Web Desk

ന്യൂഡല്‍ഹി

March 12, 2021, 7:32 pm

വ്യാജ ലൈംഗിക പരാതികള്‍ ട്രെന്‍ഡ് ആയി മാറിയെന്ന് ഡല്‍ഹി ഹൈക്കോടതി

Janayugom Online

വ്യാജ ലൈംഗിക പരാതികള്‍ രാജ്യത്ത് ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി.
വ്യക്തിപരമായ ഗൂഢലക്ഷ്യങ്ങള്‍ നേടുന്നതിനായി വ്യാജവും നിസാരവുമായ ലൈംഗികാരോപണ കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഇപ്പോൾ വര്‍ധിച്ചു വരികയാണെന്ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദ് പറഞ്ഞു. കേസുകള്‍ വളച്ചൊടിക്കുന്നതിനും പരാതികള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതിനും വേണ്ടി സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒരു പ്രവണതയായി മാറിയിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിസാരമായ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ ആള്‍ക്ക് 30,000 രൂപ പിഴ വിധിച്ച് ഉത്തരവിടുന്നതിനിടയിലായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ, 354 ബി, 354 സി, 354 ഡി എന്നീ വകുപ്പുകൾ വളരെ ഗുരുതരമാണ്. കുറ്റം ചുമത്തപ്പെടുന്ന ഒരാളുടെ പ്രശസ്തിക്കു വരെ കളങ്കമുണ്ടാക്കാന്‍ ഇതിന് സാധിക്കും. ഇത്തരത്തിലുള്ള പരാതികള്‍ നല്‍കുമ്പോള്‍ അതിനെ കുറിച്ച് നന്നായി ആലോചിക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദ് പറഞ്ഞു. വസന്ത് കുഞ്ച് സ്വദേശികളായ രണ്ടു പേര്‍ പരസ്പരം കുറ്റംചുമത്തി ഫയല്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ മധ്യസ്ഥതയില്‍ പ്രശ്നം പരിഹരിച്ച ശേഷം എഫ്ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പരസ്പര ഒത്തുതീർപ്പ് അനുവദിച്ചുകൊണ്ട് കോടതി രണ്ട് ഹർജികളിൽ 30,000 രൂപ വീതം പിഴ ചുമത്തുകയായിരുന്നു. 

പൊലീസ് സേന വളരെ പരിമിതമാണെന്ന് നിരീക്ഷിച്ച കോടതി നിസാരമായ കേസുകള്‍ പോലും അന്വേഷിക്കാന്‍ അധികൃതര്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ കോടതി നടപടികളില്‍ പങ്കെടുക്കുകയും സ്റ്റാറ്റസ് റിപ്പോര്‍ട്ട് തുടങ്ങിയവ തയ്യാറാക്കുകയും വേണം. ഇത്തരം നടപടികള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അന്വേഷണം വിട്ടുവീഴ്ച ചെയ്യപ്പെടുകയും അശ്രദ്ധമൂലം പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:The Del­hi High Court has said that fake sex­u­al harass­ment com­plaints have become a trend
You may also like this video