25 April 2024, Thursday

Related news

April 24, 2024
April 20, 2024
April 20, 2024
April 13, 2024
March 14, 2024
February 15, 2024
January 29, 2024
January 20, 2024
December 12, 2023
August 14, 2023

ഒഴിപ്പിക്കല്‍ വരുന്നു; അനധികൃത കുടിയേറ്റക്കാരെ തുരത്തണമെന്ന് അമിത് ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
November 14, 2022 11:26 pm

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, തടങ്കലിലാക്കി, നാടുകടത്താനാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത്തരക്കാരെ അയല്‍ രാജ്യങ്ങള്‍ സ്വീകരിക്കും വരെ അടിച്ചമര്‍ത്തല്‍ തുടരാനും ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം ഒമ്പതിന് സംസ്ഥാനങ്ങളിലെ സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോകളുമായുള്ള (എസ്‌ഐ‌ബി) യോഗത്തിലാണ് കേന്ദ്രമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ സംസ്ഥാനത്തും നൂറോളം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനും അവരുടെ രേഖകൾ പരിശോധിക്കാനും കഴിയുമെങ്കിൽ അറസ്റ്റു ചെയ്യാനും ഉദ്യോഗസ്ഥരെ അമിത് ഷാ യോഗത്തില്‍ ചുമതലപ്പെടുത്തി.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി വോട്ടര്‍പ്പട്ടികയില്‍ നിന്ന് അവരെ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ചതായി 2018ല്‍ ഷാ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ 2019ല്‍ അസം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററി (എന്‍ആര്‍സി) ന്റെ അന്തിമ പട്ടികയില്‍ നിന്നും 19 ലക്ഷം പേരെ പുറത്താക്കി. രാജ്യത്തുടനീളം ഈ നടപടി തുടരുമെന്നും അമിത് ഷാ അറിയിച്ചിരുന്നു. നിയമാനുസൃതമായി ഇന്ത്യൻ പൗരന്മാരായവരുടെ ഔദ്യോഗിക രേഖയാണ് എൻആർസി. അസം സംസ്ഥാനത്ത് മാത്രമാണ് ഇത്തരമൊരു ഡാറ്റാബേസ് നിലനിർത്തിയിട്ടുള്ളത്.
ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പഞ്ചാബില്‍ സിഖ് വിഭാഗത്തിലുള്ളവര്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഈ നിര്‍ദ്ദേശം.
പഞ്ചാബിൽ മതപരിവർത്തന വിരുദ്ധ നിയമം വേണമെന്ന് സിഖ് സമൂഹം ആലോചിക്കേണ്ടതുണ്ടെന്ന് അടുത്തിടെ അകാൽ തഖ്ത് ജതേദാർ പറഞ്ഞിരുന്നു. വിദേശ ശക്തികളുടെ ധനസഹായത്തോടെ ക്രിസ്ത്യൻ മിഷനറിമാർ ദരിദ്രരായ സിഖുകാരെയും ഹിന്ദുക്കളെയും മതപരിവർത്തനം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

2011 ലെ സെൻസസ് പ്രകാരം, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 1.26 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ. നേരത്തെ ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യും ഇത്തരത്തില്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 17,18 തീയതികളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവികള്‍ പങ്കെടുത്തിരുന്നു. അതിർത്തി ജില്ലകളിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ സംബന്ധിച്ച് കർശന ജാഗ്രത പുലർത്താൻ ഡിജിപിമാര്‍ക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഉത്തർപ്രദേശിലെയും ബിഹാറിലെയും അതിർത്തി ജില്ലകളിലെ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നതിനെക്കുറിച്ച് ഐബി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം ജനസംഖ്യാ മാറ്റങ്ങള്‍ക്ക് പ്രദേശങ്ങളിലെ കടുത്ത ദാരിദ്ര്യവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അതിര്‍ത്തി മേഖലകളിലെ ജനസംഖ്യാ വര്‍ധനവ് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നാണ് സെപ്റ്റംബര്‍ 19–21 തീയതികളില്‍ നടന്ന ഡിജിപിമാരുടെ വാര്‍ഷിക സമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞത്. 

Eng­lish Summary:The evac­u­a­tion is com­ing; Amit Shah wants to dri­ve out ille­gal immigrants
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.