Web Desk

January 15, 2021, 5:51 am

സ്വന്തം ഭവനമെന്ന സ്വപ്നസാക്ഷാത്കാരം

Janayugom Online

സ്വന്തമായി ഒരു ഭവനമെന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. പല കാരണങ്ങളാലാണ് കുടുംബങ്ങൾ ഭവനരഹിതരായി തുടരുന്നത്. കേരളത്തിൽനടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലൈഫ് മിഷനുവേണ്ടിനടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് 5,04,967 ഭവനരഹിത കുടുംബങ്ങളുണ്ടെന്നാണ് കണക്കാക്കിയത്. 2011ലെ ജനസംഖ്യാ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 1000 പേർക്ക് 336 വീടുകളുള്ളപ്പോൾ ഇന്ത്യയിൽ അത് 273 വീടുകളാണ്.

കേരളത്തിലെ ആളുകൾതാമസിക്കുന്ന വീടുകളുടെ ശരാശരി വലിപ്പം, ഗുണനിലവാരം, ആളോഹരി തറവിസ്തീർണ്ണം എന്നിവയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എങ്കിലും അവശ ജനവിഭാഗങ്ങളെയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരെയും ലക്ഷ്യമിട്ടുള്ള സമ്പൂര്‍ണ ഭവന നിർമ്മാണ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ രൂപം നല്കി. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സംസ്ഥാന നിർമ്മിതികേന്ദ്രം, പട്ടിക ജാതി — പട്ടിക വർഗ വികസന വകുപ്പ്, പട്ടിക ജാതി ‑പട്ടിക വർഗ വികസന കോർപ്പറേഷൻ എന്നിങ്ങനെ ഇരുപതോളം ഏജൻസികൾ മുഖേനയാണ് സംസ്ഥാനത്ത് വിവിധ ഭവന നിർമ്മാണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

ഈ ഏജൻസികളെല്ലാം ചേർന്ന് 2019–20 സാമ്പത്തികവർഷവും നടപ്പു സാമ്പത്തികവർഷം ഓഗസ്റ്റ് 31 വരെയുമായി 1,23,807 ഭവനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. വീടില്ലാത്തവരുടെ വേദനകൾ ഏറ്റെടുത്ത് അവശേഷിക്കുന്ന എല്ലാ കുടുംബങ്ങളെയും അടച്ചുറപ്പുള്ള ഭവനങ്ങളിൽ പാർപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് എൽഡിഎഫ് സർക്കാർ മുന്നേറുന്നത്.

ഈ സർക്കാർ അധികാരത്തിൽവന്ന ശേഷം ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട ഭവന പദ്ധതിയാണ് ലൈഫ് മിഷൻ. പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെയായി കഴിഞ്ഞ ദിവസം നിയമസഭയിൽസമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2,43,522 ഭവനങ്ങളാണ് പൂർത്തീകരിച്ചത്. 2020 ഡിസംബർ ഒന്നുവരെയുള്ള കണക്കാണിത്.

ഇതിന് പുറമെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച രണ്ടു ഭവന പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഇതിലൊന്നാണ് അതിഥിതൊഴിലാളികൾക്കുള്ള ആലയ് പ­ദ്ധതി. നേരത്തേ ആവിഷ്കരിച്ച അപ്നാ ഘർ പ­ദ്ധതിക്കുശേഷം സംസ്ഥാ­ന സർക്കാർ ആ­വിഷ്കരിച്ച പദ്ധതി വിവിധ സംസ്ഥാനങ്ങളി­ൽ നിന്ന് ഇവിടെയെത്തിതൊഴിലെടുക്കുന്ന അതിഥി തൊഴിലാളികളെ ഉദ്ദേശിച്ചുള്ളതാണ്. അപ്നാ ഘർ പദ്ധതിയനുസരിച്ച് പാലക്കാട് ആവിഷ്കരിച്ച ഭവന സമുച്ചയം 620 പുരുഷതൊഴിലാളികൾക്ക് വാസസ്ഥലം ഒരുക്കുന്നതിനുള്ളതാണ്.

