August 12, 2022 Friday

ഹിന്ദുഫാസിസ്റ്റ് വിമുക്ത ഇന്ത്യയെന്ന സ്വപ്നം

Janayugom Webdesk
January 6, 2020 9:53 pm

ദേശീയ പൗരത്വ രജിസ്റ്ററിന് ആസാമിൽ തുടക്കം കുറിച്ചപ്പോൾ 19 ലക്ഷം ജനങ്ങൾ ഇന്ത്യൻ പൗരത്വത്തിന് പുറത്തായി. ഭർത്താവിന് രേഖ ഉണ്ട് ഭാര്യക്കില്ല. അമ്മയ്ക്ക് പൗരത്വ രേഖ ഉണ്ട്. മകൾക്കില്ല. പൗരത്വ രേഖയില്ലാത്തവർ രാജ്യം വിട്ടുപോകണം എന്ന് ഭയന്ന് കുറെപേർ ഇതിനകം ആത്മഹത്യ ചെയ്തു. ഒരു രാജ്യത്തെ മുഴുവൻ ജനതയെയും ഭിതിയിലും വിഭ്രാന്തിയിലും വലിച്ചെറിഞ്ഞിരിക്കുകയാണ് ഈ നിയമം. സൈക്കോളജിക്കൽ, സോഷ്യോളജിക്കൽ, ഇക്കണോമിക്കൽ കൂടാതെ പൊളിറ്റിക്കൽ ആയ ഒട്ടനവധി പ്രത്യാഘാതങ്ങൾ ഇതുമുലം അഭിമുഖികരിക്കേണ്ടി വരും. രാജ്യമില്ലാതാകുന്നവർ എവിടെ അഭയം തേടിപ്പോകും. അപ്പോൾത്തന്നെ മറ്റ് അയൽരാജ്യത്തുള്ള മുസ്‌ലിമുകൾ അല്ലാത്തവർക്ക് രേഖകൾ ഒന്നുമില്ലെങ്കിലും ഇന്ത്യയിൽ ജീവിക്കാം. ഇത് ഇസ്‌ലാമോഫോബിയയാണ്. ഇത് തന്നെയല്ലേ ഹിറ്റ്ലർ ജൂതൻമാരോട് ചെയ്ത്തത്. 11 ദശലക്ഷം ആൾക്കാരെ അതിദാരുണവും ഭികരവുമായി ഹോളോകൗസ്റ്റിൽ ഇല്ലാതാക്കി. അതിനു സമാനമാണിത്. മതേതര ഇന്ത്യയിൽ നിന്നും മുസ്‌ലിമുകളെ രണ്ടാംതരം പൗരന്മാരാക്കി തടവറകളിൽ അടച്ചിട്ട് അവരുടെ ഭുമിയും സ്വത്തും രാജ്യത്തോട് ചേർക്കാൻ പദ്ധതിയിട്ടിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. മുസ്‌ലിം വൈര്യം ആളിപടർത്തുവാനാണ് നരേന്ദ്ര മോഡി ഗുജറാത്തിൽ ശ്രമിച്ചത്. ഗോദ്രയിൽ സബർമതി എക്സ്പ്രസിലുണ്ടായ തീപിടിത്തം മുസ്‌ലിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു പ്രചാരണം ഉണ്ടായപ്പോൾ തന്നെ ജില്ലാ കളക്ടർ ആയിരുന്ന ജയന്തി രവി നിഷേധിച്ചതായി പത്രറിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുസ്‌ലിങ്ങൾ പുറത്തുനിന്നും ദ്രാവകം ഒഴിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. സംഭവത്തിന്റെ വസ്തുതയെകുറിച്ച് ശരിയായ അന്വേഷണം നടത്തുവാൻ മോഡി സർക്കാർ അന്ന് തയ്യാറായില്ല. മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ നിർദേശപ്രകാരം മൃതദേഹങ്ങൾ അഹമ്മദബാദിലേക്കു കൊണ്ടുപോകുകയും അവിടെ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ചു കലാപം അഴിച്ചുവിടുകയും ആയിരുന്നു. ഗുജറാത്തിലെ 24 ൽ 18 ജില്ലകളിലും കലാപം നടന്നു. ആയിരക്കണക്കിന് മുസ്‌ലിങ്ങൾ കൊലചെയ്യപ്പെട്ടു. ബലാത്സംഗം ചെയ്തും കൊലപാതകം നടത്തിയും വീടുകൾക്ക് തീയിട്ടും വരുന്ന സംഘപരിവാറിൽ നിന്നും രക്ഷപ്പെടുവാൻ ഒരു വലിയ ജനകൂട്ടം അഭയത്തിനായി നിലവിളിച്ചുകൊണ്ട് കോൺഗ്രസ് എംപിയും ജനസമ്മതനുമായിരുന്ന എഹ്സിൻ ജാഫ്രിയുടെ വീടിനുമുന്നിൽ എത്തി. എംപി പൊലിസിനെ വിളിച്ചുവെങ്കിലും എത്തിയില്ല. പകരം അക്രമികളാണ് വീട്ടിലെത്തിയത്. എംപിയുടെ വീട്ടിലുള്ള പണവും ആഭരണവും നിൽകിയാൽ ജീവൻ പകരം കൊടുക്കാമെന്നു അവർ പറഞ്ഞു. അദ്ദേഹം മറ്റ് നിവർത്തിയില്ലാതെ. എല്ലാമെടുത്തു അവരുടെ മുന്നിൽ വന്നു. ആ ധനമെല്ലാം അക്രമികൾ പിടിച്ചുവാങ്ങി എംപി ജാഫ്രിയുടെ കൈയും കാലും തലയും വെട്ടിമുറിച്ചെടുത്തു. അഭയംതേടി വന്ന ജനകൂട്ടത്തെയും കൊന്നു. പ്രസവ വേദന സഹിക്കാതെയാണ് കൗസർ ഭായി വൈകിട്ട് ഡോക്ടറുടെ അടുത്ത് പോയത്. ഡോക്ടർ തിരിച്ചയച്ചിട്ടു പറഞ്ഞു രാവിലെ വന്ന് അഡ്മിറ്റാകുവാൻ. ആ രാത്രിയിലാണ് ഒരുകൂട്ടം സംഘപരിവാർ ആയുധവും തീപന്തവുമായി കൗസർ ഭായിയുടെ വീട്ടിലേക്ക് കടന്നുവന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തുകൊന്നത്. കുഞ്ഞുങ്ങളെ ഉൾപ്പെടെ ആ വീട്ടിലെ പത്തുപേരെയും തീവച്ചും വെട്ടിയും കൊലപ്പെടുത്തി. നിറവയറുമായി നിന്ന കൗസറിന്റെ വയറ്റിൽ ത്രിശൂലം കയറ്റി പുറത്തുചാടിയ പിഞ്ചുകുഞ്ഞിനെ ആ അമ്മയുടെ മുന്നിൽവച്ച് വെട്ടിനുറുക്കി വലിച്ചെറിഞ്ഞു.

