Web Desk

തിരുവനന്തപുരം

December 24, 2020, 3:29 pm

ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യവകുപ്പ്

Janayugom Online

കോവിഡ് വ്യാപനം കൂടി നിൽക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളിൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവർത്തനങ്ങളിൽ വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്. ഒക്ടോബർ മാസത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബർ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000മാക്കി കുറയ്ക്കാൻ സാധിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞതുപോലെ വീണ്ടും കോവിഡ് വ്യാപനം കൂടി വരികയാണ്. രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യമാണുള്ളത്. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. മതപരമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഓണം കഴിഞ്ഞപ്പോൾ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർദ്ധനവ് നാം കണ്ടതാണ്. അത് ഇനിയും ആവർത്തിക്കാൻ പാടില്ല. ആരിൽ നിന്നും രോഗം പകരാനുള്ള അവസ്ഥയാണുള്ളത്. എല്ലാവരും മാസ്ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രവർത്തകരും ഇടപഴകിയവരും വളരെ ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പോലും നിസാരമായി കാണരുത്. അവർ ഇ‑സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തി തങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണം. പൊതുയിടങ്ങളിലെ ആഘോഷ പരിപാടികൾ കഴിവതും ഒഴിവാക്കണം. പൊതുസ്ഥലങ്ങളിൽ 3 ലെയറുകളുള്ള കോട്ടൺ മാസ്കോ എൻ-95 മാസ്കോ ഉപയോഗിക്കണം. കടകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും സന്ദർശിക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനും കൈകൾ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം.പ്രത്യേകിച്ച് പൊതുയിടങ്ങളിൽ സ്പർശിച്ചതിനുശേഷം കൈകൾ അണു വിമുക്തമാക്കാതെ മുഖത്ത് സ്പർശിക്കുവാൻ പാടില്ല. മാസ്ക് താഴ്ത്തിവച്ചിട്ട് സംസാരിക്കുന്നത് ഒഴിവാക്കണം. മാസ്ക് ധരിച്ച് അതിനുശേഷം അതിന്റെ പുറത്ത് സ്പർശിക്കാനോ, താടിയിലേയ്ക്ക് താഴ്ത്തുവാനോ പാടുള്ളതല്ല.

ക്രിസ്തുമസ് പുതുവത്സര വേളകളിൽ വീടുകളിൽ സന്ദർശകരെ പരമാവധി കുറയ്ക്കേണ്ടതാണ്. ഹൃദ്രോഗം വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവരും വയസായവരും വീടുകളിൽ കഴിയുകയാണെങ്കിലും സന്ദർശകർ വരുമ്പോൾ കൃത്യമായി മാസ്ക് ധരിക്കേണ്ടതാണ്. അവരുമായോ കുട്ടികളുമായോ അടുത്തിടപഴകരുത്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ 7 ദിവസത്തിൽ കൂടുതൽ കേരളത്തിൽ താമസിക്കുന്നുണ്ടെങ്കിൽ കോവിഡ് ടെസ്റ്റിന് വിധേയമാകേണ്ടതാണ്. പനി, ചുമ തൊണ്ടവേദന തുടങ്ങി കോവിഡിനു സമാനമായ രോഗ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കേണ്ടതാണ്.

Eng­lish summary;The Depart­ment of Health says Christ­mas and New Year should be cel­e­brat­ed with great care

You may also like this video;