ഡോളര്‍ വായ്പയെന്ന പാഴ്‌സ്വപ്‌നം

Web Desk
Posted on July 16, 2019, 10:30 pm

വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഡോളര്‍ വായ്പകള്‍ വാങ്ങാനുള്ള മോഡി സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശം സാമ്പത്തിക വിദഗ്ധരുടെ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്നു. ധനകമ്മി നികത്താന്‍ സോവറിന്‍ ബോണ്ട് വഴി ഡോളര്‍ വായ്പകള്‍ വാങ്ങിക്കൂട്ടാനാണ് ബജറ്റ് നിര്‍ദേശം. ബോണ്ട് വില്‍പനയിലൂടെ ഡോളര്‍ വായ്പകള്‍ സമാഹരിക്കുക വഴി സര്‍ക്കാരിന്റെ വായ്പാ അടിത്തറ വിപുലമാക്കാനാവും എന്നാണ് കണക്കുകൂട്ടല്‍. അതുവഴി സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ആഭ്യന്തര വായ്പാ വിപണി പ്രയോജനപ്പെടുത്താനാവുമെന്നും മോഡി സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ കമ്പനികളും നാളിതുവരെ വായ്പയ്ക്കായി ആശ്രയിച്ചിരുന്നത് ആഭ്യന്തര വിപണിയെയാണ്. അത് സ്വകാര്യ കമ്പനികളുടെ വായ്പാ ഇടം പരിമിതപ്പെടുത്തുന്നുവെന്ന കണ്ടെത്തലാണ് സോവറിന്‍ ബോണ്ടുകള്‍ വഴി ധനസമാഹരണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. താരതമ്യേന ദുര്‍ബലമായ ആഗോള സാമ്പത്തിക അന്തരീക്ഷം രാജ്യത്തെ കടുത്ത സാമ്പത്തിക സമര്‍ദത്തിലാക്കുമെന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനടക്കം സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് . ആഭ്യന്തര കടപ്പത്രങ്ങളില്‍ സാധാരണ നിക്ഷേപം നടത്തുന്നത് രാജ്യത്തെ കുടുംബങ്ങളുടെ സമ്പാദ്യങ്ങളില്‍ നിന്നാണ്. ആ സമ്പാദ്യം മുന്‍കാലങ്ങളില്‍ മൊത്തം ജിഡിപിയുടെ എട്ടു ശതമാനത്തോളം ആയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് കുടുംബ സമ്പാദ്യത്തില്‍ ഗണ്യമായ ഇടിവ് തട്ടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ അത്തരം സാമ്പാദ്യം ഏതാണ്ട് പകുതിയായികുറഞ്ഞ് നാലു ശതമാനത്തില്‍ എത്തി നില്‍കുന്നു. അത് ഏതാണ്ട് ഏഴുലക്ഷം കോടി രൂപയാണ്. നോട്ടു നിരോധനത്തിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച മോഡി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ അസ്ഥാനത്താണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര കുടുംബ സമ്പാദ്യത്തിലുണ്ടായ കുറവ് നികത്തി സര്‍ക്കാരിന്റെ ധനസമാഹരണം സുഗമമാക്കുകയാണ് സോവറിന്‍ ബോണ്ടിന്റെ ലക്ഷ്യം. യുഎസ്-ചൈന വ്യാപാര യുദ്ധവും പാശ്ചാത്യ മുതലാളിത്ത സമ്പദ്ഘടനകളിലെ മാന്ദ്യവും പ്രതിസന്ധിയും ആഗോള സാമ്പത്തിക രംഗത്ത് കടുത്ത പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഡോളര്‍ വായ്പയുടെ പലിശ നല്‍കലും തിരിച്ചടവും ഇന്ത്യയെ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കും. കള്ളപ്പണം തിരിച്ചുപിടിക്കുന്നതടക്കം നോട്ടുനിരോധനത്തിന്റെ പ്രമുഖ ലക്ഷ്യങ്ങളൊന്നും കൈവരിക്കാന്‍ മോഡി സര്‍ക്കാരിനായിട്ടില്ല. നോട്ടുനിരോധനം