കേരളപ്പിറവിദിനത്തിൽ നിയമനിർമ്മാണ സഭകളിലെ മലയാളി വനിതകളെ സാംസ്കാരിക വകുപ്പ് ആദരിച്ചു. നിയമസഭാംഗങ്ങളായ സാമാജികരെയും ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളായ മലയാളി വനിതകളെയുമാണ് സമം പദ്ധതിയുടെ ഭാഗമായി ആദരിച്ചത്. മണ്മറഞ്ഞ സാമാജികർക്കു പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പുരുഷനിയന്ത്രിതമായ ഒരു സമൂഹത്തിൽ ലിംഗ സമത്വം അത്രവേഗം സാധ്യമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീ ‑പുരുഷ സമത്വം എന്ന ആശയം സാധ്യമാകാനുള്ള ബോധവൽക്കരണം കുടുംബങ്ങളിൽ നിന്നും ആരംഭിക്കണം. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ തടയുന്നതിനും ലിംഗസമത്വത്തിനായുള്ള പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്തുന്നതിനുമായി സർക്കാർ സ്വീകരിച്ച നടപടികളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഭാർഗവി തങ്കപ്പൻ, ടി എൻ സീമ, എ സതീ ദേവി, സി എസ് സുജാത, ജെ മേഴ്സികുട്ടിയമ്മ, നബീസ ഉമ്മാൾ, മീനാക്ഷി തമ്പാൻ, ഗിരിജ സുരേന്ദ്രൻ, ആർ ലതാ ദേവി, സാവിത്രി ലക്ഷ്മണൻ, ശോഭന ജോർജ്ജ്, എലിസബത്ത് മാമൻ, മാലേത്ത് സരളാ ദേവി, ഐഷാ പോറ്റി, ജെ അരുന്ധതി, കെ കെ ലതിക, കെ എസ് സലീഖ, ഗീതാ ഗോപി, ജമീല പ്രകാശം, കെ കെ ശൈലജ , സി കെ ആശ, യു പ്രതിഭ, കെ സി റോസക്കുട്ടി, വീണാ ജോർജ്ജ്, ദലീമ ജോജോ, ജെ ചിഞ്ചുറാണി, കാനത്തിൽ ജമീല, കെ കെ രമ, ഒ എസ് അംബിക, കെ ശാന്തകുമാരി എന്നിവരെയാണ് ആദരിച്ചത്.
ആനിമസ്‌ക്രീൻ, കെ ആർ ഗൗരിയമ്മ, റോസമ്മ ചാക്കോ, പെണ്ണമ്മ ജേക്കബ്, പി ദേവൂട്ടി, കെ ആർ സരസ്വതിയമ്മ, എം കമലം, കെ ഒ അയിഷാ ബായി, ലീല ദാമോദര മേനോൻ, കുസുമം ജോസഫ്, ഒ ടി ശാരദാ കൃഷ്ണൻ, റേച്ചൽ സണ്ണി പനവേലിൽ, മേഴ്സി രവി, സുശീലാ ഗോപാലൻ, നഫീസത്ത് ബീവി തുടങ്ങിയ വനിതാ സാമാജികർക്കു ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. സ്പീക്കർ എം ബി രാജേഷ്, ഗായിക കെ എസ് ചിത്ര, മന്ത്രിമാരായ കെ രാജൻ, സജിചെറിയാൻ, കെ എൻ ബാലഗോപാൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സാംസ്‌ക്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സമം വനിതാ നാടകവേദിയുടെ നാടകവും പ്രസിദ്ധ സംഗീതജ്ഞൻ ഫെയ്സ് മുഹമ്മദിന്റെ വയലിൻ കച്ചേരിയും നൃത്തശില്പവും അരങ്ങേറി. സംസ്‌കാരിക മുന്നേറ്റത്തിലൂടെയുള്ള സ്ത്രീ സമത്വം ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് സമം സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്.
english summary;The Department of Culture honored the Malayalee women in the Legislative Assemblies
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.