13 July 2024, Saturday
KSFE Galaxy Chits

വിലക്കയറ്റത്തിന്റെ അമൃതവർഷം

Janayugom Webdesk
July 24, 2022 5:00 am

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം വർണാഭമായി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് ബിജെപി സർക്കാർ. അതിന്റെ ഭാഗമായി ‘അമൃതവർഷം’ എന്ന വാക്ക് രാജ്യത്ത് പ്രതിധ്വനിക്കുകയാണ്. ബിജെപി കണ്ടെത്തി പ്രചരിപ്പിക്കുന്ന പല പദങ്ങളും അറംപറ്റുന്നതുപോലെ ഇവിടെയും സംഭവിക്കുകയാണ്. അമൃതവർഷവും കൈചൂണ്ടുന്നത് ദുരിതവഴികളിലേക്കാണ്. അവിടെ മരണം ജനജീവിതത്തെ തുറിച്ചുനോക്കുന്നു. അമൃതവർഷം അടയാളപ്പെടുത്തുന്നത് കൊടിയ വിലക്കയറ്റത്തിന്റെ ദുരിതപർവം രചിച്ചാണ്. വരുമാനം കുത്തനെ ഇടിയുന്ന വർത്തമാനകാലത്തിൽ കുതിച്ചുയരുന്ന വില ജനങ്ങൾക്ക് താങ്ങാനാകാത്തതാണ്. കേന്ദ്ര ഭരണകൂടത്തിന്റെ അമൃതവർഷം ചൂഷകർക്കും കൊള്ളക്കാർക്കും വേണ്ടിയുള്ളതാണ്. മാന്യമായ ജീവിതം എന്ന സാധാരണക്കാരുടെ സ്വപ്നം വെന്തുവെണ്ണീറായിരിക്കുന്നു. വിലക്കയറ്റത്തിന്റെ കാട്ടുതീ അവരുടെ പ്രതീക്ഷകളെ വിഴുങ്ങി. ഒരു ലിറ്റർ പാലിന് 56 രൂപയായിരുന്നത് ഏപ്രിൽ എത്തിയപ്പോൾ 60 രൂപയായി. കഴിഞ്ഞ വർഷം കിലോയ്ക്ക് 80–100 രൂപയായിരുന്നു പച്ചക്കറിയുടെ ശരാശരി വില. നടപ്പു വർഷം 100–120 രൂപയായി വർധിച്ചു. ഭക്ഷ്യ എണ്ണയുടെ വില ഇരട്ടിയായി. പോയ വർഷം ഒരു ലിറ്ററിന് 80–100 രൂപയ്ക്ക് ലഭിക്കുമായിരുന്നെങ്കിൽ ഏപ്രിൽ വന്നപ്പോൾ 200–220 രൂപയായി വർധിച്ചു. രണ്ട് വർഷം മുമ്പ് എൽപിജി ഗാർഹിക സിലിണ്ടറിന് 450 രൂപയായിരുന്നു വില. സബ്സിഡി ഇല്ലാതാക്കാനുള്ള മോഡിയുടെ ‘മാസ്റ്റർസ്ട്രോക്ക്’ പതിച്ചപ്പോൾ 1050 രൂപയായി വില ഉയർന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ വില വിചിത്ര വഴിയിലാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വില നിശ്ചലമാകുകയോ കുറയുകയോ ചെയ്യും. വോട്ടു പെട്ടിയിലായാൽ വിപണി നിയന്ത്രിക്കുന്നത് ഏതാനും കുത്തകകളുടെ ഇച്ഛയിലാകും. ജനങ്ങളുടെ ദുരിതങ്ങൾക്കു മാത്രം അറുതിയില്ല. ഏറ്റവും പുതിയ ജിഎസ്‌ടി നിരക്ക് വർധന ബാധിക്കുന്നത് ആഡംബര വസ്തുക്കളെയല്ല. സാധാരണക്കാരന്റെ ദൈനംദിന അവശ്യവസ്തുക്കളെയും നിത്യോപയോഗ സാധനങ്ങളെയുമായിരിക്കുന്നു. മുമ്പ് ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കിയിരുന്ന തൈര്, പനീർ തുടങ്ങിയ ഇനങ്ങൾക്ക് ഇനി അഞ്ച് ശതമാനം ജിഎസ്‌ടി ഈടാക്കും. ഗോതമ്പ്, അരി, മൈദ തുടങ്ങിയ അവശ്യ ഭക്ഷ്യോല്പന്നങ്ങൾ പോലും ജിഎസ്‌ടിയിൽ നിന്ന് മുക്തമല്ല. ദരിദ്രരും സാധാരണക്കാരും കൂടുതൽ ആശ്രയിക്കുന്ന അവശ്യ ഭക്ഷ്യോല്പന്നങ്ങളിൽ നിന്നും ധനസമാഹരണ വഴി തേടുന്നതെന്തിന്. ഉത്തരമില്ലാത്ത ഈ ചോദ്യം സമൂഹത്തെ ആശ്ചര്യപ്പെടുത്തുന്നതാണ്.