വഴി ബാങ്കുകളില്‍ തിരിച്ചെത്തിയ 15 ലക്ഷത്തില്‍ പരം കോടി രൂപയില്‍ 3.5 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനും സര്‍ക്കാരിനായിട്ടില്ല. ഇതെല്ലാം കാണിക്കുന്നത് ബാങ്കുകളില്‍ തിരിച്ചെത്തിയ മൊത്തം പണത്തിന്റെ കേവലം രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് കള്ളപ്പണമായി ഉണ്ടായിരുന്നുത്. യഥാര്‍ഥ കള്ളപ്പണമാകട്ടെ സ്വര്‍ണമടക്കം വിലകൂടിയ ലോഹങ്ങളിലും റിയല്‍എസ്റ്റേറ്റുകളിലുമാണ് നിക്ഷേപിക്കപ്പെട്ടിരുന്നത്. അതിനെതിരെ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ മോഡി സര്‍ക്കാരിന് അതിന് കഴിയുകയുമില്ല. ‘വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലി‘ന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ കുടുംബങ്ങളിലും ക്ഷേത്ര ട്രസ്റ്റുകളിലുമായി കുമിഞ്ഞുകൂടിയിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം മൊത്തം ജിഡിപിയുടെ 40 ശതമാനം വരും. യാതൊരു വിനിമയ മൂല്യവും കൂടാതെ ഇത്തരത്തില്‍ നിഷ്‌ക്രിയമായി കിടക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം 1,25,000 കോടി ഡോളര്‍ വരും. അതില്‍ 18,500 കോടി ഡോളര്‍ മൂല്യമുള്ള സ്വര്‍ണം രാജ്യത്തെ ക്ഷേത്ര ട്രസ്റ്റുകളുടെ കൈവശത്തിലാണ്. അതിന്റെ 10–15 ശതമാനം വായ്പയായി (ഏതാണ്ട് 2,500 കോടി ഡോളര്‍) പുതിയ നിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കാനായാല്‍ അത് സോവറിന്‍ ബോണ്ടുകള്‍ വഴി സമാഹരിക്കാനാവുന്നതിലും വളരെ ഏറെ വരും. എന്നാല്‍ ഹിന്ദുത്വത്തിന്റെ കുത്തക അവകാശപ്പെടുന്ന മോഡി സര്‍ക്കാരിന് ‘ഹിന്ദു വൈകാരികത’യുടെ പേരില്‍ അത്തരം ധീരമായ ഒരു നടപടി അസാധ്യമാണ്.
യുഎസ് സമ്പദ്ഘടന വീണ്ടും കടുത്ത മാന്ദ്യത്തിലേക്കാണ് നിങ്ങുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. അത് പാശ്ചാത്യ സമ്പദ്ഘടനകളെ കൂടുതല്‍ കടുത്ത പ്രതിസന്ധികളിലേക്ക് തള്ളിനീക്കും. ചൈനീസ് സമ്പദ്ഘടനയാവട്ടെ കഴിഞ്ഞ 27 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് കാണിക്കുന്നത്. അത് കഴിഞ്ഞയാഴ്ച 6.2 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ചൈന‑യുഎസ് വ്യാപാരയുദ്ധത്തില്‍ യാതൊരു അയവിനുമുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സോവറിന്‍ ബോണ്ട് വഴി ഡോളര്‍ വായ്പകള്‍ സമാഹരിക്കാമെന്ന കണക്കുകള്‍ അസ്ഥാനത്താവാനാണ് സാധ്യത. അഭുതപൂര്‍വമായ തൊഴിലില്ലായ്മ, കാര്‍ഷിക‑വ്യാവസായിക തകര്‍ച്ച, ആഭ്യന്തര കമ്പോളത്തിലെ പിന്നോട്ടടി എന്നിവ കണക്കിലെടുത്ത് ധനകമ്മി നികത്താനും വികസന‑തൊഴില്‍ അവസര സൃഷ്ടികള്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആരായാനും മോഡി സര്‍ക്കാര്‍ സന്നദ്ധമാകണം. അല്ലാത്തപക്ഷം രാജ്യവും ജനങ്ങളും ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്ലേശത്തിലേക്കായിരിക്കും കൂപ്പുകുത്തുക.