ഇംപീച്ച്‌മെന്‍റ് പ്രമേയത്തെ തുടര്‍ന്നുള്ള നാടകങ്ങള്‍

Web Desk
Posted on April 28, 2018, 9:21 pm

സുപ്രിംകോടതി ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പ്രമേയം നിരസിച്ച ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവിന്റെ നടപടി തികച്ചും പരിതാപകരമാണ്. ചട്ടങ്ങള്‍ അനുശാസിക്കുന്നത്രയും അംഗങ്ങള്‍ ഒപ്പിട്ടാണ് പ്രമേയം നല്‍കിയത്. പ്രമേയം നിരാകരിക്കുന്നതുമായി ബന്ധപ്പെട്ട് വെങ്കയ്യ നായിഡു മുന്നോട്ടുവയ്ക്കുന്ന വാദഗതികള്‍ അദ്ദേഹം ഭരണഘടനാ പദവി വഹിക്കുന്നുവെന്ന ബോധ്യത്തോടെയല്ല ഇപ്പോഴും ഒരു ബിജെപി നേതാവായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ബോധ്യപ്പെടുത്തുന്നത്.

നിരസിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഇംപീച്ച്‌മെന്റ് പ്രമേയം ഉപരാഷ്ട്രപതിക്ക് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി നിയമവിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുവെന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത്. ഒരു മാസം മുമ്പ് അദ്ദേഹം എങ്ങനെയാണ് പ്രമേയത്തിന്റെ ഉള്ളടക്കം അറിഞ്ഞത്. ചീഫ് ജസ്റ്റിസിനെതിരെയുള്ള പ്രമേയം തള്ളുമ്പോള്‍ ജുഡീഷ്യല്‍ അധികാരത്തോടുകൂടിയാണ് അത് ചെയ്തത്. കൂടാതെ ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിന്മേല്‍ വ്യക്തമായ അന്വേഷണം നടത്താതെയുമായിരുന്നു ഈ നടപടി. ആരോപണങ്ങള്‍ തെറ്റാണെന്ന് വസ്തുനിഷ്ഠമായി പറയാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നടപടി വെറും പ്രഹസനമാണ്.

ഇംപീച്ച്‌മെന്റ് പ്രമേയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് ബിജെപി അനുയായികള്‍ വെങ്കയ്യ നായിഡുവിനെ പ്രതിരോധിക്കുന്നത്. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ആരോപണമാണ് പ്രമേയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത. ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഹൈക്കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസായ ദീപക് മിശ്ര ഈ കേസില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ സംഭവം സംബന്ധിച്ച് സമഗ്രമായ അനേ്വഷണം ആവശ്യമാണ്. കൂടാതെ കേസുകള്‍ വീതിച്ചു നല്‍കുന്നതുമായി സംബന്ധിച്ചും ദീപക് മിശ്രയ്‌ക്കെതിരെ ആരോപണങ്ങള്‍ നിലവിലുണ്ട്. സുപ്രിംകോടതിയിലെ തന്നെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇക്കാര്യം ജനുവരിയില്‍ പരസ്യമായി പറഞ്ഞിരുന്നു. ഈ ജഡ്ജിമാരുടെ പരാതിയിന്മേല്‍ തൃപ്തികരമായ ഉത്തരം ഇനിയും ഉണ്ടായിട്ടില്ല.
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കാര്യത്തിലും ആശയക്കുഴപ്പമുണ്ടാക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ഈ കേസും സുപ്രിംകോടതിയില്‍ ഉന്നയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അനേ്വഷണം വേണമെന്ന ആവശ്യത്തെ ചീഫ് ജസ്റ്റിസ് നിരസിച്ചു. ലോയയുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന നാല് ജഡ്ജിമാര്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അനേ്വഷണം ആവശ്യപ്പെട്ടത്. ഈ കേസില്‍ അനേ്വഷണം ആവശ്യമില്ലെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടില്‍ അസംതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് ലോയയുടെ ബന്ധുക്കളും രംഗത്തെത്തി. ലോയയുടെ മരണത്തില്‍ അസാധാരണമായി ഒന്നുമില്ലെങ്കില്‍ സംഘപരിവാറും മോഡി സര്‍ക്കാരും എന്തിനാണ് സ്വതന്ത്രമായ അനേ്വഷണത്തെ ഭയപ്പെടുന്നത്. ഈ ശക്തികള്‍ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസും ഇതുപോലെ സംശയാസ്പദമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഒരു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സംസ്ഥാനത്ത് എത്തുന്നതിനുപോലും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇപ്പോഴത്തെ സര്‍ക്കാരിന്റെ നെറികെട്ട നിലപാടുകളാണ് ഈ രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നത്. നിലവിലുള്ള ജുഡീഷ്യല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് മാത്രമല്ല, ഭരണഘടനയെ ഇല്ലാതാക്കുന്ന അപകടകരമായ നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടനയേയും ജനാധിപത്യ സംവിധാനങ്ങളേയും താറുമാറാക്കുന്ന സമീപനങ്ങള്‍. ഫാസിസത്തിന്റെ ഭീഷണികള്‍ കേവലം സൈദ്ധാന്തികമല്ല മറിച്ച് ഗോചരമാകുന്ന അവസ്ഥയിലേയ്ക്ക് മാറി.

രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനത്തെ തകിടംമറിക്കുന്നതിനൊപ്പം സംഘപരിവാറും അനുകൂല സംഘടനകളും രാജ്യത്ത് ജാതി വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ദളിതരും ന്യൂനപക്ഷങ്ങളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. ആദിവാസികളും പാവപ്പെട്ട ഗ്രാമീണരും ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുവെന്നതിന്റെ തെളിവാണ് മഹാരാഷ്ട്രയിലെ ഗച്ചരോളിയിലെ സംഭവം വ്യക്തമാക്കുന്നത്. ഭീതിജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

കോര്‍പ്പറേറ്റുകളുടെയും സാമ്പത്തിക കുത്തകകളുടെയും സഹായത്തോടെ അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും അവിശ്വസനീയമായ വിധത്തില്‍ ചെയ്തുകൊടുക്കുന്നു. സമ്പദ്‌വ്യവസ്ഥയെത്തന്നെ അവരുടെ കൈളിലെത്തിക്കാനുള്ള നടപടികളാണ് ഇപ്പോഴുള്ളത്. ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിനുമുമ്പ് ഈ സാമ്പത്തിക തകര്‍ച്ച പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ബാങ്കുകളെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും ഇല്ലാതാക്കുന്ന സമീപനങ്ങള്‍. ബാങ്കിങ് മേഖല ആകെപ്പാടെ തകിടംമറിഞ്ഞ അവസ്ഥയിലാണ് ഇത് ജനങ്ങളെ കൂടുതല്‍ നിരാശരാക്കുന്നു. ഇന്ധനവില പ്രതിദിനം വര്‍ധിക്കുന്നു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല. ഇത് സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഃസഹമാക്കി. തൊഴിലില്ലായ്മ കൂടുന്നു. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ എന്നീ സേവന മേഖലകളൊക്കെ തകര്‍ന്ന അവസ്ഥയിലും. ഇതെല്ലാം തന്നെ പാവപ്പെട്ടവരുടെ ദുരിതങ്ങളുടെ ആധിക്യം വര്‍ധിപ്പിക്കുന്നു. ഇതിനെല്ലാമെതിരെ രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ തെരുവിലിറങ്ങുകയാണ്. ഈ പോരാട്ടങ്ങളെയെല്ലാം ഏകോപ്പിക്കുക എന്നതാണ് സുപ്രധാനമായ കാര്യം.

സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നാണ് അവസാനിക്കുന്നത്. മറ്റ് രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി. അവിടെയും ഇവിടെയും ചില ചെറിയ വ്യത്യാസങ്ങളുണ്ടെന്നല്ലാതെ രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും രാജ്യം നേരിടുന്ന ഭീഷണി മനസിലാക്കി. ഫാസിസത്തിന്റെ ഭീഷണിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണം. രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഐക്യത്തോടെ ജനകീയ പോരാട്ടങ്ങള്‍ നയിക്കേണ്ട സമയമാണിത്. ഭരണഘടനയെ രക്ഷിക്കുക, നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ മാറ്റിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയായിരിക്കണം പോരാട്ടങ്ങള്‍ നയിക്കേണ്ടത്.