കഞ്ചിക്കോട് കിൻഫ്ര സംയോജിത ടെക്സ്റ്റൈൽ പാർക്കിലാണ് 47,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹോസ്റ്റൽസമുച്ചയം താമസിക്കാനായിനല്കുന്നത്. ആലയ് പദ്ധതി പ്രകാരം വാടക വീടുകളാണ് സജ്ജമാക്കുന്നത്. 6.5 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫ്‌ളോര്‍ ഏരിയയും അടുക്കളയും പൊതു വരാന്തയും പൊതു ടോയ്‌ലെറ്റുമുള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

കോവിഡിനെ തുടർന്ന് രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടിവന്ന വിഭാഗമായിരുന്നു മലയാളികൾ അതിഥി തൊഴിലാളികളെന്ന് സംബോധന ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികൾ. പക്ഷേ അവർ ഇവിടെ സുരക്ഷിതരായി കഴിഞ്ഞതും ഇതരസംസ്ഥാനങ്ങളിലേതുപോലെ അവരുടെ ദുരിതകഥകൾ വളരെയധികം കേൾക്കേണ്ടി വരാതിരുന്നതും കേരളത്തിന്റെ ഈ കരുതലുകൾ കൊണ്ടായിരുന്നു.

ഇതിന് സമാനമായ ഭവന പ്രശ്നം നേരിടുന്ന വിഭാഗമാണ് തോട്ടം തൊഴിലാളികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിന് ഇടുക്കിയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരെയോർത്ത് വിലപിക്കുമ്പോൾ തന്നെ ലയങ്ങളിൽ ദുരിത ജീവിതമനുഭവിക്കുന്നവരുടെ ഭവന പ്രശ്നം വീണ്ടും ചർച്ച ചെയ്യപ്പെട്ടു. ഉരുൾപൊട്ടിയെത്തിയ മണ്ണിനും പാറക്കെട്ടുകൾക്കുമൊപ്പം ഒലിച്ചുപോയ 55 പേരുടെ മൃതദേഹങ്ങളാണ് മണ്ണിനടിയിൽനിന്ന് കണ്ടെടുത്തത്. ഇനിയും കണ്ടെത്താത്തവരുമുണ്ട്. തോട്ടംതൊഴിലാളികൾക്കായി നേരത്തേതന്നെ ആവിഷ്കരിച്ച ഭവന പദ്ധതി കൂടുതൽ വിപുലമായിനടത്താനുള്ള പ്രഖ്യാപനവും കഴിഞ്ഞ ദിവസമുണ്ടായി. ഈ പദ്ധതി പൂർത്തിയാകുന്നതോടെ തലമുറകളായി തോട്ടം ലയങ്ങളിലെ ഒറ്റമുറിയിൽ കഴിയുന്ന തൊഴിലാളികൾക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.

സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികൾക്കുവേണ്ടിയുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇടുക്കി കുറ്റിയാർവാലിയിൽ പത്തു വീടുകൾ പൂർത്തിയാക്കി. അടുത്ത ഘട്ടമായി ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ 5.49 ഏക്കർ റവന്യൂ ഭൂമി കണ്ടെത്തി. കൊല്ലം പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസിലെ തൊഴിലാളികൾക്കുള്ള വീടുകളുടെ നിർമ്മാണവും ആരംഭിച്ചു. വയനാട് ജില്ലയിൽ നൂറ് വീടുകളാണ് നിർമ്മിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ ഒരേക്കർ ഭൂമി കൈമാറാൻ നടപടികളായി. ഇടുക്കി പീരുമേട്ടിൽ ഭവന പദ്ധതിക്കായി ഭൂമികണ്ടെത്താനുള്ള നടപടി തുടരുകയാണ്.

പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴിൽ വകുപ്പ് നടത്തിയ സർവേയിൽ 32,454 തോട്ടം തൊഴിലാളികൾക്ക് വീടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെല്ലാം ലൈഫ് മിഷനിലും മറ്റ് പദ്ധതികളിലും ഉൾപ്പെടുത്തി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കമ്പനികൾ ദശകങ്ങൾക്ക് മുമ്പേ നിർമ്മിച്ച ശോചനീയ സാഹചര്യങ്ങളിലുള്ള ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ ഭവനസ്വപ്നവും യാഥാർത്ഥ്യമാകുകയാണ്.