June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

സൂര്യഗ്രഹണം അന്നും ഇന്നും

By Janayugom Webdesk
January 8, 2020

അന്നും ഇന്നും എന്നും സൂര്യഗ്രഹണം ഒരുപോലെ തന്നെയാണ്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്നു. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യപശ്ചാത്തലത്തിൽ ചന്ദ്രനെ കാണുന്നു. കാര്യം ഇതുതന്നെ ആണെങ്കിലും സഹ്യൻറെ നിഴലിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന മലയാളിയുടെ ജ്ഞാനചക്രവാളത്തിൽ വലിയരീതിയിലുള്ള വികാസം സംഭവിച്ചിരിക്കുന്നു. ഈ മാറ്റം അഭിമാനകരമാണ്. ആയിരത്തി തൊള്ളായിരത്തി എൺപത് ഫെബ്രുവരി പതിനാറിനാണ് ഞാൻ ആദ്യമായി ഒരു സമ്പൂർണ്ണ സൂര്യഗ്രഹണം കണ്ടത്. അന്നത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിൽ അറിവിന്റെയും അന്ധവിശ്വാസത്തിന്റെയും കാര്യത്തിൽ വലിയ വ്യതാസമാണ് ഉള്ളത്. അന്ന് നിരവധി വിലക്കുകൾ ഉണ്ടായിരുന്നു. സൂര്യഗ്രഹണ സമയത്ത് ആരും പുറത്തിറങ്ങാൻ പാടില്ല. ആഹാരം കഴിക്കാനോ വീട്ടിൽ ആഹാരം സൂക്ഷിക്കാനോ പാടില്ല. അതുകൊണ്ടുതന്നെ ഹോട്ടലുകളൊന്നും തുറക്കില്ലായിരുന്നു. . കിണറുകൾ ഓലയും മരച്ചില്ലകളും ഉപയോഗിച്ചു മറയ്ക്കണമായിരുന്നു. കാരണവന്മാർ കതകുകളും ജനലുകളും അടച്ച വീട്ടിനുള്ളിൽ ഇരുന്നു ഗദ്ഗദത്തോടെ വിട്ടുകൊട് ഗോവിന്ദാ വിട്ടുകൊട് വിട്ടുകൊട് ഗോവിന്ദാ എന്ന് പ്രാർഥിച്ചിരുന്നു. സൂര്യനെ പാമ്പു വിഴുങ്ങുന്നു എന്ന പരിമിതമായ അറിവിൽ നിന്നായിരുന്നു ഈ പ്രാർത്ഥന ഉരുവം കൊണ്ടത്. ചന്ദ്രഗ്രഹണസമയത്തും ഈ പ്രാർത്ഥന ഉണ്ടായിരുന്നു. തെങ്ങോല വെട്ടിയെടുത്ത മടൽ കൊണ്ട് മണ്ണിൽ ആഞ്ഞടിച്ച് പാമ്പിനെ വിടുവിക്കാൻ ശ്രമിക്കുമായിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനുമെല്ലാം സഞ്ചാരം തുടരുന്നതിനാൽ ഗ്രഹണം അവസാനിക്കുകയും പാമ്പിനെ ഓടിച്ചവർ സമാധാനിക്കുകയും ചെയ്യുമായിരുന്നു.

ഞങ്ങൾ, അഷ്ടമുടിക്കായലിന്റെ പടിഞ്ഞാറെ തീരത്തുള്ള വള്ളിക്കീഴു ബ്രദേഴ്സ് ക്ലബ്ബുമായി ബന്ധമുള്ള അഞ്ചുപേർ അന്ന് വീട്ടിൽ നിന്നിറങ്ങി സഞ്ചരിക്കാനും പരസ്യമായി ആഹാരം കഴിക്കാനും തീരുമാനിച്ചു. കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായുള്ള ജനയുഗം വാരികയിൽ ഇടമറുക്, ജോൺസൺ ഐരൂർ തുടങ്ങിയവർ മലയാളപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്ന ഡോ. ഏ ടി കോവൂരിന്റെ ഡയറിക്കുറിപ്പുകളും എം പ്രഭ, മുളവന പണിക്കർ, ഡോ. എൻ രാമാനുജൻ തുടങ്ങിയവരുടെ ക്ലാസ്സുകളും വി ബി സി വായനശാലയിലെ പുസ്തകങ്ങളും മറ്റുമായിരുന്നു ഞങ്ങളെ സ്വാധീനിച്ച ഘടകങ്ങൾ. നീണ്ടകര പാലമാണ് ഗ്രഹണം കാണുവാൻ ഞങ്ങൾ തെരഞ്ഞെടുത്ത സ്ഥലം. താഴെയും കിഴക്കും അഷ്ടമുടിക്കായൽ. പടിഞ്ഞാറ് അറബിക്കടൽ. ഉച്ചയ്ക്ക് ശേഷമായിരുന്നു സൂര്യഗ്രഹണം. ദേശീയപാതയിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. സമ്പൂർണ്ണ സൂര്യഗ്രഹണ ദിവസം സമ്പൂർണ്ണ ബന്തിന്റെ പ്രതീതി ആയിരുന്നു. ഇരുട്ട് വ്യാപിച്ചു. പാവം പക്ഷികൾ ചേക്കേറി. കാക്കക്കാലിന്റെ നിഴൽപോലും ഇല്ലാത്ത പാലത്തിനു മുകളിൽ നിന്ന് ഞങ്ങൾ സൂര്യഗ്രഹണം കണ്ടു. വിജനമായ ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റർ തെക്കോട്ട് നടന്നു. കയ്യിലുണ്ടായിരുന്ന ലഘുഭക്ഷണങ്ങൾ കഴിച്ചു. ഉറക്കെ സംസാരിച്ചു നടന്നതിനാൽ വഴിയരികിലെ വീടുകളിലെ കിളിവാതിലുകൾ തുറന്നു ചിലരെങ്കിലും ഞങ്ങളെ ശ്രദ്ധിച്ചിരുന്നു. അതായിരുന്നു അന്നത്തെ കേരളം.