ഇതുകൂടി വായിക്കൂ:  ദേശീയ ചിഹ്നവും മോഡിയുടെ പൂജയും


വിനാശകരമായ ജിഎസ്‌ടി അഭ്യാസത്തിന്റെയും തികവാർന്ന ശില്പിയാണ് കേന്ദ്ര ധനമന്ത്രി. തന്റേതായ ന്യായീകരണങ്ങൾ എവിടെയും എന്തിനും അവർ കണ്ടെത്തുന്നു. പക്ഷെ, നിലയില്ലാക്കയത്തിലേക്ക് പതിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വ്യർത്ഥമായ അഭ്യാസങ്ങളിലൂടെ രക്ഷപ്പെടില്ല. ‘മോഡിനോമിക്സി’ന്റെ ഉത്തമ വ്യാഖ്യാതാവാകാൻ ധനമന്ത്രി പരിശ്രമിക്കുന്നു. എന്നാൽ അമൃതവർഷം വരയ്ക്കുന്നത് നാശത്തിന്റെ കളങ്ങളും ചിത്രവുമാണ്. എല്ലാ കണക്കുകളും വിവരങ്ങളും ഇതിനെ സാധൂകരിക്കുന്നു. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ എറ്റവും പുതിയ സർവേ, ഇന്ത്യൻ ശിശുക്കളിൽ വളർച്ചാ മുരടിപ്പ് ബാധിച്ചവർ 36 ശതമാനമെന്ന് സൂചിപ്പിക്കുന്നു. ശിശുക്കളിൽ 67 ശതമാനത്തെയും രക്തക്കുറവുമൂലം വിളർച്ച ബാധിച്ചിരിക്കുന്നു. 57 ശതമാനം സ്ത്രീകളും 25 ശതമാനം പുരുഷന്മാരും വിളർച്ചയുടെ കൈപ്പിടിയിലാണ്. രാജ്യത്തു ജനിക്കുന്ന 1000 കുട്ടികളിൽ 35 പേർ ഒരാണ്ട് പിന്നിടുന്നില്ല. ആഗോള പൊതുആരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങൾ പറയുന്നത് ഇന്ത്യയിലെ 70 ശതമാനം ജില്ലകളിലും ഗർഭധാരണ സംബന്ധിയായ സങ്കീർണതകൾമൂലം മരിക്കുന്ന അമ്മമാരുടെ എണ്ണം ഐക്യരാഷ്ട്ര സൂചികയുമായി തട്ടിക്കുമ്പോൾ അതിദയനീയം എന്നാണ്. ആഗോള ആരോഗ്യ സൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഭാരതം. 25 ലക്ഷം ഇന്ത്യക്കാർ പട്ടിണിമൂലം മരിച്ചുവീഴുന്നു, കണക്കുകൾ ഇനിയുമുണ്ട്. ‘രാജ്യത്തെ 10 ശതമാനം മാത്രമാണ് പ്രതിമാസം 25,000 രൂപ വരുമാനം നേടുന്നത്. മറുവശത്തുള്ളവരുടെ ദീനാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.


ഇതുകൂടി വായിക്കൂ:   ഹിന്ദിയും നാനാത്വത്തില്‍ ഏകത്വവും


അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 80 രൂപയായിരിക്കുന്നു. “രൂപയിൽ കൂടുതൽ ഇടിവ് ആവശ്യമായിരിക്കുന്നു. അത് സാധ്യമായില്ലെങ്കിൽ കയറ്റുമതി നിലയ്ക്കും” സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനാണിത് പറയുന്നത്. ഒരു മുന്നറിയിപ്പാണിത്. സാധാരണക്കാരന്റെയും പട്ടിണിപ്പാവങ്ങളുടെയും ജീവിതം കൂടുതൽ ദുരിതപൂർണമാകുമെന്ന വെളിപ്പെടുത്തലാണിത്. അയൽരാജ്യമായ ശ്രീലങ്കയിൽ നിന്ന് പാഠം പഠിക്കാൻ ഭരണകൂടം ഉപദേശിച്ചതായി വാർത്തയുണ്ട്. ശ്രീലങ്കയിൽ നിന്ന് ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ട്. പക്ഷെ പഠിക്കേണ്ടത് ജനങ്ങളല്ല, ഭരണകൂടമാണ്. ബിജെപിയുടെ വിഭജന രാഷ്ട്രീയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താല്ക്കാലിക വിജയം സമ്മാനിക്കുന്നുണ്ടാകും. പക്ഷെ, ജനസൗഹൃദ നയങ്ങളിലൂന്നിയ വികസന കർമ്മങ്ങൾക്കു മാത്രമെ ഏതൊരു രാജ്യത്തെയും സർവനാശത്തിൽ നിന്നും മോചിപ്പിക്കാനാകൂ.

You may also like this video;

TOP NEWS

July 13, 2024
July 13, 2024
July 13, 2024
July 12, 2024
July 12, 2024
July 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.