“ഇത് മികച്ച ടെലിവിഷൻ ഷോ ആയിരിക്കും, ഞാൻ അത് അടിവരയിട്ട് പറയും.” ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായുള്ള നാടകീയവും എന്നാൽ പൂർണമായും നയതന്ത്രപരം അല്ലാത്തതുമായ കൂടിക്കാഴ്ചയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ ഏറ്റവും സത്യസന്ധമായ വാക്കുകളായിരുന്നു അത്. ടെലിവിഷൻ ഷോകളെ കുറിച്ച് ട്രംപിന് വ്യക്തമായ ധാരണയുണ്ട്. റിയാലിറ്റി ടിവി ഷോ മുൻ താരമായ ട്രംപ്, ആളുകളുടെ ശ്രദ്ധ എങ്ങനെ നിലനിർത്താമെന്നതിൽ സൂക്ഷ്മമായ അവബോധം സൂക്ഷിക്കുകയും ചെയ്യുന്നു. അധികാരത്തിലേക്കുള്ള തന്റെ വഴി രൂപപ്പെടുത്തുന്നതിൽ ഇത് കൃത്യമായി പ്രയോഗിച്ചിട്ടുമുണ്ട്. വല്ലാതെ ഞെട്ടിപ്പിക്കുന്നതും എന്നാൽ വിചിത്രവും അഭൂതപൂർവവുമാണ് കാഴ്ചകളെങ്കിൽ റേറ്റിങ്ങുകൾ വല്ലാതെ വർധിക്കും. ട്രംപ് ഇത്തരം നിരീക്ഷണങ്ങളിൽ കൃത്യത പുലർത്തുകയും അനുയോജ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ തന്റെ കോളുകൾ സ്വീകരിക്കാൻ തയ്യാറുള്ള ചാനൽ പ്രമുഖരെ വിളിക്കുന്നതിലും അദ്ദേഹം ശ്രദ്ധപുലർത്തുന്നു.
റേറ്റിങ്ങുകൾ ഉയർന്നിരുന്നില്ലെങ്കിൽ, ട്രംപ് മറ്റെന്തെങ്കിലും ശ്രമിക്കുമായിരുന്നു. കൂടുതൽ റേറ്റിങ്ങുകൾ, കൂടുതൽ കവറേജ്, കൂടുതൽ ശ്രദ്ധ, ഇതാണ് ട്രംപിന്റെ തന്ത്രം. ചാനലുകളോ നിലനില്പിന്റെയും കച്ചവടത്തിന്റെയും രാഷ്ട്രീയം പയറ്റുന്നു. വിജയകരമായ തെരഞ്ഞെടുപ്പ് ഫോർമുലയുമാണിത്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്നുള്ള വിശകലനങ്ങൾ വിലയിരുത്തിയതു പോലെ വീഡിയോകൾ സ്മാർട്ട് ഫോണടക്കമുള്ള ചെറിയ സ്ക്രീനുകളിലേക്കും ചെറിയ ക്ലിപ്പുകളിലേക്കും മാറിയതോടെ ജനങ്ങൾക്കിടയിൽ ഫലപ്രദമായ സ്വാധീനം ചെലുത്താനുമായി.
പോയ ആഴ്ച ട്രംപ് മാധ്യമ ശ്രദ്ധ എങ്ങനെ നിലനിർത്തിയെന്ന് നോക്കാം. തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ, ട്രംപ് ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, ഉക്രെയ്ൻ എന്നീ രാജ്യങ്ങളുടെ നേതാക്കളെ വൈറ്റ് ഹൗസിൽ സ്വീകരിച്ചു. ഓരോ തവണയും ലോക കാമറകൾക്ക് മുന്നിൽ ഒരു സ്വതന്ത്ര ചർച്ച സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കി.
പോയ ആഴ്ചയിലെ എല്ലാ ടെലിവിഷൻ മീറ്റിങ്ങുകളിലും, സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഏറ്റവും ഞെട്ടിപ്പിച്ചത്. സിഎൻഎൻ നെറ്റ്‌വർക്കിന്റെ രാജ്യാന്തര അവതാരക ക്രിസ്റ്റ്യൻ അമൻപോർ സ്തബ്ധനായി മുഖം കൈകൾ കൊണ്ട് മറച്ചുപിടിച്ചു. പിന്നെ പറഞ്ഞു, “എന്റെ ജീവിതത്തിൽ ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല,
” റഷ്യ തന്റെ രാജ്യം ആക്രമിച്ചതു മുതൽ വാഷിങ്ടണിൽ യുഎസ് പിന്തുണയ്ക്കായി ശ്രമിച്ച ഉക്രെയ്‌ന്‍ അംബാസഡർ ഒക്സാന മാർക്കറോവ കൈ തലയിൽ അമർത്തി, “ഇത് ശരിക്കും സംഭവിക്കുന്നതോ?” “ഉക്രെയ്ന്റെ ഭാവിക്ക് ഇത് എന്താണ് അർത്ഥമാക്കുന്നത്?” എന്നിങ്ങനെ ചോദിക്കുന്നത് പോലെയായിരുന്നു.
