8 September 2024, Sunday
KSFE Galaxy Chits Banner 2

സിനിമാ നിരൂപണത്തിന്റെ ഇതിഹാസമുഖം

പി സുനിൽ കുമാർ
ഓര്‍മ്മ
July 14, 2024 3:15 am

ചലച്ചിത്ര ലോകത്തിന് പ്രിയങ്കരനായിരുന്നു ഇതിഹാസമാനങ്ങളുള്ള നിരൂപകൻ ഡറേക് മാൽക്കം. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും കലയുടെ ലോകത്തെ പലരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നതായിരുന്നു. സിനിമയെ അത്രമേൽ ജീവിതത്തോട് ചേർത്തു നിർത്തിയ കലാകാരൻ. ഓരോ ചലച്ചിത്ര മത്സരങ്ങൾക്കും മുൻപേ ഡറേക് മാൽക്കം പറയാറുള്ള പ്രവചനങ്ങൾ ശരിയാകുക ചെയ്യും. കാരണം സിനിമയെന്ന കലാരൂപത്തെ അത്രത്തോളം തന്റെ സംവേദനേന്ദ്രിയങ്ങളോട് ചേർത്തു നിർത്തി അനുഭവിച്ച ആളാണ് മാൽക്കം. സിനിമയുടെ കലാംശത്തെ തന്റെ ജൈവാംശവുമായി കൂട്ടിക്കെട്ടിയവൻ. എങ്ങനെ സിനിമ കാണണമെന്നും അനുഭവി ക്കണമെന്നും ശ്രേഷ്ട സിനിമാനുഭവം എന്തെന്നും പഠിപ്പിച്ച ആളാണ് മാൽക്കം. ഡറേക്ക് മാൽക്കം ചൂണ്ടിക്കാട്ടിയ സിനിമകൾ കാണാൻ ലോകമാകെ കാണികളുണ്ടായി. ആ വാക്കുകളുടെ വിശ്വസനീയതയിൽ സിനിമകളിലെ കലാംശത്തെ പ്രേക്ഷകർ കണ്ടെത്തി. സിനിമ ഏവരുടെയും കയ്യിലെത്തിയ ഇന്നത്തെക്കാലത്തെ നിരൂപകനല്ല ഡറേക്ക് മാൽക്കം. അപൂർവമായി മാത്രം കലാമേന്മയുള്ള ചിത്രങ്ങൾ കാണാൻ കിട്ടിയിരുന്ന കാലത്ത് നിരൂപണകലയെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന ഡറേക് മാൽക്കം നമ്മെ സിനിമ കാണാൻ പഠിപ്പിക്കുകയായിരുന്നു. സിനിമ കാണാൻ കഴിയാതെ പോകുന്നവർക്ക് തങ്ങളുടെ മനസിൽ എപ്പോഴെങ്കിലും അത് കാണണമെന്ന മോഹം സൃഷ്ടിക്കുന്ന തരത്തിൽ എഴുതുന്ന മികച്ച പത്രക്കാരനും നിരൂപകനുമായി മാറി ഡറക്ക് മാൽക്കം. മഹാന്മാരായ സിനിമക്കാരെ സൃഷ്ടിച്ച ആ തൂലിക പലരെയും തഴുകിയും നിർബന്ധമായി തിരുത്തിച്ചും മുന്നോട്ട് നിരവധി വർഷങ്ങൾ കടന്നു പോയി. പഴയ കാലം പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിവുള്ള അന്താരാഷ്ട്ര നിരൂപകരുടെ എണ്ണത്തിൽ കുറവുള്ള കാലമായിരുന്നല്ലോ. സിനിമയിൽ എല്ലാം മറക്കാൻ ഉത്തമപ്രേക്ഷകരെ നിർബന്ധിച്ചു കൊണ്ടേയിരുന്നു മാൽക്കം തന്റെ രചനകളിലൂടെ. 

ചലച്ചിത്ര മേളകളിലും മത്സരങ്ങളിലും ജനങ്ങൾക്കിടയിലിരുന്നും എല്ലാവരോടും ചിരിച്ചും സിനിമയെപ്പറ്റി വർത്തമാനം പറഞ്ഞും മാൽക്കം നടന്നു. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയും അത് കേട്ടും വിധി നിർണയങ്ങളിൽ മാൽക്കം തികഞ്ഞ ജനാധിപത്യം പുലർത്തി. പുതു ചിന്തകളും നവംനവമായ ആശയങ്ങളുടെ വിസ്ഫോടനവും ഡറേക്ക് സൃഷ്ടിച്ച ഭാവപരിസരമാണ് ചലച്ചിത്ര നിരൂപണ ശാഖയിൽ അദ്ദേഹത്തിന്റെ വരവോടെ കണ്ടത്. ചെറിയ കാലം കൊണ്ടുതന്നെ ലോകം മുഴുവൻ ആരാധകരുണ്ടായ അദ്ദേഹത്തിന് അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള അന്തർദേശീയ സിനിമാ മേളകളിൽ ഉറച്ച ഇരിപ്പിടവും സംഘാടകർ കരുതിവച്ചു. ക്രിക്കറ്റും കുതിരയോട്ട മത്സരങ്ങളും ഇഷ്ടപ്പെട്ടിരുന്ന മാൽക്കത്തിന് വാതോരാതെ സംസാരിക്കാനിഷ്ടം സിനിമ തന്നെയായിരുന്നു. സിനിമാ കമ്പോളത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ആറുപേരിൽ ഒരാളായി വളരെ വിദൂരമല്ലാത്ത നാളുകൾക്കുള്ളിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഒരു ചെറിയ പത്രത്തിൽ ഗോസിപ്പ് എഴുത്തുകാരനായി തുടങ്ങി റിപ്പോർട്ടറായും പിന്നീട് പല പല മാധ്യമങ്ങളിൽ നാടകവിമർശകനായും ഗാർഡിയൻ പത്രത്തിൽ സബ് എഡിറ്ററായും ജോലിചെയ്ത ഒരാളിന്റെ ഔദ്യോഗിക ജീവിതം അങ്ങനെയാണ് മുന്നേറിയത്. 1971 ൽ ഗാർഡിയന്റെ മുഖ്യ സിനിമാ നിരൂപകനായ അദ്ദേഹം 1997 ൽ വിരമിക്കുംവരെ അങ്ങനെ തുടർന്നു. പിന്നെ വേറെയും മാധ്യമങ്ങളിൽ സിനിമയെക്കുറിച്ചെഴുതി. സിനിമ കാണേണ്ടത് എങ്ങനെയെന്ന് ലോകത്തെ പഠിപ്പിച്ചു. ഹോളിവുഡിനും അപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു സിനിമാ കാഴ്ചപ്പാട് മാൽക്കത്തിന് ഉണ്ടായിരുന്നു. അങ്ങനെ ചിന്തിക്കാനുള്ള മനസ് ലോകപ്രശസ്തരായ മിക്ക സിനിമാ നിരൂപകർക്കും ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം.

