October 6, 2022 Thursday

അവസാനിക്കാത്ത പോരാട്ടങ്ങള്‍ വിശ്രമമില്ലാതെ പോരാളികള്‍

Janayugom Webdesk
May 12, 2020 12:27 pm

കോറോണ എന്ന മഹാമാരായില്‍ ലോകം ഏറെ പ്രതിസന്ധിയോടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു നഴ്സസ് ദിനം കൂടി കടന്നു പോകുന്നത്. തന്റെ കുടുംബത്തെയും കുട്ടികളെയും പ്രിയപ്പെട്ടവരെയും ഉപേഷിച്ച്, സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ‘ഭൂമിയിലെ മാലാഖമാര്‍’. ലോകം മുഴുവൻ നാശം വിതയ്ക്കുന്ന മഹാമാരിയില്‍ നിന്നും സഹജീവികളെയും നാടിനെയും രക്ഷിക്കുന്നതിനു വേണ്ടി രാപ്പകലില്ലാതെ പ്രയത്നിക്കുന്ന അവര്‍ക്ക് വേണ്ടി നിരവധി പേരാണ് പ്രശംസകളുമായി എത്തിയത്.

ലോകം നേരിട്ടു കൊണ്ടിരിക്കുന്ന വലിയൊരു ഭീക്ഷണിയെ ഒറ്റക്കെട്ടായി നേരിട്ടു കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഈ ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. അവരെ ഓര്‍മ്മിക്കുന്നതിനായി ഒരു ദിനം നമുക്ക് മാറ്റി വെയ്ക്കാം. നഴ്സസ് ദിനം എന്ന് പറയുമ്പോള്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു മുഖമാണ് സിസ്റ്റര്‍ ലിനിയുടേത്. നിപ്പ എന്ന പകര്‍ച്ചാവ്യാധിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവൻ നഷ്ടമായ ലിനിയെയും നമുക്ക് ഈ സാഹചര്യത്തില്‍ സ്മരിക്കാം.

ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. ‘വിളക്കേന്തിയ വനിത’ എന്ന് അറിയപ്പെട്ട അവര്‍ 1854–56 ലെ ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി രാത്രിയിലും കത്തിച്ച റാന്തല്‍ വിളക്കുമായി അവരെ ശുശ്രൂഷിച്ചു. തന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും തെളിയിച്ച വ്യക്തിയായിരുന്നു ഫ്ലോറൻസ് നൈറ്റിൻഗേല്‍. ഈ പാത പിന്തുടര്‍ന്ന് പതിനായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികളാണ് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ഇത് കേരളത്തിലെ മാത്രം കണക്കാണ് എന്നുള്ളതും വസ്തുതയാണ്.

ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് ഒട്ടേറെ അനുഭവ കഥകള്‍ ഓര്‍ത്തെടുക്കാൻ ഉണ്ടാകും. മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യ പരിപാലനമാണ് നഴ്‌സിന്റെ കര്‍തവ്യമെന്നും ഏതു വിധത്തിലുള്ള പ്രതിസന്ധികളോടും പൊരുതുവാനും ഓരോ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനശൈലി രൂപപ്പെടുത്തേണ്ടതാണെന്നുമുള്ള ആശയമാണ് ഇത്തവണത്തെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തില്‍ പറയുന്നത്. ‘Nurs­es a voice to Lead Nurs­ing the world to Health’ എന്നതാണ് ഈ വര്‍ഷത്തെ തീം.

ലോകം മുഴുവൻ കൊറോണ പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിൽ നഴ്‌സുമാരുടെ പ്രവര്‍ത്തനം ഏറെ പ്രധാനപ്പെട്ടതാണെന്നും വാക്കുകള്‍ക്ക് അതീതമായി ലോകം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറ‍ഞ്ഞു. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ നഴ്സുമാര്‍ കാണിക്കുന്ന ധീരതയാണ് നമ്മുടെ കരുത്തെന്നും വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ വകവെയ്ക്കാതെ നാടിനു വേണ്ടി രാപ്പകലില്ലാതെ അവര്‍ അധ്വാനിക്കുകയാണെന്നും, രോഗബാധിതരായവര്‍ പോലും ഭയന്നു പിന്‍മാറാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിപ പ്രതിരോധത്തിനിടെ മരണമടഞ്ഞ നഴ്സ് ലിനി അടക്കമുള്ളവരുടെ ത്യാഗങ്ങളെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധികളില്‍ പ്രതിരോധം തീര്‍ക്കുന്ന ഓരോ മാലാഖമാരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി ജനയുഗം ഓണ്‍ലൈനിന്റെ നഴ്സസ് ദിനാശംസകള്‍ നേരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.