തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ 45 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കണമെന്ന നിര്‍ദേശം വിവാദമായതോടെ വിചിത്ര വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍മാരുടെ സുരക്ഷയ്ക്കും സ്വകാര്യത നിലനിര്‍ത്താനുമാണ് നടപടിയെന്നാണ് വിശദീകരണം. വോട്ടുചെയ്തവരെയും ചെയ്യാത്തവരെയും തിരിച്ചറിയാനാകുമെന്നാണ് മറ്റൊരു ന്യായം. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതെതന്നെ ഈ കണക്കുകള്‍ ലഭ്യമാണെന്നിരിക്കെയാണ് വിചിത്രവാദം. വോട്ടര്‍മാരെ സമ്മര്‍ദത്തിലാക്കാനും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാമൂഹികവിരുദ്ധശക്തികള്‍ക്ക് കഴിയുമെന്നാണ് പരിഹാസ്യമായ കണ്ടെത്തല്‍. പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് ഒരു ബൂത്തില്‍ വളരെയേറെ വോട്ട് കുറഞ്ഞാല്‍ സിസിടിവി ദൃശ്യങ്ങളിലൂടെ ആ ബൂത്തില്‍ ആരൊക്കെ വോട്ട് ചെയ്തു, ചെയ്തില്ല എന്നറിയാന്‍ പറ്റുമെന്നും ഇത് മനസിലാക്കി പിന്നീട് വോട്ടര്‍മാരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും കഴിയുമെന്നാണ് ന്യായീകരണം.
ദൃശ്യങ്ങള്‍ ശേഖരിക്കുന്നത് നിയമപ്രകാരം നിര്‍ബന്ധമാക്കിയിട്ടില്ല. നടപടികള്‍ സുഗമമാക്കാന്‍ വേണ്ടിയുള്ള ഒരു ആഭ്യന്തരസംവിധാനം മാത്രമാണ് ദൃശ്യശേഖരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. ദൃശ്യങ്ങള്‍ പുറത്തുനല്‍കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നതും കോടതി വിധികള്‍ക്കെതിരുമാണെന്നും പറയുന്നുണ്ട്. പോളിങ് ഏജന്റുമാരുടെ കയ്യില്‍ കൃത്യമായി വോട്ടര്‍ പട്ടികയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്നെ, ഒരു ബൂത്തില്‍ ഒരു കുടുംബത്തില്‍ നിന്ന് ആരൊക്കെ വോട്ട് ചെയ്തു, ചെയ്തില്ല എന്ന് അറിയാനാകും. വോട്ടു ചെയ്യാത്തവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ആണെങ്കില്‍ അതിലൂടെ തന്നെ സാധിക്കുമെന്നും എന്തിനാണ് സിസിടിവി ദൃശ്യങ്ങളെന്നും തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടികയും തെരഞ്ഞെടുപ്പ് വിവരങ്ങളും ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസത്തിനകം കോടതിയില്‍ ചോദ്യംചെയ്യപ്പെടുന്നില്ലെങ്കില്‍ ദൃശ്യങ്ങളും മറ്റും നശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. ഇത് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് രാഹുല്‍ ഗാന്ധി ആരോപണം ഉയര്‍ത്തി. ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരായവര്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്ന് എക്സ് കുറിപ്പില്‍ പറഞ്ഞു. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട തെരഞ്ഞെടുപ്പ്, ജനാധിപത്യത്തിലെ കൊടുംവിഷമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.