29 March 2024, Friday

Related news

December 31, 2023
September 9, 2023
February 8, 2023
December 8, 2022
October 11, 2022
September 26, 2022
July 30, 2022
June 29, 2022
June 12, 2022
May 23, 2022

ആഭ്യന്തര ഉല്പാദന മേഖല മാന്ദ്യത്തിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
December 8, 2022 11:32 pm

രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന മേഖല മാന്ദ്യം നേരിടുന്നു. ത്രെെമാസ കണക്കുകള്‍ പ്രകാരം 2022–23 സെപ്റ്റംബര്‍ പാദത്തില്‍ ഉല്പാദന, ഖനന മേഖലയിലെ വളര്‍ച്ച യഥാക്രമം 4.3, 2.8 ശതമാനമായി ചുരുങ്ങി.
ഇരു മേഖലകളും പ്രതീക്ഷിച്ച വളര്‍ച്ച കെെവരിക്കാത്തതോടെ ജൂലൈ-സെപ്റ്റംബർ പാദത്തിലെ ജിഡിപി വളർച്ച 2021 ലെ 8.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായും മുൻ പാദത്തിൽ 13.5 ശതമാനമായും ഇടിഞ്ഞു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ മുതൽ സെപ്റ്റംബര്‍ വരെ) ഇന്ത്യയുടെ ഉല്പാദന മേഖല 0.1 ശതമാനം വളർച്ച മാത്രമാണ് കൈവരിച്ചത്. 2018 ഏപ്രിൽ‑സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിലെ ഫാക്ടറികൾ കൂട്ടിച്ചേർത്ത മൂല്യവും 2021 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളും താരതമ്യം ചെയ്താല്‍, ശരാശരി വാർഷിക വളർച്ച വെറും 1.3 ശതമാനം മാത്രമാണ്.
ഉല്പാദന മേഖലയിലേക്കുള്ള ആഭ്യന്തര സ്വകാര്യ നിക്ഷേപം വര്‍ധിക്കാതിരുന്നതാണ് മേഖലയ്ക്ക് തിരിച്ചടിയായത്. ഇടത്തരം സംരംഭങ്ങളിലെ കുറഞ്ഞ വളര്‍ച്ചയും സംഘടിത മേഖലയുടെ ലാഭത്തിലെ ഇടിവും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണയുടെയും വാതകത്തിന്റെയും ഉല്പാദനത്തിലുണ്ടായ ഇടിവ് ഖനന മേഖലയെയും ബാധിച്ചു. 

ഉല്പാദന മേഖലയിലെ സ്വകാര്യ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ച തോതില്‍ ഉയരുന്നില്ല. നരേന്ദ്ര മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി, ഉല്പാദന മേഖലയിലെ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നെങ്കിലും ഭൂരിഭാഗം മേഖലകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ തൃപ്തികരമല്ല. ദീര്‍ഘകാല സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. മേക്ക് ഇന്‍ ഇന്ത്യയുടെ പ്രതീക്ഷകളും തകരുകയാണ്. നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന സാഹചര്യത്തില്‍ ആഭ്യന്തര വ്യവസായത്തിൽ നിന്ന് എന്ത്, എത്രമാത്രം ഉല്പാദിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ഉല്പാദന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിൻവലിഞ്ഞതോടെ, ലാഭകരമെന്ന് തോന്നുന്നവയിലേക്ക് നിക്ഷേപങ്ങൾ ഒഴുകി.
കോർപറേറ്റുകൾ മൂലധന വിപണികളിൽ നിന്ന് ഫണ്ട് സമാഹരിച്ചും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കടമെടുത്തും നിക്ഷേപം നടത്തി. എന്നാല്‍ രാജ്യത്തെ 90 ശതമാനം ജനങ്ങളുടെയും തൊഴിൽ വർധനയിലോ വാങ്ങൽ ശേഷിയിലോ ഇത് കാര്യമായ പുരോഗതി ഉണ്ടാക്കിയില്ല. രാജ്യത്തെ പൊതു മേഖലാ ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ കിട്ടാക്കടങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ ഈ പ്രവണത കാരണമായി. 

Eng­lish Sum­ma­ry: The domes­tic man­u­fac­tur­ing sec­tor is in recession

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.