കുടുംബം ഉണ്ടാകുക എന്നതിനേക്കാള്‍ പ്രസക്തം സ്നേഹത്തിന്റെ ഇഴയടുപ്പം ഉള്ള, സുരക്ഷിതത്വം ഉറപ്പാക്കുന്ന സമൂഹം ഉണ്ടാ‌ക്കുക എന്നത് തന്നെയാണ്. അങ്ങനെ ഒരു സമൂഹ സൃഷ്ടിയെക്കാള്‍ ഏത് സമൂഹക്രമത്തിനാണ് സാധ്യമാകുക എന്നതും ലോകമിപ്പോള്‍ മനസിലാക്കുന്നുണ്ട്. അവിടെയും സുഖസൗകര്യങ്ങള്‍ വാഗ്ദാനം‍ ചെയ്യുന്ന സമൂഹമാവും എന്നതും വ്യക്തം. ലോക്ഡൗണ്‍ കാലത്തെ നല്ല ചിന്തകളെക്കുറിച്ച് ഈ പറഞ്ഞതൊക്കെയും തന്നെ ഒരു സാധാരണക്കാരന്റെ, ഇടത്തരം ജീവിതം നയിക്കുന്നവനെക്കുറിച്ചാണ്. കിടക്കാന്‍ അടച്ചുറപ്പുള്ള വീടുകളുള്ളവന്‍. കുടുംബം അത്യാവശ്യം പണച്ചിലവില്‍ സാധ്യമാകുന്ന ഈ സൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിവുള്ളവരെക്കുറിച്ച്.

ഇതൊന്നുമില്ലാത്ത പകുതിയിലേറെ ശതമാനം ജനങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. കിടക്കാന്‍ കിടപ്പാടമില്ലാത്തവര്‍. ഒരു മുറിക്കുള്ളില്‍ നാലും അഞ്ചും ആളുകള്‍ ജീവിക്കുന്നവര്‍, അന്നന്നത്തെ അധ്വാനംകൊണ്ട് ഒറ്റ നേരമെങ്കിലും ഭക്ഷണം കഴിച്ച് ജീവിതം കൊണ്ടുപോകുന്നവര്‍. അവര്‍ക്ക് ലോക്ഡൗണ്‍ കാലം ഇതൊന്നുമല്ല. അന്നന്ന് അവര്‍ കിടന്നുറങ്ങിയിരുന്ന കടത്തിണ്ണകള്‍ പോലും നിഷേധിക്കപ്പെട്ടവര്‍. ഒറ്റമുറിയില്‍ ഒതുങ്ങുന്നതിലുമേറെ ആളുകള്‍ പുറത്തിറങ്ങാനാകാതെ ശ്വാസംമുട്ടി ഞെങ്ങിഞെരുങ്ങി കഴിയേണ്ടി വന്നവര്‍. ഒരുനേരത്തെ വിശപ്പടക്കാന്‍ മറ്റുള്ളവരുടെ കനിവിനുവേണ്ടി നീര്‍മിഴികളോടെ കാത്തിരിക്കേണ്ടി വന്നവര്‍. സാമൂഹിക അകലമോ ഇന്ന് ആവശ്യപ്പെടുന്ന വൃത്തിയുള്ള സാഹചര്യങ്ങളോ നിഷേധിക്കപ്പെട്ടവര്‍. അവരെക്കൂടി ചേര്‍ത്തുവേണം നമ്മള്‍ കടന്നുപോകുന്ന ഓരോ കാലത്തേയും നിര്‍വചിക്കാന്‍. അങ്ങനെ നോക്കിയാല്‍ ഈ കാല്പനികമായ സ്നേഹത്തിന്റെ കണ്ണിചേര്‍ക്കലും കരുതലും ഒക്കെ മറന്ന് ജീവിതത്തിന്റെ ഭീകരമായ യാഥാര്‍ത്ഥ്യത്തില്‍ ഇരുള്‍ മാത്രമാണ് കാഴ്ചയില്‍പ്പെടുന്നത് എന്ന കുറ്റസമ്മതത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.