ഷോണി റോയിയുടെ തിരോധാനം:തിരിച്ചെത്തുമെന്ന വിശ്വാസത്തില്‍ ഒരു കുടുബം 7 വര്‍ഷമായി കാത്തിരിക്കുന്നു

കെ കെ ജയേഷ്

കോഴിക്കോട്

Posted on May 17, 2020, 4:41 pm

മനസ്സു നിറയെ സിനിമാ സ്വപ്നങ്ങളുമായി ജീവിച്ച ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശിയായ പടിക്കൽ വീട്ടിൽ ഷോണി റോയിയെ കാണാതായിട്ട് ഏഴു വർഷം. കോവിഡ് കാലത്ത് ചാനലുകൾ പുനസംപ്രേഷണം ചെയ്ത പഴയ കോമഡി പരിപാടികളാണ് മിമിക്രി കലാകാരനും ആൽബം ഡയരക്ടറും സംഘാടകനുമായ ഷോണി റോയി എവിടെ എന്ന ചർച്ച വീണ്ടും ഉയർത്തിയത്. 2013 ഡിസംബറിൽ കോഴിക്കോട് പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഷോണി പിന്നീട് തിരിച്ചുവന്നില്ല. ഇദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണവും എവിടെയുമെത്തിയില്ല. ഭിന്നശേഷിക്കാരനായ പത്തുവയസ്സുകാരൻ മകൻ ആൽവിൻ റോയിയെയും എട്ടുവയസ്സുകാരി വൈഗാലക്ഷ്മിയെയും രോഗികളായ മാതാപിതാക്കളെയും ചേർത്തുപിടിച്ച് ഭർത്താവിനെ കാത്തിരിക്കുകയാണ് ഭാര്യ ശ്രീലത.

എന്നും സിനിമാ സ്വപ്നങ്ങളുമായിട്ടായിരുന്നു ഷോണിയുടെ സഞ്ചാരം. ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ദേവരാജൻ, മഹേഷ് ടീം ചരിത്രം സൃഷ്ടിച്ച കാലിക്കറ്റ് വി ഫോർ യു ടീമിൽ ആദ്യകാലത്ത് ഷോണിയും സജീവമായി ഉണ്ടായിരുന്നു. കോഴിക്കോടിന്റെ ഹൃദയതാളം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇമ്മണി ബല്യ കോഴിക്കോട് എന്ന ആൽബം സംവിധാനം ചെയ്തതും ഷോണി റോയിയായിരുന്നു. ഡോ. മനു മഞ്ജിത്തായിരുന്നു ഗാനരചന. ചലച്ചിത്ര നടൻ സുധീഷ് ആയിരുന്നു ഇതിൽ അഭിനയിച്ചത്.

കാണാതാവുമ്പോൾ 32 വയസ്സ് പ്രായമുണ്ടായിരുന്ന ഷോണി കോഴിക്കോട്ടെ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിലേക്കാണ് പോയത്. വേഗം തിരിച്ചുവരാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് പോയ ഷോണി റോയിയെപ്പറ്റി പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. കോവിഡ് കാലത്ത് ചാനലുകൾ പഴയ പരിപാടികൾ സംപ്രേഷണം ചെയ്തപ്പോൾ ഷോണിയുടെ പഴയ പരിപാടികളുമുണ്ടായിരുന്നു. ഇത് കണ്ട നാട്ടുകാരിൽ ചിലർ പുതിയ പരിപാടിയാണെന്ന് കരുതി സുഹൃത്തും നടനുമായ നിർമ്മൽ പാലാഴിയുമായി ബന്ധപ്പെട്ടു. തുടർന്ന് പഴയ സുഹൃത്തിന്റെ തിരോധാനത്തെക്കുറിച്ച് വിവരിച്ച് മിമിക്രി കലാകാരൻ ദേവരാജന്റെ എഫ് ബി പോസ്റ്റാണ് ആളുകൾ പലരും മറന്നു തുടങ്ങിയിരുന്ന ഷോണിയുടെ തിരോധാനം വീണ്ടും ചർച്ചയാക്കിയത്.

