ബേബി ആലുവ

കൊച്ചി

October 13, 2021, 9:17 am

സ്ത്രീകളെ കരുവാക്കി വ്യാപാരം കൊഴുപ്പിക്കാൻ മയക്കുമരുന്നു മാഫിയ

Janayugom Online

സ്ത്രീകളെ മുന്നിൽ നിർത്തി വ്യാപാരം കൊഴുപ്പിക്കാൻ മയക്കുമരുന്ന് മാഫിയ. പിടിക്കപ്പെടുന്ന ഏതാണ്ട് എല്ലാ കേസുകളിലെയും സ്ത്രീ സാന്നിധ്യം ഈ തന്ത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനകം കുപ്രസിദ്ധി നേടിയ കാക്കനാട് മയക്കുമരുന്ന് കേസിലെ മുഖ്യ സാന്നിധ്യം ഓൺലൈൻ ക്ലാസുകളിലൂടെ ടീച്ചർ എന്ന വിളിപ്പേരു നേടിയ ഫോർട്ടുകൊച്ചി സ്വദേശിനിയാണ്. സിനിമ — സീരിയൽ രംഗങ്ങളിലേക്കും ഇവരുടെ ബന്ധം നീളുന്നതായാണ് സംശയം. യുവാക്കൾക്കും ഐടി പ്രൊഫഷണലുകൾക്കുമിടയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന, ഐടി കമ്പനി മാനേജരടക്കമുള്ള സംഘം കഴിഞ്ഞ ദിവസം പിടിയിലായ സംഭവത്തിലും മുഖ്യകണ്ണി സ്ത്രീയാണ്. 

വിപണിയിൽ ഏഴു ലക്ഷം രൂപ വിലവരുന്ന ലഹരി ഗുളികകളുമായി കഴിഞ്ഞ ദിവസം കോഴിക്കോട് ചേവായൂർ സ്വദേശിനിയായ യുവതി എക്സൈസിന്റെ പിടിയിലായിരുന്നു. കാക്കനാട്ടേക്ക് മയക്കുമരുന്ന് എ­ത്തിച്ച ചെന്നൈയിലെ ഏജന്റുമാരിലൊരാൾ സ്ത്രീയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. നേരത്തേ, സിനിമ — സീരിയൽ ബന്ധമുള്ള ഒരു യുവതി ലഹരിമരുന്നുമായി കൊച്ചിയിൽ പിടിയിലായ സംഭവവുമുണ്ട്. മയക്കുമരുന്ന് കടത്തുന്ന വാഹനങ്ങളിൽ സ്ത്രീ സാന്നിധ്യമുണ്ടെങ്കിൽ പരിശോധനകളിൽ നിന്നു രക്ഷപ്പെടാം എന്ന കണക്കുകൂട്ടലാണ് പ്രധാനമായും ഇവരെ ബിസിനസ് സംഘത്തിൽ ചേർക്കുന്നത്. കാക്കനാട് സംഘം വാഹനത്തിൽ വളർത്തുനായ്ക്കളെയും കൂടെ കൂട്ടിയിരുന്നു. 

സിനിമ‑സീരിയൽ രംഗങ്ങളിൽ ലഹരിമരുന്നിന്റെ വില്പനയും ഉപയോഗവും വർധിച്ചിരിക്കുകയാണെന്ന് ആ മേഖലകളിലുള്ളവർ തന്നെ സമ്മതിക്കുന്നു. ഈ രംഗത്ത് എവിടെയൊക്കെ മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ തയാറാണെന്ന് ഒരു യുവ നടനും തുറന്നു പറഞ്ഞു. കുറെ നാൾ മുമ്പ് യുവനിരയിലെ ശ്രദ്ധേയനായ നടനടക്കം ഡിജെ പാർട്ടിക്കിടയിൽ കൊച്ചിയിൽ പിടിയിലായ സംഭവം സിനിമാ മേഖലയെ പിടിച്ചുകുലുക്കിയിരുന്നു.
ലഹരി വില്പനയുമായി ബന്ധപ്പെട്ട് പെൺവാണിഭവും നടക്കുന്നതായാണ് അധികൃതരുടെ വിലയിരുത്തൽ. ഈ സൗകര്യം കൂടി ഒരുക്കിയാണ് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. 

ലഹരി ഉപയോഗത്തിൽ തുടങ്ങി ലഹരി കടത്തുകാരായി മാറുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും എണ്ണവും ആശങ്കപ്പെടുത്തും വിധം ഉയരുകയാണ്. ലഹരിയും പണവും മറ്റു പലതും വാഗ്ദാനം നൽകിയാണ് ഇവരെ മാഫിയ കെണിയിൽപ്പെടുത്തുന്നത്. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത 3667 കേസുകളിലായി പിടിയിലായ 3791 പേരിൽ 514 പേർ 21 വയസിനു താഴെയുള്ളവരായിരുന്നു. ഈ വർഷം ഇതേവരെ രജിസ്റ്റർ ചെയ്ത കേസുകളിലെ 2232 പ്രതികളിൽ 518 പേരും 21 വയസിനു താഴെയുള്ളവരാണ്. ചെറുപ്രായക്കാർ പ്രതികളാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കഴിഞ്ഞ വർഷം മുതൽ ഇവരുടെ കണക്കുകൾ എക്സൈസ് പ്രത്യേകമായി ശേഖരിക്കാൻ തുടങ്ങിയത്. 

ENGLISH SUMMARY:The drug mafia is try­ing to women into trade
You may also like this video