“ഇത് ചെയ്യാൻ കഴിയുമോ എന്ന് നമുക്ക് നോക്കണം,” റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സാധ്യമായ വെടിനിർത്തൽ കരാറിനെക്കുറിച്ച് ട്രംപ് പറഞ്ഞു. “ഞാൻ കാർക്കശ്യക്കാരനാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ള ഏതൊരാളേക്കാളും എനിക്ക് കാഠിന്യമുള്ളവനാകാൻ കഴിയും. എന്തായാലും നിങ്ങൾക്ക് ഒരിക്കലും അങ്ങനെ ഒരു കരാർ ലഭിക്കാൻ പോകുന്നില്ല.”
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇടപെട്ടു. “നാല് വർഷക്കാലം, പത്രസമ്മേളനങ്ങളിൽ എഴുന്നേറ്റു നിന്ന് വ്ലാദിമിർ പുടിനെക്കുറിച്ച് പരുഷമായി സംസാരിച്ച ഒരു പ്രസിഡന്റ് ഉണ്ടായിരുന്നു. ജോ ബൈഡന്റെ വഴികൾ ഞങ്ങൾ പരീക്ഷിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ പ്രവൃത്തികളേക്കാൾ പ്രധാനം അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകളാണെന്ന് അദ്ദേഹം നടിച്ചു.” പ്രതികരണത്തിന് സെലെൻസ്കി മുതിർന്നു. സാധാരണയായി ഒരു ദ്വിഭാഷിയെ ആശ്രയിച്ചിരുന്നു. എന്നാൽ നേരിട്ട് ഇംഗ്ലീഷിൽ നേരെ സംസാരിച്ചു തുടങ്ങി. 2014 മുതൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉക്രെയ്‌നിന്റെ വിവിധ ഭാഗങ്ങൾ എങ്ങനെയാണ് കൈവശപ്പെടുത്തിയതെന്ന് അദ്ദേഹം വിവരിച്ചു. “ഞങ്ങൾ പുടിനുമായി ധാരാളം സംഭാഷണങ്ങൾ നടത്തി. അദ്ദേഹം വെടിനിർത്തൽ ലംഘിച്ചു. അദ്ദേഹം നമ്മുടെ ആളുകളെ കൊന്നു. ഏതുതരം നയതന്ത്രത്തെക്കുറിച്ചാണ്, ജെ ഡി, നിങ്ങൾ സംസാരിക്കുന്നത്?”
“നിങ്ങളുടെ രാജ്യത്തിന്റെ നാശം അവസാനിപ്പിക്കാൻ പോകുന്ന നയതന്ത്രത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. മിസ്റ്റർ പ്രസിഡന്റ്, ആദരവോടെ പറയട്ടെ, നിങ്ങൾ ഓവൽ ഓഫിസിൽ വന്ന് അമേരിക്കൻ മാധ്യമങ്ങൾക്ക് മുന്നിൽ ഈ വാദങ്ങൾ നിരത്താൻ ശ്രമിക്കുന്നത് അനാദരവാണെന്ന് ഞാൻ കരുതുന്നു,” വാൻസ് പറഞ്ഞു.
സെലൻസ്കി തന്റെ നിലപാട് വ്യക്തമാക്കി. “ഞങ്ങൾക്ക് എന്തൊക്കെ പ്രശ്നങ്ങളുണ്ടെന്ന് കാണാൻ നിങ്ങൾ എപ്പോഴെങ്കിലും ഉക്രെയ്‌നിൽ വന്നിട്ടുണ്ടോ? ഒരിക്കൽ വരൂ,” അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക് സമുദ്രമുണ്ട്, പ്രശ്നങ്ങൾ അനുഭവപ്പെടുന്നില്ല. എന്നാൽ ഭാവിയിൽ നിങ്ങൾക്ക് അത് അനുഭവപ്പെടും.”
ട്രംപ് ഇടപെട്ടു. “ഞങ്ങൾക്ക് എന്ത് തോന്നുമെന്ന് ഞങ്ങളോട് പറയരുത്,” “ഞങ്ങൾ ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് എന്ത് തോന്നണമെന്ന് നിർദേശിക്കാൻ നിങ്ങൾക്ക് അധികാരമില്ല. ഞങ്ങൾക്ക് വളരെ ഉത്തമം എന്നു തോന്നും. ഞങ്ങൾക്ക് വളരെ നല്ലതായും വളരെ ശക്തമായും തോന്നും.” സ്വരമുയർത്തി ട്രംപ് തുടർന്നു. “നിങ്ങൾ ഇപ്പോൾ അത്ര നല്ല നിലയിലല്ല. വളരെ മോശം അവസ്ഥയിലായിരിക്കാൻ നിങ്ങൾ നിങ്ങളെ തന്നെ അനുവദിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് മനുഷ്യ ജീവൻ കൊണ്ടാണ് നിങ്ങൾ ചൂതാട്ടം നടത്തുന്നത്. മൂന്നാം ലോകമഹായുദ്ധവുമായി നിങ്ങൾ ചൂതാട്ടം തുടരുന്നു, പലരും പറയുന്നതിലും കൂടുതൽ നിങ്ങളെ പിന്തുണച്ച ഈ രാജ്യത്തോട് നിങ്ങൾ ചെയ്യുന്നത് വളരെ അനാദരവാണ്.”
