February 4, 2023 Saturday

കൊറോണക്കാലത്തെ ദുഷ്ടമാനസങ്ങൾ

വി പി ഉണ്ണികൃഷ്‌ണൻ
മറുവാക്ക്
April 3, 2020 4:15 am

ഭൂലോകമാകെ നിശ്ചലാവസ്ഥയിലാണ്. ജനജീവിതം അനിശ്ചിതമായ സ്തംഭനാവസ്ഥയിലും. ലോകചരിത്രത്തിലെ അഭൂതപൂർവ്വമായ ഈ സന്നിഗ്ധ ഘട്ടത്തിൽ മഹാമാരി മരണമാരി പെയ്യിച്ചുകൊണ്ടിരിക്കുന്നു. ഇതെഴുതുമ്പോൾ “കോവിഡ് 19′ വൈറസ് തേരോട്ടം തുടങ്ങിയിട്ട് മൂന്നുമാസം പിന്നിടുന്നു. 2019 ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട അരൂപിയായ രോഗവാഹകൻ രാജ്യാതിർത്തികൾ മറികടന്ന് ലോകത്തെയാകെ ഗ്രസിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇതുവരെ ലോകത്താകെ എട്ടു ലക്ഷത്തിലേറെ മനുഷ്യർക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. 47,000 ത്തിലേറെ മനുഷ്യജീവനുകൾ ഈ മഹാമാരി ഇതിനകം കവർന്നെടുത്തു. എല്ലാ ഭിന്നതകളും വിസ്മരിച്ച് ഭയാനകമാരിയെ അതിജീവിക്കുവാൻ ലോകമാകെ കൈകോർത്തുപിടിച്ച് പൊരുതുന്നു. ആ പ്രതിരോധ കൂട്ടായ്മയിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള മുൻകാല ശത്രുതയും വർത്തമാനകാല വൈരവും ഒലിച്ചില്ലാതായി. ഇന്ന് ഒരേയൊരു ശത്രുമാത്രം.

കോവിഡ് 19 എന്ന കൊടിയ ശത്രു. ഇന്ത്യയും വൈരുദ്ധ്യങ്ങളെയെല്ലാം കടലിലൊഴുക്കി തോളോടുതോൾ ചേർന്ന് പൊരുതുകയാണ്. ഇവിടെ കക്ഷി-രാഷ്ട്രീയഭേദങ്ങളില്ല, ജാതി-മത-വർണ-വർഗവ്യത്യാസമില്ല. മനുഷ്യൻ മാത്രമാണ് മുന്നിൽ. പ്രകൃതി നൽകുന്ന വലിയ പാഠം ഇന്ത്യൻ ജനത ഇന്ന് ഏറ്റുപാടുകയാണ്. മനുഷ്യനും ഇതര ജീവജാലങ്ങളും പ്രകൃതിയുമാണ് ശാശ്വതം എന്ന വലിയ പാഠം. കേന്ദ്ര സർക്കാരിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഉപദേശ നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാന സർക്കാരുകളും അക്ഷരം പ്രതി നടപ്പിലാക്കുന്നു. കേരളം ഇക്കാര്യത്തിൽ രാഷ്ട്രത്തിനും ലോകത്തിനു തന്നെയും മാതൃകയായി. ഇന്ത്യയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ചത് രണ്ടര മാസങ്ങൾക്ക് മുമ്പ് തൃശൂരിലാണ്. ചൈനയിൽ നിന്ന് എത്തിയ വിദ്യാർത്ഥികളിലൂടെ. തൃശൂരിലും ആലപ്പുഴയിലും അതിശയകരമായ ആരോഗ്യ പ്രവർത്തനങ്ങളിലൂടെയും പ്രതിരോധ സംവിധാനങ്ങളിലൂടെയും കേരളം ആ ഘട്ടത്തെ അതിജീവിച്ചു. ഈ ഘട്ടങ്ങളിലും കരുതലോടെയുള്ള മുന്നൊരുക്കങ്ങളിലൂടെയും