മോഡി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിന് പിന്നിലെ ധനശാസ്ത്രം

Web Desk
Posted on August 20, 2019, 11:09 pm

ന്ത്യന്‍ ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കപ്പെട്ടതോടെ, ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രതേ്യക പദവി നിലവിലില്ലാതായിരിക്കുന്നു എന്നതിനു പുറമെ സംസ്ഥാനത്തിന്റെ വിഭജനം കൂടി മോഡി ഭരണകൂടം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം നഷ്ടമാവുകയും, ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്കും അവശേഷിക്കുന്ന ജമ്മു-കശ്മീര്‍ പ്രദേശവും നേരിട്ടുള്ള കേന്ദ്രഭരണത്തിനു കീഴിലാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. സംഘപരിവാര്‍ പ്രത്യയശാസ്ത്രം വിഭാവനം ചെയ്തിരിക്കുന്ന വിധത്തില്‍ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റാനുള്ള പ്രഖ്യാപിത അജണ്ടയുടെ ആദ്യ ലക്ഷ്യം ഏറെക്കുറെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുകയുമാണ്. രണ്ടാമത്തേത് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും, മൂന്നാമത്തേത് ഏകീകൃത സിവില്‍ നിയമ സംവിധാനവുമാണ്. പള്ളിക്കു പകരം രാമക്ഷേത്രം, മുസ്‌ലിം വ്യക്തിനിയമത്തിനു പകരം ഏകീകൃതി സിവില്‍ നിയമവും മുത്തലാഖ് നിരോധന നിയമവും നടപ്പാക്കുക വഴി ആര്‍എസ്എസ്- സംഘപരിവാര്‍ ശക്തികള്‍ ലക്ഷ്യമിടുന്നത് മുസ്‌ലിം ജനവിഭാഗങ്ങളെ മുഖ്യധാരാ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുക എന്നതുതന്നെയാണ്. അതോടെ ഇന്ത്യന്‍ ഭരണഘടനയുടെ കാതലായ മതനിരപേക്ഷതയും അത് മുറുകെ പിടിക്കുന്ന ഭരണഘടനാ വ്യവസ്ഥയും അപ്രസക്തമാക്കുക എന്ന ലക്ഷ്യവും നേടാനാകുമെന്നാണ് തീവ്ര ഹിന്ദുത്വശക്തികള്‍ കണക്കുകൂട്ടുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി വേണം ജമ്മു-കശ്മീരിനെ വെട്ടിനുറുക്കാനുള്ള തീരുമാനത്തിന്റെ രാഷ്ട്രീയം വിലയിരുത്തപ്പെടാന്‍.
എന്നാല്‍, ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ധനശാസ്ത്രവും അവഗണിക്കാനാവില്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഒന്നാം മോഡിഭരണത്തിനു കീഴില്‍ രുചിച്ചറിഞ്ഞ കയ്‌പേറിയ അനുഭവങ്ങള്‍ ഡിമോണറ്റൈസേഷനും ജിഎസ്ടി പരിഷ്‌കാരവും ഗുരുതരമായി തീര്‍ന്ന തൊഴിലില്ലായ്മാ പ്രശ്‌നവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയോടൊപ്പം കര്‍ഷക ആത്മഹത്യകളുടെ പെരുപ്പവും എല്ലാം തന്നെ പൊതുജനശ്രദ്ധയില്‍ വന്നുപെടാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷനും ആഭ്യന്തരവകുപ്പു മന്ത്രിയുമായ അമിത്ഷായും നാഗ്പൂരിലെ സംഘപരിവാര്‍ ആസ്ഥാന വിദ്വാന്‍മാരും ചേര്‍ന്നു ശ്രദ്ധാപൂര്‍വം തയാറാക്കിയ ഒരു അജണ്ടയായിട്ടുകൂടി വേണം കേന്ദ്രസര്‍ക്കാരിന്റെ കശ്മീര്‍ അതിസാഹസികതയെ നിരീക്ഷിക്കാനും വിലയിരുത്താനും.

