Web Desk

ന്യൂഡല്‍ഹി

February 25, 2020, 10:59 pm

ഡല്‍ഹി സംഘർഷം വർഗീയ കലാപമായി

Janayugom Online

രാഷ്ട്രതലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ നേരിടുന്നതിന്റെ പേരില്‍ ആരംഭിച്ച അക്രമങ്ങള്‍ വര്‍ഗീയ കലാപത്തിന്റെ രൂപം കെെവരിച്ചിരിക്കുന്നു. അത് യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളല്ലെന്നും ആസൂത്രിത കലാപം തന്നെയെന്നും സംഭവപരമ്പരകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കീഴിലുള്ള ഡൽഹി പൊലീസ് പൂർണ്ണപരാജയവും തികച്ചും ഏകപക്ഷീയവുമാണെന്നാണ് സംഭവങ്ങൾ വ്യക്തമാക്കുന്നത്. അക്രമത്തിന് ആഹ്വാനം ചെയ്തവര്‍ക്കും അതിനു നേതൃത്വം നല്‍കിയവര്‍ക്കും എതിരെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം തെളിവുകളുണ്ടായിട്ടും കേസെടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല.

നിരോധനാജ്ഞ പ്രഖ്യാപിച്ച വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മേഖലകളില്‍ പൊലീസ് സാന്നിധ്യത്തില്‍ അക്രമം തുടരുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ എല്ലാം അരങ്ങേറിയതും തുടരുന്നതും പൊലീസിന്റെ സാന്നിധ്യത്തിലും അവരുടെ ഒത്താശയോടെയുമാണ്. പൗരത്വ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെയും ന്യൂനപക്ഷ സമുദായങ്ങളുടെ വ്യാപാരകേന്ദ്രങ്ങൾ, വസതികള്‍, ആരാധനാലയങ്ങള്‍ എന്നിവയേയും ലക്ഷ്യംവച്ചാണ് അക്രമങ്ങളും തീവയ്പും നടക്കുന്നത്. കലാപ മേഖലകളില്‍ കടന്നുചെല്ലുന്നതിനും വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തെത്തിക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രമികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായി. ക്യാമറ അടക്കം ഉപകരണങ്ങള്‍ തകര്‍ത്തു. ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു.

പൗരത്വ വിഷയത്തില്‍ ഷഹീന്‍ ബാഗിലടക്കം തുടര്‍ന്നുവന്നിരുന്ന പ്രതിഷേധങ്ങളുടെ പേരില്‍ വര്‍ഗീയ വിഭജനം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്ന ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് കാലത്തെ കണക്കുകൂട്ടലുകള്‍ പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും കേന്ദ്രമന്ത്രിമാരും എംപിമാരും ബിജെപി മുഖ്യമന്ത്രിമാരും സംഘപരിവാര്‍ നേതാക്കളും വര്‍ഗീയ വികാരം ആളിക്കത്തിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ഉണ്ടായി. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ആ രാഷ്ട്രീയം തിരസ്കരിച്ചു. അതിന്റെ പകപോക്കല്‍ കൂടിയായി ഇപ്പോഴത്തെ കലാപങ്ങള്‍ വിലയിരുത്തപ്പെടുന്നു.

തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച ബിജെപി നേതാവ് കപില്‍ ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് സംഘ്പരിവാര്‍ ഗുണ്ടാസംഘങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സായുധ ഗുണ്ടാസംഘങ്ങളും യുദ്ധഭൂമികളില്‍ സജീവമാണ്. അക്രമത്തെ അപലപിക്കാനോ അക്രമത്തിന് ആഹ്വാനം നല്‍കിയവര്‍ക്കും അക്രമകാരികള്‍ക്കും എതിരെ നടപടി സ്വീകരിക്കാനോ മോഡിയും അമിത്ഷായും അടക്കം സര്‍ക്കാര്‍, ബിജെപി നേതാ‌ക്കള്‍ തയാറായിട്ടില്ല.

അക്രമത്തെ തുടര്‍ന്നു പ്രഖ്യാപിച്ച ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന നിരോധനാജ്ഞയുടെ മറവില്‍ സമാധാനപരമായി നടന്നുവരുന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധസമരങ്ങള്‍ ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കാനാണ് നീക്കം. ആ സമരങ്ങള്‍ തുടരുന്നിടത്തോളം അക്രമങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ജനസംഖ്യ രജിസ്റ്റര്‍, പൗരത്വ രജിസ്റ്റര്‍ എന്നിവയുടെ ലക്ഷ്യം ഒറ്റയടിക്ക് കെെവരിക്കലാണ് കലാപ ലക്ഷ്യം. പ്രതിഷേധം തകര്‍ക്കുന്നതോടൊപ്പം ന്യൂനപക്ഷ വിഭാഗത്തിന്റെ തൊഴില്‍ സംരംഭങ്ങള്‍, ബിസിനസ്, ആവാസ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍‍ എന്നിവ കേന്ദ്രീകരിച്ചാണ് അക്രമം അരങ്ങേറുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും തകര്‍ന്ന് ആത്മവീര്യം കെട്ട രണ്ടാംനിര പൗരന്മാരെ നിയമം കൂടാതെ തന്നെ സൃഷ്ടിക്കാമെന്നാണ് കണക്കുകൂട്ടല്‍.

ENGLISH SUMMARY: The Del­hi riots turned into com­mu­nal riots

YOU MAY ALSO LIKE THIS VIDEO

&