പ്രതിരോധ സജ്ജീകരണങ്ങളിലൂടെയും അതിജീവനത്തിന്റെ, പ്രത്യാശയുടെ വഴികൾ കേരള സർക്കാർ സർവ്വരുടെയും പിന്തുണയോടെ സൃഷ്ടിക്കുകയാണ്. രാജ്യവും ലോകമാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും കേരളത്തിന്റെ ഈ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. കൂടുതൽ ജാഗ്രതയോടെ കേരളം മുന്നോട്ടുപോവുമ്പോൾ ചില ദുഷ്ടമാനസങ്ങളുടെ വിളയാട്ടങ്ങൾ കേരള ജനതയെ ദുഃഖത്തിലാഴ്ത്തുന്നു. കോവിഡ് 19 പ്രതിരോധത്തിനിടയിലും വില കുറഞ്ഞതും മനുഷ്യത്വരഹിതവുമായ രാഷ്ട്രീയം കളിക്കുവാനും സ്ഥാപിത താൽപര്യങ്ങൾ കൊയ്യുവാനും ചില അധമ ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുവരുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പായിപ്പാട് കണ്ടതും പിന്നാലെ പെരുമ്പാവൂരിൽ പ്രകടിപ്പിക്കുവാൻ തുനിഞ്ഞതുമായ കുത്സിത പ്രവൃത്തികൾ ഇതിന്റെ ഭാഗമാണ്. “പുരകത്തുമ്പോൾ വാഴവെട്ടുന്നവർ’ എന്ന ചൊല്ല് ഈ പ്രവൃത്തിയെ ഉപമിക്കുവാൻ പര്യാപ്തമല്ല. പുര കത്തുമ്പോൾ പുരമാകെ കത്തിക്കുവാനുള്ള നീചമനോവൈകൃതമാണ് ഇക്കൂട്ടർ പ്രകടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾ പണിയെടുക്കുന്ന സംസ്ഥാനമാണ് കേരളം. പായിപ്പാട് പഞ്ചായത്തിൽ മാത്രം അവർ പതിനായിരങ്ങൾ ഉണ്ടെന്നാണ് കണക്ക്. ലോക്ക്ഡൗൺ നിലവിൽ വന്ന് അഞ്ചു ദിവസം യാതൊരു പരാതിയും പരിഭവവുമില്ലാതെ സഹകരിച്ചവർ, സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നടപടികളിൽ സമ്പൂർണ സംതൃപ്തി പ്രകടിപ്പിച്ചവർ 29-ാം തീയതി രാവിലെ 11 മണിക്ക് പൊടുന്നനെ സംഘടിതരായി തെരുവിലിറങ്ങി. പൊടുന്നനെ ആയിരുന്നെങ്കിലും സംഭവം യാദൃച്ഛികമായിരുന്നില്ല, ആസൂത്രിതമായിരുന്നു എന്ന് ആർക്കും വ്യക്തമാവും. അതിനു പിന്നിൽ നടന്ന ഗൂഢാലോചനയുടെ ചുരുളുകൾ അഴിയാൻ തുടങ്ങിയിട്ടുണ്ട്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന വ്യാജ വീഡിയോ-ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനു പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളും പിന്നാലെ പുറത്തുവരും. ഒന്നിലധികം ചിദ്രശക്തികൾ ഇതിനു പിന്നിലുണ്ടെന്ന് മുഖ്യമന്ത്രി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയാണ് തെരുവിലിറങ്ങിയവർ ആദ്യം ഉന്നയിച്ചത്. കാളപെറ്റു