ഡറേക്ക് മാൽക്കത്തിന് ഇന്ത്യയെയും ഇന്ത്യൻ സിനിമാക്കാരെയും ഇഷ്ടമായിരുന്നു. ഇൻഡ്യൻ പാരലൽ സിനിമാ പ്രസ്ഥാനം ശക്തമായിരുന്ന എഴുപതുകളിൽ അതിന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ അമൂല്യമാണ്. മൂന്നാം ലോക രാജ്യങ്ങളിലെ കലയെയും കലാകാരന്മാരെയും അങ്ങനെ പ്രോത്സാഹിപ്പിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ. നവസിനിമയുടെ ശ്രേണിയിൽ വന്ന നമ്മുടെ സംവിധായകരെ നിരീക്ഷിക്കുകയും അവരെ വളർത്താൻ വേണ്ട നിർദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്തിരുന്നു. അതിനായി ഇന്ത്യൻ സംസ്കാരം തന്നെ പഠനവിഷയമാക്കി ഈ പത്രപ്രവർത്തകൻ. ഇന്ത്യൻ സിനിമകൾ വിദേശ ചലച്ചിത്ര ഫെസ്റ്റിവലുകളിൽ എത്താത്തത് ശ്രദ്ധിക്കുകയും അവ എത്തിക്കാൻ നവതരംഗ സിനിമാ സംവിധായകർക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും അദ്ദേഹം നൽകി. ഇന്ത്യൻ സിനിമകൾക്ക് വേണ്ട ഇടം തന്റെ ലേഖനങ്ങളിൽ നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ലളിത് മനോഹർ ജോഷിക്കൊപ്പം ചേർന്ന് ജനപ്രിയ ബോളിവുഡ് സിനിമാ ലോകത്തെക്കുറിച്ച് 2002ൽ അദ്ദേഹം രചിച്ച പുസ്തകവും ഇൻഡ്യൻ സിനിമയ്ക്ക് കിട്ടിയ വിലപ്പെട്ട സംഭാവനയാണ്. നഷ്ടപ്പെട്ടുപോയ പല സിനിമകളുടെയും വിലയേറിയ വിവരങ്ങൾ ശേഖരിക്കാൻ ഈ പുസ്തകത്തിലൂടെ കഴിഞ്ഞു എന്നത് പ്രധാന സവിശേഷതയാണ്.

1980-കളുടെ മധ്യത്തിൽ അദ്ദേഹം ബിബിസിയുടെ ‘ദി ഫിലിം ക്ലബ്ബി’ന്റെ അവതാരകനായിരുന്നു. ലോക ശ്രദ്ധ പിടിച്ച ആ പ്രോഗ്രാം ആർട്ട് ഹൗസ് സിനിമകളുടെ വളർച്ചയ്ക്ക് വലിയ സഹായമായതായി വിലയിരുത്തപ്പെടുന്നു. വർഷങ്ങളോളം ലണ്ടൻ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായിരുന്ന ഡറക്ക് മാൽക്കം 2008‑ൽ,30-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമായി പ്രവർത്തിച്ചു. ബ്രിട്ടീഷ് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ്, ഇന്റർനാഷണൽ ഫിലിം ക്രിട്ടിക്സ് സർക്കിൾ എന്നിവയുടെ പ്രസിഡന്റും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ ഓണററി പ്രസിഡന്റുമായിരുന്നു മാൽക്കം. ദി ഗാർഡിയൻ പത്രം വിട്ടശേഷം ഡറക്ക്മാൽക്കം തന്റെ അവസാന ലേഖന പരമ്പര, ‘ദി സെഞ്ച്വറി ഓഫ് ഫിലിംസ്’ പ്രസിദ്ധീകരിച്ചു, അതിൽ ലോകമെമ്പാടുമുള്ള തന്റെ പ്രിയപ്പെട്ട സംവിധായകരുടെ സിനിമകളെക്കുറിച്ചും താൻ അഭിനന്ദിച്ച സിനിമകളെക്കുറിച്ചും ചർച്ച ചെയ്തു.
അരനൂറ്റാണ്ടോളം ലോകസിനിമയിൽ കലാമേന്മയുള്ള സിനിമകളുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിച്ച ഡറക്ക് മാൽക്കം 91-ാംവയസിൽ കലയുടെ ലോകത്തുനിന്നും യാത്രയായിട്ട് ജൂലൈ 15 ന് ഒരു വർഷമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.