കശ്മീര്‍ ഇടപെടലിന്റെയും ഭരണഘടനയുടെ 370-ാം വകുപ്പും 35 എ ഉപവകുപ്പും റദ്ദാക്കിയ നടപടിയെ ഒരു പരിധിവരെ എതിര്‍ക്കാത്തവര്‍ പോലും ഈ സാഹസികതയ്ക്കു പിന്നിലെ നിഗൂഢ രാഷ്ട്രീയ സാമ്പത്തിക മാനങ്ങളെ അംഗീകരിക്കാന്‍ തയാറല്ലെന്നതാണ് യഥാര്‍ഥ വസ്തുത. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയില്‍ ഒരു കൂട്ടുകക്ഷിയായിരിക്കുകയും മുഖ്യമന്ത്രിയായ മെഹ്ബൂബാ മുഫ്ത്തി നയിച്ച മന്ത്രിസഭയില്‍ പിഡിപിക്കൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസ്ഥാനങ്ങളും വഹിച്ച ബിജെപിയാണ് കശ്മീര്‍ ജനതയുടെ ജനാധിപത്യാവകാശങ്ങളെ അപ്പാടെ ഹനിക്കുന്ന വിധത്തില്‍ ജെആന്റ്‌കെ സംസ്ഥാനത്തെ പൊടുന്നനെ വെട്ടിമുറിക്കുകയും കേന്ദ്രഭരണത്തിനു കീഴിലാക്കുക എന്ന ജനാധിപത്യ വിരുദ്ധ നടപടിയിലേക്കു നീങ്ങിയതെന്ന കാര്യം ശ്രദ്ധേയമായി കാണേണ്ടതുണ്ട്. രാജ്യസുരക്ഷയെയും ദേശീയ ഐക്യം സംരക്ഷിക്കുകയും ചെയ്യുക എന്നത് മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി എന്ന് വിശേഷിപ്പിക്കുന്നത് വസ്തുതകള്‍ക്കു നിരക്കുന്നതല്ല. യാഥാര്‍ഥ്യങ്ങളില്‍ നിന്നും തെന്നിമാറലാണ്.

ഒരു കാര്യം വ്യക്തമാണ്. കേന്ദ്ര നടപടിയുടെ ഭരണഘടനാ സാധുതയ്ക്കും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഉപരിയായി, ഈ അതിസാഹസിക നടപടി ഉയര്‍ത്താനിടയുള്ള സാമ്പത്തിക, സാമൂഹ്യ, ദേശീയ സുരക്ഷാ സംബന്ധമായ പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജമ്മു-കശ്മീര്‍ ജനത നേരിട്ടു തെരഞ്ഞെടുത്ത ജനപ്രതിനിധികളടങ്ങുന്നൊരു ഭരണകൂടത്തിന്റെ അറിവോ, സമ്മതമോ ഇല്ലാതെ രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത് ഒരിക്കലും ധാര്‍മികമായി നീതികരിക്കാന്‍ കഴിയില്ല. മാത്രമല്ല, ബിജെപിയുടെ നേതൃത്വവും നിയന്ത്രണവുമുള്ള മഹരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാന ടൂറിസം വികസന മേഖലയില്‍ നിക്ഷേപം നടത്താനുള്ള പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. സ്വന്തം സംസ്ഥാനത്തെ കര്‍ഷകര്‍ക്കാവശ്യമായ സാമ്പത്തികസഹായം നല്‍കാന്‍ പരാജയപ്പെട്ടൊരു ഫഡ്‌നാവിസ് ഭരണകൂടമാണ് മഹാരാഷ്ട്രയില്‍ അധികാരത്തിലിരിക്കുന്നതെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്. ഒന്നാം മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും രണ്ടാം മോഡി സര്‍ക്കാര്‍ ആവര്‍ത്തിച്ചതുമായ ആനുകൂല്യങ്ങള്‍ കിട്ടാതെ, നിരവധി കര്‍ഷകര്‍ ഇന്നും അവിടെ ആത്മഹത്യ ചെയ്തുവരുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇവിടെയാണ് വികസനത്തിന്റെ രാഷ്ട്രീയത്തെ കടത്തിവെട്ടുകയും നിഷ്പ്രഭമാക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്റെ വികസനം പുറത്തുവരുന്നത്. ഇവിടെ പിന്തള്ളപ്പെടുന്നത് ജനോപകാരപ്രദമായ നടപടികള്‍ നടപ്പാക്കുന്നതിലൂടെയുള്ള വികസനത്തിന്റെ രാഷ്ട്രീയമാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു കാര്യം ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളായ ഹരിയാന മുഖ്യമന്ത്രി.
ആഗോള സമ്പദ്ഘടനാ റാങ്കിംഗ് സംബന്ധമായി ലോകബാങ്കിന്റെ 2018ലേക്കുള്ള റിപ്പോര്‍ട്ട് 2019 ഓഗസ്റ്റ് രണ്ടിനാണ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ജിഡിപി അടിസ്ഥാനമാക്കിയ ഈ റാങ്കിംഗില്‍ ഇന്ത്യയുടെ 2017ലെ റാങ്കിംഗ് അഞ്ചാം സ്ഥാനത്തായിരുന്നതാണ് 2018 ആയതോടെ ഏഴാം സ്ഥാനത്തെത്തിയത്. താഴെ ചേര്‍ത്തിരിക്കുന്ന പട്ടിക നോക്കുക.
റാങ്ക് രാജ്യം ജിഡിപി 2018 (ട്രില്യന്‍ ഡോളറില്‍)
1 അമേരിക്ക 20.5
2 ചൈന 13.6
3. ജപ്പാന്‍ 5.0
4. ജര്‍മനി 4.0
5. ബ്രിട്ടന്‍ 2.8
6. ഫ്രാന്‍സ് 2.8
7. ഇന്ത്യ 2.7
8. ഇറ്റലി 2.1
9. ബ്രസീല്‍ 1.9
10. കാനഡ 1.7
11. റഷ്യ 1.7
12. ദക്ഷിണ കൊറിയ 1.6
13. ഓസ്‌ട്രേലിയ 1.4
14. സ്‌പെയിന്‍ 1.4
അവലംബം: ലോകബാങ്ക് റിപ്പോര്‍ട്ട്

2017നും 2018നും ഇടയ്ക്ക് തുടര്‍ച്ചയായി ആദ്യത്തെ മൂന്നു റാങ്കുകളില്‍ നിലനിന്നിരുന്നത് അമേരിക്ക (20.51 ട്രില്യന്‍ ഡോളര്‍), ചൈന (13.65 ട്രില്യന്‍ ഡോളര്‍), ജപ്പാന്‍ (5.0 ട്രില്യന്‍ ഡോളര്‍) എന്നിങ്ങനെയായിരുന്നു. നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തിയത് യഥാക്രമം ജര്‍മ്മനിയും ബ്രിട്ടനും ഫ്രാന്‍സും ആയിരുന്നു. 2017ലും 2018ലും ഇന്ത്യയുടെ ജിഡിപി യഥാക്രമം 2.65 ട്രില്യന്‍ ഡോളറും 2.73 ട്രില്യന്‍ ഡോളറുമായിരുന്നു. ഇന്ത്യയുടെ റാങ്കിംഗില്‍ സംഭവിച്ച ഈ താഴ്ചയ്ക്ക് കാരണമായത് രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളും സാമ്പത്തിക വളര്‍ച്ചാമുരടിപ്പുമായിരുന്നു. ഇപ്പോഴിതാ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞിരിക്കുന്നു, ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 2017–18ല്‍ 7.1 ശതമാനമാണെന്ന പ്രവചനം തെറ്റിപ്പോയിരിക്കുന്നു എന്നും യഥാര്‍ഥത്തില്‍ ഇത് 6.9 ശതമാനം മാത്രമായിരിക്കുമെന്നും. 2019ല്‍ ഇന്ത്യ ബ്രിട്ടനെ പിന്‍തള്ളി ജിഡിപിയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തെത്തുമെന്നും 2025ല്‍ ജപ്പാനെ പിന്‍തള്ളി മൂന്നാം സ്ഥാനത്തെത്തുമെന്നും മറ്റുള്ള പ്രതീക്ഷകളും അവകാശവാദങ്ങളും ഇക്കണക്കിന് എങ്ങുമെത്താനിടയില്ല.

അവസാനിക്കുന്നില്ല