8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 24, 2024
September 13, 2024
September 11, 2024
September 5, 2024
September 3, 2024
August 29, 2024
August 24, 2024
August 22, 2024
July 1, 2024

വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പില്‍ കര്‍ഷക‑വ്യാപാരി നൊമ്പരങ്ങള്‍ അണപൊട്ടിയൊഴുകി

Janayugom Webdesk
പാലക്കാട്
September 5, 2024 6:15 pm

കര്‍ഷക‑വ്യാപാരി നൊമ്പരങ്ങള്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പില്‍ അണപൊട്ടിയൊഴുകി. വൈദ്യുതി നിരക്ക് പരിഷ്ക്കരണ സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജില്ലയില്‍ നടത്തിയ തെളിവെടുപ്പിലായാരുന്നു കര്‍ഷക രോഷവും വ്യാപാരികളുടെ പ്രതിഷേധവും ഉയര്‍ന്നത്.
2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ശുപാർശകളിൻമേലാണ് ജില്ലയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്നലെ തെളിവെടുപ്പ് നടത്തിയത്. പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിൽ കമ്മീഷൻ ചെയർമാൻ ടി കെ ജോസിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിംഗിൽ ടെക്നിക്കൽ മെംബർ ബി പ്രദീപ്, ലീഗൽ മെംബർ അഡ്വ. എ ജെ വിൽസൺ എന്നിവരും പങ്കെടുത്തു.
വൈദ്യുതി ഉപഭോക്താക്കളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം കെഎസ്ഇബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആരായണമെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ പറഞ്ഞു. 

വൈദ്യുതി നിരക്കിൽ ഇനിയും വർദ്ധനവുണ്ടായാൽ കാർഷികമേഖലയ്ക്ക് താങ്ങാനാകാത്ത അവസ്ഥയുണ്ടാകുമെന്നും മേഖല പിന്നോട്ട് പോകുന്ന അവസ്ഥ കൈവരുമെന്നും ജില്ലയിലെ കർഷകസംഘടന പ്രതിനിധികൾ തെളിവെടുപ്പിൽ വ്യക്തമാക്കി. കാർഷിക ജില്ലയെന്ന പരിഗണനയിൽ കർഷകസംഘടനാ പ്രതിനിധികൾക്കാണ് കമ്മീഷൻ തെളിവെടുപ്പിന്റെ തുടക്കത്തിൽ സംസാരിക്കാൻ അവസരം കൊടുത്തത്.
വിവിധ രാഷ്ട്രീയ, വ്യാപാര, വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ കമ്മീഷൻ മുമ്പാകെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചു. നിലവിൽ മേഖലാ തലങ്ങളിൽ മാത്രം നടന്നുവരുന്ന തെളിവെടുപ്പുകൾ എല്ലാ ജില്ലകളിലും നടത്തണമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നു.
നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതിക്കു പകരം ഓരോ മാസവും ബില്ല് നൽകുന്ന രീതി നടപ്പിലാക്കുക, വൈദ്യുതി ബില്ലുകൾ മലയാളത്തിലാക്കുക, സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും തെളിവെടുപ്പിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു. 

കർഷകസംഘടന പ്രതിനിധികൾ, പാടശേഖരസമിതികൾ, സോളാർ വെൻഡർ, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം, കെഎസ്ഇബി സീനിയേഴ്സ് ഫോറം, ആം ആദ്മി പാർട്ടി,കെഎസ്ഡിപിസി, യുനൈറ്റഡ് മെർച്ചന്റ്സ് ചേബർ, കേരള ഇലക്ട്രിക്കൽ ലൈസെൻസ്ഡ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ, കേരള കൺസ്യൂമേഴ്സ് അസോസിയേഷൻ, തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും കമ്മീഷൻ മുമ്പാകെ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറിലേറെ പേരാണ് തെളിവെടുപ്പിൽ പങ്കെടുത്തത്.
വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ ശുപാർശകളിലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും kserc@erckerala. org എന്ന ഇ‑മെയിൽ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെപിഎഫ്സി ഭവനം, സി വി രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലേക്ക് തപാൽ വഴിയും സെപ്റ്റംബർ 10ന് വൈകിട്ട് അഞ്ചു മണി വരെ സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
കെഎസ്ഇബി ശുപാർശകളുടെ പകർപ്പ് www. erck­er­ala. orgൽ ലഭിക്കുമെന്നും അറിയി പ്പില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.