Web Desk

തിരുവനന്തപുരം

July 18, 2020, 9:33 pm

രാജ്യത്തിന്റെ സമ്പദ്ഘടന ഊരാക്കുടുക്കുകളിലേക്ക് ; ധനമന്ത്രി തോമസ് ഐസക്

Janayugom Online

ആറു മാസത്തെ മൊറട്ടോറിയം അവസാനിക്കുമ്പോഴേക്കും രാജ്യത്തിന്റെ സമ്പദ്ഘടന ഊരാക്കുടുക്കുകളിലേക്കെന്ന് ധനമന്ത്രി തോമസ് ഐസക്. ഓഗസ്റ്റ് 30 ന് മൊറട്ടോറിയം അവസാനിക്കുമ്പോൾ വായ്പയെടുത്തവർ ആറു മാസത്തെ പലിശയടക്കം തിരിച്ചടവ് ആരംഭിക്കണം. പക്ഷേ സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിക്കാത്തതിനാൽ വായ്പകൾ തിരിച്ചടയ്ക്കാൻ പ്രയാസം നിലനിൽക്കുകയാണെന്നും മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

വായ്പാ തിരിച്ചടവിൽ വീഴ്ചയുണ്ടാകുമ്പോൾ ബാങ്കുകളുടെ നിഷ്ക്രിയാസ്തികൾ പെരുകും. സ്റ്റാൻഡേർഡ് ആന്റ് പുവർ എന്ന റേറ്റിംഗ് ഏജൻസിയുടെ കണക്കു പ്രകാരം 2019–20‑ൽ 8. 5 ശതമാനമായിരുന്ന നിഷ്ക്രിയാസ്തികളുടെ ശതമാനം 2020–21‑ൽ 14 ശതമാനമായെങ്കിലും ഉയരുമെന്നാണ് വിലയിരുത്തൽ. വർധിക്കുന്ന നിഷ്ക്രിയാസ്തികൾക്ക് പരിഹാരത്തുക നടത്തുമ്പോൾ ബാങ്കുകളുടെ മൂലധനത്തിൽ വലിയ ചോർച്ചയുണ്ടാകും. ഇതോടെ ഡെപ്പോസിറ്റുകളും മൂലധനവും തമ്മിൽ പാലിക്കേണ്ട തോത് പാലിക്കാൻ കഴിയാതെ വരികയും ബാങ്കുകൾ പ്രതിസന്ധിയിലാകുകയും ചെയ്യും.

സ്വകാര്യ നിക്ഷേപകർക്ക് ഓഹരി വില്ക്കുകയോ അല്ലെങ്കിൽ കേന്ദ്രസർക്കാർ കൂടുതൽ മൂലധനം നിക്ഷേപിക്കുകയോ ചെയ്താൽ മാത്രമേ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത്രയും പണം കേന്ദ്രസർക്കാർ എങ്ങനെ കണ്ടുപിടിക്കുമെന്നത് ചോദ്യചിഹ്നമാണ്. കേന്ദ്രസർക്കാരിന്റെ മുന്നിലുള്ള മാർഗം മൊറട്ടോറിയം കാലം വീണ്ടും നീട്ടിക്കൊടുക്കുക എന്നുള്ളതാണ്. പക്ഷേ സുപ്രീം കോടതിയിൽ മൊറട്ടോറിയം സംബന്ധിച്ച് കേസ് നടക്കുന്നതിനാൽ അവിടെയും കുരുക്കുണ്ട്.
പലിശയുടെ മേൽ പലിശ എങ്ങനെയാണ് ചുമത്തുകയെന്ന് സുപ്രീം കോടതി ചോദിച്ചു കഴിഞ്ഞു. ഇതിനൊരു മറുപടി കണ്ടിട്ടുവേണം ഇനിയും മൊറട്ടോറിയം നീട്ടാൻ. ഇത്തരത്തിൽ സമ്പദ്ഘടന അനുദിനം പ്രതിസന്ധികളിലേക്ക് വീണുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; The econ­o­my of the coun­try is in shambles

You may also like this video;