ഗുജറാത്ത് കലാപത്തിന് പിന്നിൽ ദാവൂദ് ഇബ്രാഹിം, ലഷ്കറെ തോയ്ബ മുതൽ പാകിസ്ഥാനിൽ നിന്നുമുള്ള ഇന്റർ സർവീസ് ഗ്രുപ്പ് വരെ ഉണ്ടായിരുന്നു. ഇവരെ വിലയ്ക്ക് വാങ്ങിയത് ഒരു ഹിന്ദു സംഘടന ആയിരുന്നുവെന്ന് സിബിഐ ജഡ്ജി ആയിരുന്ന ബ്രിജ് ഹരികൃഷൻ ലോയ കണ്ടെത്തി. ഈ കേസിൽ ലോയയ്ക്ക് വലിയ വാഗ്ദാനങ്ങൾ ഉണ്ടായി. പക്ഷെ നീതിമാനായ അദ്ദേഹം അമിത് ഷായ്ക്ക് പ്രതികൂലമായാണ് ഗുജറാത്തു കലാപത്തിൽ നടപടികൾ ആരംഭിച്ചത്. മുംബൈയിൽ നിന്നും നാഗ്പുരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ലോയ ഹോട്ടൽ മുറിയിൽ മരിച്ചു കിടക്കുകയായിരുന്നു. ഗുജറാത്ത് കലാപത്തിലെ ഗവണ്മെന്റും പൊലീസും തമ്മിലുള്ള അന്തർധാരയെക്കുറിച്ച് അറിയാമായിരുന്നു എന്നത് കൊണ്ടാണ്, ഈ കേസിന്റെ വിചാരണയിലെ സാക്ഷികൂടി ആയിരുന്ന സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം വംശഹത്യ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇതിന്റെ പേരിൽ ഇന്ത്യയിൽ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും അമേരിക്ക ആസ്ഥാനമായുള്ള ലോകത്തിലെ വംശഹത്യ നിരിക്ഷണ സംഘടന (Geno­cide watch) സ്ഥാപകൻ ഡോ. ഗ്രിഗറി സ്റ്റാൻഷൻ അമിത് ഷായ്ക്ക് താക്കീത് നല്കിയിരിക്കുകയാണിപ്പോൾ. കശ്മീർ, ഗുജറാത്ത് ഇവിടങ്ങളിലെല്ലാം വംശഹത്യ നടന്നിട്ടുണ്ടെന്നും ഡോ. ഗ്രിഗറി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ സമിതി അമിത് ഷായോട് പറഞ്ഞിരിക്കുന്നുത് ഇത്തരം മനുഷ്യാവകാശധ്വംസനം നിർത്തിവച്ചില്ലെങ്കിൽ അമേരിക്കയിൽ കയറ്റില്ലെന്നാണ്. ഗുജറാത്തിൽ വംശഹത്യ നടന്നപ്പോൾ ലോകത്തിലെ മിക്കരാജ്യങ്ങളും മോഡിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. ലോകത്തിലെ മിക്ക യുണിവേഴ്സിറ്റികളും ഈ ബില്ലിനെതിരെ പ്രതിഷേധിച്ചിരിക്കുന്നു. ഓക്സ്ഫോർഡും കേംബ്രിഡ്ജും ഹാർവാർഡും ഉൾപ്പെടെ ലോകത്തെ കാമ്പസുകൾ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തെ യുവത്വം പ്രതീക്ഷകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ദേശീയതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പൊൻപുലരിക്കായാണ് അവരുടെ പ്രതിഷേധം. ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനും എല്ലാ വിഭാഗത്തിലുമുള്ള ഇന്ത്യൻ ജനതയും രംഗത്ത് വരേണ്ടതുണ്ട്.

Eng­lish sum­ma­ry: The dream of a Hin­du-fas­cist lib­er­at­ed India


അഡ്വ. രതീദേവി, ചിക്കാഗോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.