തൊഴിലുറപ്പ് പദ്ധതി തുടരില്ല

Web Desk
Posted on July 17, 2019, 9:32 pm

ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്ന മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എക്കാലത്തേക്കും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍. ലോക്‌സഭയില്‍ ധനാഭ്യര്‍ഥനാ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗ്രാമീണ റോഡുകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങി നിര്‍മ്മാണ മേഖലയിലടക്കം സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടായ പദ്ധതിയുടെ കടയ്ക്കലാണ് കേന്ദ്രം കത്തിവയ്ക്കാനൊരുങ്ങുന്നത്.
തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറഞ്ഞത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രി തൊഴിലുറപ്പ് പദ്ധതിയുടെ ഭാവി പ്രവചിച്ചത്. 2018–19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തെ താരതമ്യം ചെയ്യേണ്ടതെന്ന് മന്ത്രി അംഗങ്ങളോട് പറഞ്ഞു. രണ്ട് ബജറ്റുകളെയും തട്ടിച്ചുനോക്കുമ്പോള്‍ 55,000 കോടിയില്‍ നിന്ന് 60,000 കോടി ആയി വിഹിതം ഉയരുകയാണ് ചെയ്തത്. ഇപ്പോള്‍ 99 ശതമാനം പേര്‍ക്കും ബാങ്ക് വഴിയാണ് വേതനം ലഭിക്കുന്നത്. ദരിദ്രര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതി. ദാരിദ്ര്യത്തെത്തന്നെ ഇല്ലാതാക്കലാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തോമര്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന തൊഴിലുറപ്പ് തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തിലെ ജനങ്ങളില്‍ കായിക തൊഴില്‍ ചെയ്യുവാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഒരു വര്‍ഷം 100 ദിവസം തൊഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 2005 സെപ്റ്റംബറില്‍ ഇടതുപിന്തുണയോടെ യുപിഎ സര്‍ക്കാരാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ തൊഴിലുറപ്പ് തൊഴിലാളി നിയമം പാസാക്കിയത്. സെപ്റ്റംബര്‍ ഏഴിന് നിലവില്‍ വരികയും ജമ്മു കശ്മീര്‍ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു. തുടക്കത്തില്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ മാത്രമായിരുന്നു പ്രാബല്യത്തില്‍ വന്നതെങ്കിലും 2008 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
അവിദഗ്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ലക്ഷ്യമാക്കിയിട്ടുള്ള ഈ പദ്ധതിയില്‍ ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ സ്വന്തം നാട്ടില്‍ ഉറപ്പു നല്‍കുന്നതാണ്. ഉല്‍പാദന വര്‍ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളും ഇതോടൊപ്പം പദ്ധതിക്കുണ്ട്. ഗ്രാമസഭകളുടെ വര്‍ധിച്ച പങ്കാളിത്തം കൂടാതെ, സാമൂഹിക ഓഡിറ്റിംഗ്, പങ്കാളിത്ത ആസൂത്രണം, നടത്തിപ്പിലും മേല്‍നോട്ടത്തിലും തദ്ദേശസ്ഥാപനങ്ങളുടെ വര്‍ധിച്ച ഉത്തരവാദിത്തം എന്നീ കാര്യങ്ങളാല്‍ ജനകീയമായ അടിത്തറയാണ് പദ്ധതിയുടെ മറ്റൊരു മേന്മ.
ദാരിദ്ര്യ നിര്‍മാര്‍ജനത്തോടെ പദ്ധതി നിര്‍ത്തലാക്കുമെന്ന രീതിയിലാണ് മന്ത്രിയുടെ പ്രസ്താവനയെങ്കിലും ലാഭകരമല്ലാത്തവയും ചെലവുമാത്രമായി വരുമാനമില്ലാത്തവയുമായ പദ്ധതികളെയാകെ അവസാനിപ്പിക്കുകയെന്ന കേന്ദ്ര രഹസ്യ അജണ്ടയാണ് ആശങ്കകള്‍ക്കിടയാക്കുന്നത്. തൊഴിലിനുള്ള മൗലികാവകാശവും മിനിമം കൂലിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനവും ഉറപ്പുനല്‍കുന്നു എന്ന സവിശേഷതയുള്ള ഈ പദ്ധതി, രാജ്യത്ത് ഏറ്റവും ഫലപ്രദമായി നിര്‍വഹിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും പൊതുജങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതി തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് പറയുന്നതോടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെയാണ് ഉന്നം വയ്ക്കുന്നതെന്ന് വ്യക്തം.