Friday
15 Nov 2019

ഇടതുപക്ഷ, മതനിരപേക്ഷ ശക്തികള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രം

By: Web Desk | Thursday 13 June 2019 7:18 PM IST


തൃശൂര്‍: ആശയ സംവാദവും വര്‍ഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവു എന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ, മതനിരപേക്ഷ ശക്തികള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നും അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചും പാഠങ്ങള്‍ ഉള്‍ക്കൊണ്ടും നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടക്കും. തൃശൂരില്‍ രണ്ടു ദിവസത്തെ ഇഎംഎസ് സ്മൃതി ദേശീയ രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ ജനങ്ങള്‍ക്കിടയില്‍ നിരന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് ഇഎംഎസ് തന്നെയാണ് ഏറ്റവും വലിയ പ്രചോദനമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര മൂല്യങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തിയത്. ഇപ്പോഴതിനു തുടര്‍ച്ചയുമുണ്ടായി. സ്വാതന്ത്ര്യം, മതേതത്വം, സമത്വം, സാഹോദര്യം, ലിംഗനീതി തുടങ്ങിയ ആശയങ്ങളെ വലതുപക്ഷ, വര്‍ഗീയ ശക്തികള്‍ ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദു ഇന്ത്യ, മുസ്ലം ഇന്ത്യ തുടങ്ങിയ പിന്തിരിപ്പന്‍ ആശയങ്ങള്‍ ഉയര്‍ന്നിരുന്നു. വിഭജനത്തോടെ പാക്കിസ്ഥാന്‍ മുസ്ലീം രാജ്യമായപ്പോള്‍ ഇന്ത്യ മതേതര രാജ്യമായത് ഇന്ത്യയുടെ ജൈവപരമായ സവിശേഷതകൊണ്ടായിരുന്നു. ഇത്രയേറെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചു നിറുത്തുന്നത് മതേതരത്വമാണ്.

ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു വില എന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അംബാനിയുടെ വോട്ടിനും തൊഴിലാളിയുടെ വോട്ടിനും ഒരേ മൂല്യമായത് അതുകൊണ്ടാണ്. എന്നാല്‍ വര്‍ഗീയ ഭരണം സാമൂഹ്യമായ നീതി നിഷേധം ശക്തമായി തുടരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച്‌ ഭരണം നിലനിറുത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. ഇതു വഴി ഭൂരിപക്ഷ മതത്തിന് ആധിപത്യവും സ്ഥാപിക്കാനായി. പഴയ ഫ്യൂഡല്‍ രീതിക്ക് മാറ്റം വന്നുവെങ്കിലും അഗോള മൂലധന ശക്തികള്‍ക്ക് കൂടുതല്‍ ഗുണകരമാകുകയാണ് ഇപ്പോഴത്തെ ശ്രമം. ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനും ശ്രമിക്കുന്നു. മനുസ്മൃതിയുടെ ആശയങ്ങളുള്ള ആര്‍എസ്‌എസ് നിയന്ത്രിക്കുന്ന ഭരണമാണ് ഇതിനു പിന്നില്‍. മതം, ജാതി തുടങ്ങിയ സ്വാധീന ശക്തികളെ പലതരത്തിലും ദുരുപയോഗം ചെയ്ത് ജനങ്ങളെ വഴിതെറ്റിക്കുന്നു. ഭരണഘടനയിലെ ശക്തവും സുദൃഢവുമായ എല്ലാ സ്ഥാപനങ്ങളെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു.

പാര്‍ലമെന്റ്,കോടതി, റിസര്‍വ് ബാങ്ക് തുടങ്ങിയവയ്ക്ക് സര്‍ക്കാരിന്റെ ഇടപെടല്‍ നിമിത്തം സ്വാതന്ത്രവും നീതിയുക്തവുമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി. ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവ ദേശീയതയായും ഭാരതീയ ദര്‍ശനത്തെ ഹിന്ദുത്വ ദര്‍ശനമായും ശാസ്ത്രബോധത്തെ അന്ധവിശ്വാസമായും വ്യാഖ്യാനിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനെ മറികടക്കാന്‍ ആശയസംവാദം ശക്തിപ്പെടുത്തുക മാത്രമേ പരിഹാരമുള്ളൂ എന്നും  അദ്ദേഹം  പറഞ്ഞു .