“ചാനലിൽ കോമഡി ഫെസ്റ്റിവൽ പരിപാടി ചെയ്യുമ്പോൾ കല്ല്യാണ സൊറ, പ്രവാസ ലോകം തുടങ്ങിയ സ്കിറ്റുകളിൽ ഞങ്ങളെ സഹായിക്കാൻ ഷോണി ഉണ്ടായിരുന്നു. ലോക് ഡൗണായതിനാൽ പഴയ സ്കിറ്റുകൾ ഇപ്പോൾ ചാനൽ റീ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. അതിൽ കക്ഷിയെ കണ്ടിട്ടാണ് ആ നാട്ടിലുള്ളവർ എന്നെയും നിർമ്മലിനെയും വിളിക്കുന്നതും ആളെപ്പറ്റി വല്ല വിവരവുമുണ്ടോ എന്ന് ചോദിക്കുന്നതും’ — എഫ് ബി പോസ്റ്റിൽ ദേവരാജൻ കുറിച്ചു. ഷോണിയുടെ വീട്ടിൽ പോയ ദേവരാജൻ വീടിന്റെ ദയനീയാവസ്ഥ വിവരിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഏറെ ദയനീയമാണ് ഷോണിയുടെ വീട്ടിലെ അവസ്ഥ. ഭിന്നശേഷിക്കാരനായ മകന് സംസാരശേഷിയില്ല. നടക്കാനും കഴിയില്ല. എവിടേക്കും അവനെ അമ്മ എടുത്തുകൊണ്ടു തന്നെ പോകണം. മകൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മകനെ നോക്കേണ്ടതുകൊണ്ട് ജോലിക്കൊന്നും പോകാൻ കഴിയില്ല. സാമ്പത്തിക പ്രയാസം കാരണം മകനെ ഡോക്ടറെ കാണിക്കാൻ പോലും കഴിയുന്നില്ലെന്നും ഭാര്യ ശ്രീലത വേദനയോടെ പറയുന്നു.

എഴുപതിനടുത്ത് പ്രായമുണ്ട് ഷോണിയുടെ അച്ഛനും അമ്മയ്ക്കും. അമ്മയ്ക്ക് കാഴ്ച ശക്തി കുറഞ്ഞുവരുന്നു. പ്രായമായ അച്ഛൻ ജോലിയ്ക്ക് പോയാണ് വീട്ടുചെലവ് നടത്തുന്നത്. പലപ്പോഴും നാട്ടുകാരുടെ സഹായം കൊണ്ടാണ് നിത്യ ചെലവ് പോലും കഴിഞ്ഞു പോകുന്നത്. വീട് നിർമ്മാണത്തിനായി മൂന്നു ലക്ഷം രൂപ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നു. ഇത് തിരിച്ചടവ് മുടങ്ങിയിട്ട് വർഷങ്ങളായി. ജപ്തി ഭീഷണിയും നിലനിൽക്കുന്നു. വീടുകൂടി നഷ്ടപ്പെട്ടാൽ എന്തുചെയ്യുമെന്നാണ് കുടുംബത്തിന്റെ ദയനീയമായ ചോദ്യം.

വിവരമറിഞ്ഞ് പലരും സഹായ വാഗ്ദാനങ്ങളുമായി എത്തിയിട്ടുണ്ട്. മകന് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ബാങ്ക് ലോണിന്റെ കാര്യത്തിലും ഇടപെടൽ നടത്താമെന്നാണ് പലരുടെയും വാഗ്ദാനം. വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും ഷോണി തിരിച്ചെത്തുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് ഭാര്യ ശ്രീലത. ബാലുശ്ശേരി പൊലീസ് അന്വേഷണം എവിടെയുമെത്താത്തിനാൽ തിരോധാനത്തെക്കുറിച്ച് നല്ല രീതിയിലുള്ള അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി ജി പിയെയും സമീപിക്കാൻ ഒരുങ്ങുകയാണ് ഷോണിയുടെ കുടുംബം.

Eng­lish Sum­ma­ry: The dis­ap­pear­ance of Shawnee Roy

you may also like this video: