Friday
13 Dec 2019

കാവിവല്‍ക്കരണത്തിനും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുമുള്ള തന്ത്രങ്ങള്‍

By: Web Desk | Saturday 1 June 2019 10:47 PM IST


ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനും അതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുമുള്ള തന്ത്രങ്ങള്‍ക്ക് ആക്കം കൂട്ടി മോഡി സര്‍ക്കാര്‍. ഇതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ദിവസം ദേശീയ വിദ്യാഭ്യാസ നയം പുറത്തിറക്കിയത്. ശാസ്ത്രത്തേയും യുക്തിബോധത്തേയും വിവിധ പ്രസാതവനകളിലൂടെ അവേഹേളിച്ച സംഘപരിവാര്‍ നേതാവായ രമേഷ് പൊഖ്രിയാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല മോഡി നല്‍കിയത്.

പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംഘപരിവാര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അപ്പടി നടപ്പാക്കാന്‍ കഴിഞ്ഞ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ തയ്യാറായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കുറി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്ത് നേരിട്ട് ഇടപെട്ടാണ് പൊഖ്രിയാനെ വകുപ്പ് ഏല്‍പ്പിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കാവിവല്‍ക്കരണം വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് മാത്രമല്ല അന്ധവിശ്വാസം നിറഞ്ഞ, യുക്തിബോധമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നതെന്ന ആശങ്കയാണ് വിദ്യാഭ്യാസ വിചക്ഷണര്‍ മുന്നോട്ടുവയ്ക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാക്കുക, സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഏകീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസ നയത്തിന്റെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപരിപ്ലവമായി ഈ നിര്‍ദ്ദേശം സ്വീകാര്യമാണെന്ന് തോന്നുമെങ്കിലും വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തിലെ പിന്നാക്കംപോക്കായിരിക്കും ഇത് സൃഷ്ടിക്കുന്നത്. ശാസ്ത്ര വിഷയങ്ങളുടെ മാതൃഭാഷാവല്‍ക്കരണം ആശയ വിനിമയത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് മാത്രമല്ല അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടും.

നിലവില്‍ മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കുകയാണ് മറ്റൊരു ശുപാര്‍ശ. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ ദേശാന്തര തലത്തില്‍പ്പോലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 2025 ആകുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് പത്ത് ശതമാനത്തിലധികമാകുമെന്നും അത് സാമ്പത്തിക സാമൂഹ്യ അസമത്വം സൃഷ്ടിക്കുമെന്ന് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പൂവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊഴില്‍തേടുന്നവരില്‍ 67.3 ശതമാനവും 18നും 24നുമിടയില്‍ പ്രായമുള്ള യുവാക്കളായിരുക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇത് മറച്ചുവയ്ക്കാനും തൊഴിലില്ലായ്മയുടെ രൂക്ഷത ഒളിക്കാനുള്ള മോഡിയുടെ തന്ത്രമാണ് ബിരുദ കോഴ്‌സ് നാല് വര്‍ഷമാക്കി ദീര്‍ഘിപ്പാക്കാനുമുള്ള തീരുമാനം.വിദ്യാഭ്യാസ അവകാശ നിയമം 12-ാംക്ലാസ് വരെ നീട്ടാനാണ് മറ്റൊരു ശുപാര്‍ശ. പരീക്ഷാ സമ്പദ്രായത്തിലും അനാരോഗ്യകരമായ ശുപാര്‍ശകളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. വിദ്യാര്‍ഥിക്ക് ഇഷ്ടമുള്ള സമയത്ത് പരീക്ഷ എഴുതിയാല്‍ മതിയെന്ന നിര്‍ദ്ദേശം അക്കാദമിക അച്ചടക്കത്തേയും വിദ്യാര്‍ഥികളുടെ അക്കാമിക നിലവാരം സംബന്ധിച്ച തുടര്‍ മൂല്യനിര്‍ണയത്തേയും പ്രതികൂലമായി ബാധിക്കും.

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഏകീകരിക്കുമെന്ന് പറയുമ്പോഴും ഇതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. യുക്തമായ വര്‍ധന വരുത്താന്‍ മാനേജുമെന്റിന് അനുവാദമുണ്ടെന്നാണ് മറ്റൊരു ശുപാര്‍ശ. എന്നാല്‍ ഫീസ് വര്‍ധനയിലുള്ള അപാകതകള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കെന്ന കാര്യത്തിലും വ്യക്തതയില്ല. ഫീസ് ഏകീകരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണ് ഗ്രാമ – നഗര വ്യത്യാസങ്ങള്‍. പുതിയ ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയും ഡല്‍ഹി നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയും ഒരേ ഫീസ് നല്‍കേണ്ടിവരും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും സഷ്ടിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് തീവ്രമായ കാവിവല്‍ക്കരണം ലക്ഷ്യമിടുന്നത്. പുരാതന സര്‍വകലാശാലകളായ നളന്ദ, തക്ഷശിലാ മാതൃകയില്‍ വിദ്യാഭ്യാസ രീതികളെ മാറ്റുമെന്നാണ് റിപ്പോര്‍ട്ട് അടിവരിയിടുന്നത്. രാഷ്ട്രതന്ത്രജ്ഞനായ ചാണക്യന്‍, ഗണിതശാസ്ത്രജ്ഞനായ ആര്യഭടന്‍, സംസ്‌കൃത പണ്ഡിതനായ പാണിനി എന്നിവരെയൊക്കെ ഉദാഹരിച്ചാണ് സര്‍വകലാശാല വിദ്യാഭ്യാസത്തെ മാറ്റിമറിക്കാനുള്ള പുതിയ നയം. കൂടാതെ സംസ്‌കൃതം, യോഗ തുടങ്ങിയ വിഷയങ്ങള്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട പരോക്ഷ പര്‍മര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതിയുടെ രൂപീകരണത്തിനായി സമിതിയെ രൂപീകരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ സര്‍ക്കാര്‍ അംഗങ്ങളുടെ എണ്ണം സംബന്ധിച്ച പരാമര്‍ശമുണ്ട്. എന്നാല്‍ അക്കാദമിക വിദഗ്ധരെ ഉള്‍പ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളില്ല.

ഇപ്പോഴത്തെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം കാവിവല്‍ക്കരിക്കപ്പെടുമെന്ന് മാത്രമല്ല, പാഠഭാഗങ്ങളും വിഷയങ്ങളും കാവിധാരികള്‍ നിര്‍ണയിക്കുമെന്നുറപ്പ്. ദേശാന്തര തലത്തില്‍ തൊഴില്‍ , വൈദ്യശാസ്ത്രം, സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള മേഖലകള്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് അന്യമാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.

Related News