ആ നിമിഷത്തിന്റെ നാടകീയതയെക്കുറിച്ച് അറിയാമായിരുന്ന ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു, “ഇന്ന് വൈറ്റ് ഹൗസിൽ ഞങ്ങൾക്ക് വളരെ അർത്ഥവത്തായ ഒരു മീറ്റിങ് ഉണ്ടായിരുന്നു. അതിൽ ഒരിക്കലും മനസിലാക്കാൻ കഴിയാത്ത പലതും പഠിച്ചു. തീപാറുന്ന സാഹചര്യത്തിലും കടുത്ത സമ്മർദത്തിലും നടക്കുന്ന സംവാദങ്ങളില്ലാതിരുന്നെങ്കിൽ ഇത് അസാധ്യമായിരുന്നു. സെലൻസ്കി അമേരിക്കൻ ഐക്യനാടുകളെ അതിന്റെ പ്രിയപ്പെട്ട ഓവൽ ഓഫിസിൽ എത്തി അനാദരവ് കാട്ടി. സമാധാനത്തിന് തയ്യാറാകുമ്പോൾ അദ്ദേഹത്തിന് തിരിച്ചുവരാൻ കഴിയും.”
ലോക നേതാക്കൾ ഇത്തരം പ്രദർശനങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്. ട്രംപിന്റെ കാമറകളോടുള്ള സ്നേഹം. എല്ലാ ഇടപാടുകളും തന്റേതാക്കി നേടാനുള്ള മികവ്. ആഡംബരത്തോടും അനുകൂല സാഹചര്യത്തോടുമുള്ള സ്നേഹം. ഇവ അവരിൽ പലർക്കും മനസിലാകും. യുകെ പ്രധാനമന്ത്രി സ്റ്റാമർ, മുഖസ്തുതിയും പൂക്കളും രാജ്യം സന്ദർശിക്കുന്നതിന് ചാൾസ് മൂന്നാമൻ ഒപ്പിട്ട ക്ഷണക്കത്തും സഹിതമാണ് എത്തിയത്. അമേരിക്കയിലെ യുകെ അംബാസഡർ പീറ്റർ മണ്ടൽസൺ ഈ നിമിഷത്തിനായി കൃത്യമായി തയ്യാറെടുത്തിരുന്നു. ട്രംപ് അഭിമാനത്തോടെ ക്ഷണക്കത്ത് കാമറകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ, ക്ഷണം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കാൻ സ്റ്റാർമർ മിടുക്കനായിരുന്നു. അപ്പോൾ തന്നെ ട്രംപ് ക്ഷണം സ്വീകരിച്ചു. സന്തോഷത്തോടെ കാമറകൾക്ക് മുന്നിൽ ആ നിമിഷം അവതരിപ്പിച്ചു. വാൻസുമായും ട്രംപുമായും നടത്തിയ സംഭാഷണത്തിൽ സെലൻസ്കിയുടെ പോരായ്മ, തിരക്കഥയെ അട്ടിമറിക്കാൻ അദ്ദേഹം ധൈര്യപ്പെട്ടു എന്നതാണ്. ഇതാണ് “അമേരിക്കൻ മാധ്യമങ്ങൾക്ക് മുന്നിൽ വ്യവഹാരം നടത്താൻ ശ്രമിച്ചതിന്” എന്ന പ്രയോഗം വാൻസിൽ നിന്ന് ഉണ്ടാകാൻ വഴിയായത്. കാമറകളുടെ മുമ്പിൽ ട്രംപ് ഒരു സഹ നേതാവിനെപ്പോലെയല്ല, മറിച്ച് ഒരു സർവശക്തനായ രാജാവായി പരിഗണിക്കപ്പെടാൻ എക്കാലവും ആഗ്രഹിക്കുന്നുവെന്ന് സെലൻസ്കി മറന്നു. “നിങ്ങൾ എപ്പോഴെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോ? “ഒരു ഘട്ടത്തിൽ വാൻസ് പറഞ്ഞതിനെ ഇവിടെ കൂട്ടിവായിക്കാം.
അമേരിക്കൻ സന്ദർശനത്തിന് എത്തിയ ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ട്രംപിന് ഉക്രേനിയൻ ബോക്സറും സർവാംഗീകൃത ചാമ്പ്യനുമായ ഒലക്സാണ്ടർ ഉസിക്കിന്റെ ചാമ്പ്യൻഷിപ്പ് ബെൽറ്റായിരുന്നു സമ്മാനിച്ചത്. നയതന്ത്രവേദിയിൽ ലോക നേതാക്കൾ ബോക്ലിങ് റിങ്ങിൽ എന്ന പോലെ തമ്മിലടിച്ചു പിരിഞ്ഞു. ചാമ്പ്യൻഷിപ്പ് ബെൽറ്റ് എന്തായാലും ഫലം പുറപ്പെടുവിച്ചുവെന്ന് ഒലക്സാണ്ടർക്ക് ആശ്വസിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.