വെറും മുപ്പത്തി ഒൻപതു വര്ഷം മുൻപുണ്ടായിരുന്ന കേരളം. ഒടുവിൽ നമ്മളെല്ലാവരും സൂര്യഗ്രഹണം കണ്ടത് രണ്ടായിരത്തി പത്തൊൻപത് ഡിസംബർ ഇരുപത്താറിന്. വലയസൂര്യഗ്രഹണം. ആകാശപ്പാമ്പിനെ കുറിച്ചുള്ള ഭയമില്ലാതെ കേരളം മുഴുവൻ ഫിൽട്ടർ ഗ്ലാസ്സുമായി വീട്ടിനു പുറത്തിറങ്ങി. ഹോട്ടലുകളെല്ലാം തുറന്നിരുന്നു. കർണാടകത്തോട് ചേർന്ന് കിടക്കുന്ന കാസർകോട് ജില്ലയിലെ ബദിയടുക്കയിൽ മാത്രമാണ് ആളുകൾ പുറത്തു ഇറങ്ങാഞ്ഞത്. അവിടെ സർവീസ് നടത്തേണ്ടിയിരുന്ന കർണാടക ബസ്സുകൾ ഗ്രഹണഭയം മൂലം ഓടിച്ചില്ല. കോട്ടയത്തെ ചില നമ്പൂതിരിമാർ മീനച്ചലാറ്റിൽ ഇറങ്ങി നിന്ന് പ്രാർഥിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. സൂര്യഗ്രഹണത്തിൽ പ്രതിഷേധിച്ചായിരിക്കാം ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾ അടച്ചിട്ടു ഹർത്താൽ ആചരിച്ചു. അവരിപ്പോഴും എൺപതുകളിൽ തന്നെയാണ്. കാസർകോട് ജില്ലയിൽത്തന്നെയുള്ള ചെറുവത്തൂരിലാണ് വലയസൂര്യഗ്രഹണം വ്യക്തമായി കാണപ്പെട്ടത്. മഹാകവി കുട്ടമത്തിന്റെ ജന്മനാട്ടിലുള്ള വിദ്യാലയത്തിൽ നൂറു കണക്കിനു വിദ്യാർഥികളും ശാസ്ത്രജ്ഞരും ഒത്തുകൂടി ഗ്രഹണം ദർശിച്ചു. പഠനങ്ങൾ നടത്തി. കേരളത്തിൽ ഈ മാറ്റം എങ്ങനെയുണ്ടായി? ഗ്രഹണം പോലെ സ്വാഭാവികമായി സംഭവിച്ചതാണോ? അല്ല. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശാസ്ത്രബോധത്തോടെ ആവിഷ്ക്കരിച്ച വിദ്യാഭ്യാസരീതി, യുക്തിവാദി പ്രസ്ഥാനങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്തും ഗ്രന്ഥശാലാപ്രസ്ഥാനവും മറ്റും നടത്തിയ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ. . ഇവയുടെ ഫലമായാണ് കേരളീയരിൽ നിന്നും ഗ്രഹണപ്പേടി അകന്നത്. പിന്നോട്ട് വലിക്കാൻ കുറേപേർ ശ്രമിക്കുന്നുണ്ടെങ്കിലും കേരളം മുന്നോട്ടു തന്നെയാണ്. വെളിനല്ലൂർ കോവിലുകുന്നിൽ നൂറുകണക്കിനു വിദ്യാർഥികളോടൊപ്പം നിന്നാണ് ഇക്കുറി ഞാൻ സൂര്യഗ്രഹണം കണ്ടത്. കുട്ടികൾക്ക് കഴിക്കാൻ അവിടെത്തന്നെ ആഹാരവും പാകം ചെയ്യുന്നുണ്ടായിരുന്നു. ചന്ദ്രപ്രകാശ് മാഷിന്റെ സൂര്യഹ്രഹണം സംബന്ധിച്ച പ്രത്യേക പ്രശ്നോത്തരിക്ക് ഇടയ്ക്ക് റാഫി മാഷ് കുട്ടികളോട് പറഞ്ഞു ഇപ്പോൾ എല്ലാവരും ഒന്നുക്കൂടി ആകാശത്തേക്ക് നോക്കിക്കേ.സൂര്യനിപ്പോൾ ചന്ദ്രക്കല പോലെ ആയിട്ടുണ്ട്. അത്യപൂർവമായ സൂര്യകല. ആ മരത്തിന്റെ നിഴൽ നോക്കൂ. ഹായ്! ഇലച്ചാർത്തുകൾക്കിടയിലൂടെ മണ്ണിൽ കാണുന്ന വെയിൽ വട്ടങ്ങളിൽ ആയിരം കുഞ്ഞു സൂര്യഗ്രഹണങ്ങൾ! സൂര്യഗ്രഹണത്തെ സൂര്യോത്സവമായാണ് ജനങ്ങൾ ആഘോഷിച്ചത്. അതിദീർഘമായ ഗ്രഹണകാലത്തിൽ നിന്നും കേരളം സൂര്യവെളിച്ചത്തിറെ മനോഹരകാലത്തേക്ക് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.

Eng­lish sum­ma­ry:The eclipse was and still is


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.