സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഇനി ഹൈടെക്ക് സംവിധാനത്തിലൂടെ ഇംഗ്ലീഷിൽ മികവ് തെളിയിക്കും. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷ (കൈറ്റ്)ന്റെ ഇ ക്യൂബ് ഇംഗ്ലീഷ് പദ്ധതി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്നു. എസ് സി ഇ ആർ ടിയുടെ പങ്കാളിത്തത്തോടെ അടുത്ത അധ്യയന വർഷത്തിൽ സ്കൂളുകളിൽ പദ്ധതി ആരംഭിക്കും. ഇപ്പോൾ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ‘ഹലോ ഇംഗ്ലീഷ്’ പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇ ക്യൂബ് പദ്ധതിയെന്ന് കൈറ്റ് അക്കാദമിക് കോ ഓഡിനേറ്റർ സജു എസ് ജനയുഗത്തോട് പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അനായാസം ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് സ്വായത്തമാക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനായി ഇംഗ്ലീഷ് റീഡിംഗ് കാർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും സംസാരിക്കുന്നതിനുംഒരുപോലെ പ്രാവണ്യം ലഭിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കഥകളായിരിക്കും പ്രധാനമായും അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മധ്യവേനലവധിക്കാലത്ത് അധ്യാപകർക്ക് പരിശീലനം നൽകും. എസ് എസ് കെ, സീമാറ്റ്, എസ് ഐ ഇ ടി എന്നിവയിലൂടെ നടത്തിവരുന്ന ഭാഷാ പരിശീലനങ്ങളിലും പദ്ധതി ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി അവ പ്രയോജനപ്പെടുത്തുംവിധമാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഇ ക്യൂബ് (E3-എൻജോയ്, എൻഹാൻസ്, എന്റിച്ച്) ഇംഗ്ലീഷിലൂടെ കുട്ടികളിൽ വ്യക്തിഗത ആശയവിനിമയം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ചിന്തകളും വികാരങ്ങളും എഴുത്തിലൂടെയും വാക്കുകളിലൂടെയും അർത്ഥവത്തായ രീതിയിൽ അവതരിപ്പിക്കാൻ ഇതിലൂടെ പ്രാപ്തമാക്കും. പദ്ധതി പ്രകാരം സമഗ്ര ഇ‑ലൈബ്രറി, ഇ‑ലാംഗ്വേജ് ലാബ്, ഇ‑ബ്രോഡ്കാസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് മുതൽ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ലോകോത്തരനിലവാരമുള്ള ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഡിജിറ്റൽ ലൈബ്രറിയും കുട്ടികൾക്ക് പ്രയോജനപ്പെടുത്താം എന്നതും പ്രത്യേകതയാണ്.
ഇതിൽ വിദ്യാർഥികളുടെ വായനാതലമനുസരിച്ച് ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളുടെ ഡിജിറ്റൽ പകർപ്പായിരിക്കും ഉണ്ടാവുക. ഇരുനൂറോളം പുസ്തകങ്ങൾ കുട്ടികൾക്ക് സ്വന്തമായും അധ്യാപകരുടെ സഹായത്തോടെയും വായിക്കാം. ഇംഗ്ലീഷ് കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള അവസരങ്ങൾ നൽകുന്നതാണ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയര്‍. ഇ ബ്രോഡ്കാസ്റ്റിൽ പരസ്പരം സമ്പർക്കം നടക്കുന്ന രീതിയിൽ ഇംഗ്ലീഷ് വിനിമയ നൈപുണികൾ നേടിയെടുക്കാൻ കൈറ്റ് വിക്ടേഴ്സ് ചാനൽ കൂടി പ്രയോജനപ്പെടുത്തുന്ന പരിപാടികൾ ഉൾക്കൊള്ളിക്കും. ഇത് പ്രായോഗിക സന്ദർഭങ്ങളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കും.
English Summary:The e‑cube project is coming to public School in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.