കെ കെ ജയേഷ്

കോഴിക്കോട്:

December 12, 2020, 9:09 pm

തൃക്കോട്ടൂരിന്റെ ഇതിഹാസം

Janayugom Online

കൊരയങ്ങാട് തെരുവിലെ വെളിച്ചപ്പാട് ഉണ്ണിപ്പരവ ഉറഞ്ഞു തുള്ളുമ്പോൾ .… കാവുകളിൽ ചെണ്ടമേളം മുറുകുമ്പോൾ കുട്ടിയായ യു എ ഖാദറിന്റെ മനസിൽ ബർമ്മയിലെ ഗ്രാമങ്ങളിൽ കണ്ട പെഗോഡകളും ഉത്സവങ്ങളും വ്യാളീമുഖങ്ങളുമായിരുന്നു തെളിഞ്ഞിരുന്നത്. യുദ്ധകാലത്ത് ബർമ്മയിൽ നിന്ന് നാട്ടിലേക്കെത്തിയ ഖാദറിന്റെ മനസിൽ അവിടുത്തെ ഉത്സവക്കാഴ്ചകൾ നിലനിർത്തിയത് തൃക്കോട്ടുരിലെ ഉത്സവക്കാഴ്ചകൾ തന്നെയായിരുന്നു. തിക്കോടി അങ്ങാടിയുടെ പഴയ പേരാണ് തൃക്കോട്ടൂർ അംശം. എന്നാൽ യു എ ഖാദറിന്റെ കഥകളിലെ തൃക്കോട്ടൂർ തിക്കോടിയും കൊയിലാണ്ടിയും വടകരയും കടന്ന് വടക്കേ മലബാറിലാകെ നിറഞ്ഞു നിൽക്കുന്ന ഒരു ഭൂമികയാണ്. ഈ നാടുകളിലെയെല്ലാം ആചാരനുഷ്ഠാനങ്ങളും അതി ദേവതാ സങ്കൽപ്പങ്ങളുമെല്ലാം തൃക്കോട്ടൂർ ഗ്രാമത്തിലേക്ക് കൊണ്ടുവരികയായിരുന്നു യു എ ഖാദർ ചെയ്തത്. ഏകാന്തമായ ബാല്യം… മനസിൽ നിറഞ്ഞ മിത്തുകളും പുരാണങ്ങളും … നാട്ടിടവഴികളിലൂടെ നടന്നു പോയ ഖാദറിന്റെ രചനകളിലൂടെ തൃക്കോട്ടൂരും അവിടുത്തെ വീര പുരുഷന്മാരുഷൻമാരും അനുഷ്ഠാനങ്ങളും വായനക്കാരുടെ മനസിൽ ചിരപ്രതിഷ്ഠ നേടി. ഏതൊരു കേരളീയ ഗ്രാമത്തിനും അതിന്റേതായ ഒരു പ്രാദേശിക സ്വത്വമുണ്ടാവും.

U A khadar

ഗ്രാമ്യ വഴികളിൽ മിത്തുകൾ നിറഞ്ഞു നിൽക്കും. നാടോടിക്കഥകളും പുരാവൃത്തങ്ങളുമെല്ലാം അടിസ്ഥാനപ്പെടുത്തിയ ഇത്തരം ജീവിതങ്ങളാണ് ഓരോ ഗ്രാമത്തെയും വേറിട്ടതാക്കുന്നത്. നാടിന്റെ വേരുകൾക്കിടയിൽ നിന്നാണ് ഖാദർ ജീവിതങ്ങൾ ചികഞ്ഞെടുത്തത്. കഴിഞ്ഞു പോയ കാലത്തിന്റെ തുടിപ്പുകൾ തൃക്കോട്ടൂർ അങ്ങാടിയിൽ നിന്നും തൃക്കോട്ടൂർ അംശത്തിലെ നാട്ടുവഴികളിൽ നിന്നുമെല്ലാമായി അദ്ദേഹം പകർത്തിയെടുത്തപ്പോൾ അത് നാടിന്റെ ഇതിഹാസങ്ങളായി. ഗ്രാമീണതയും നാട്ടു വർത്തമാനങ്ങളുടെ ലാളിത്യവും നിറഞ്ഞ തൃക്കോട്ടൂർ കഥകൾ തൃക്കോട്ടുരിന്റെ പെരുമയായി. തിക്കോടിയുടെ പശ്ചാത്തലത്തിൽ മാതൃഭൂമിയിൽ എഴുതിയ തൃക്കോട്ടൂർ അംശം എന്ന കഥയുടെയും കൗമുദിയിൽ വന്ന പന്തലായനിയിലേക്കൊരു യാത്രയുടെയും തുടർച്ചയായാണ് തൃക്കോട്ടൂർ കഥകളും തൃക്കോട്ടൂർ പെരുമയുമെല്ലാം എഴുതപ്പെടുന്നത്.

മലയാള ഭാഷയിലുണ്ടായ ദേശ പുരാവൃത്ത രചനകളിൽ ഏറ്റവും ശ്രദ്ധേയമായ കൃതി കൂടിയാണ് തൃക്കോട്ടൂർ പെരുമ. എഴുത്തിന്റെ ലോകത്ത് മിത്തുകളിലൂടെയും അതിദേവതാ സങ്കൽപ്പങ്ങളിലൂടെയും സഞ്ചരിച്ച യു എ ഖാദർ അടിയുറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. പയ്യോളി അങ്ങാടിയിൽ കച്ചവടം നടത്തുമ്പോൾ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവമുള്ള പ്രവർത്തനങ്ങൾ പിന്നീട് ദേശാഭിമാനിയുടെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപ സ്ഥാനത്തെത്തിച്ചു. പബ്ലിക് സർവ്വീസ് കമ്മീഷൻ ടെസ്റ്റിൽ ഒന്നാം റാങ്കോടെ പാസായിട്ടും കമ്മ്യൂണിസ്റ്റ് അനുഭാവിയായതു കൊണ്ട് ആ ജോലി കിട്ടാതെ പോയ അനുഭവവും അദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നു.

Eng­lish Sum­ma­ry: The Epic of Thrikkottur

You may like this video also