എന്നു കേട്ടപ്പോൾ കയറെടുത്ത ചില ദൃശ്യമാധ്യമങ്ങൾ തെരുവിൽ സംഘടിച്ചവരുടെ ചലനദൃശ്യങ്ങൾ പ്രദർശിപ്പിച്ച്, നാടിന്റെ പൊതു താൽപര്യം മറന്ന് തൊഴിലാളികൾക്ക് ഭക്ഷണമില്ലെന്ന പ്രചാരണത്തോടെ ചർച്ചകൾ ആരംഭിച്ചു. എന്നാൽ മഹാഭൂരിപക്ഷം ചാനലുകൾ നിമിഷങ്ങൾക്കുള്ളിൽ സത്യാവസ്ഥ പുറത്തുവിട്ടു. ചില ചാനലുകൾ തെരുവിലിറങ്ങിയവരുടെ ദൃശ്യങ്ങളോ, അസംബന്ധ പ്രസ്താവനകളോ പ്രക്ഷേപണം ചെയ്യില്ലെന്ന ഉറച്ച നിലപാട് കൈക്കൊണ്ടു. യഥാർത്ഥ മാധ്യമധർമ്മത്തെയാണ് അവർ മാറോടു ചേർത്തുപിടിച്ചത്. അതിന് അവർ നവമാധ്യമങ്ങളിലൂടെയും ഫോണുകളിലൂടെയും വധഭീഷണികളും അസഭ്യവർഷവും ഏറ്റുവാങ്ങേണ്ടിവന്നു. ഭക്ഷണമില്ലായ്മയല്ല കാരണമെന്നും ആവശ്യത്തിന് ഭക്ഷണവും മറ്റു സൗകര്യങ്ങളും അവരുടെ ആവശ്യപ്രകാരം സജ്ജീകരിച്ചിട്ടുമുണ്ടെന്നുള്ള സത്യാവസ്ഥ ചാനലുകാർ തന്നെ പുറത്തുവിട്ടു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാരിന്റെ ആകെയും സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് പ്രശ്നം സങ്കീർണമാവാതെ അവസാനിച്ചു. ഭക്ഷണമല്ല പ്രശ്നം നാട്ടിലേക്ക് മടങ്ങണം എന്നതാണ് ആവശ്യമെന്ന് കളം മാറ്റി ചവിട്ടി. അവരവർ നിൽക്കുന്ന ഇടങ്ങളിൽ തന്നെ ലോക്ഡൗൺ കഴിയുന്നതു വരെ കഴിഞ്ഞുകൂടണമെന്ന് നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. അതുകൊണ്ടു തന്നെ ആ ആവശ്യം സാധ്യമല്ലെന്ന് അറിയാമായിരുന്നിട്ടും കോവിഡ് പ്രതിരോധത്തിനായി കേരളം നടത്തുന്ന യശസ്സാർന്ന പ്രവർത്തന മികവിനുമേൽ കരിവാരിത്തേയ്ക്കാൻ ഇവരെ പ്രേരിപ്പിച്ചതാരാണ്? ഇന്നത്തെ ഘട്ടത്തിൽ മരണവാതിലുകൾ കൊട്ടിയടയ്ക്കുന്നതിന് ഏറ്റവും അനിവാര്യമായ സമ്പർക്കവിലക്കിന് തുരങ്കം വയ്ക്കുവാൻ ശ്രമിച്ചതാരാണ്? വരും നാളുകളിൽ അത് തെളിയിക്കപ്പെടുമായിരിക്കും. ഇത്തരമൊരു ഘട്ടത്തിൽ ചില രാഷ്ട്രീയ നേതാക്കളുടെ പൊയ്‌മുഖം അഴിഞ്ഞുവീഴുന്നതും കേരളം കണ്ടു. പായിപ്പാട് സംഭവസ്ഥലത്തെത്തിയ ബിജെപി നേതാവ് രാധാകൃഷ്ണ മേനോൻ അതിഥി തൊഴിലാളികളുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളോടു പറഞ്ഞത് ഇവർക്ക് നാട്ടിൽ പോകാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തുവാൻ ബംഗാൾ‑കേരള സർക്കാരുകൾ ഇടപെടണമെന്നാണ്. സ്വന്തം പ്രധാനമന്ത്രി പറഞ്ഞത് അറിയാത്തതുകൊണ്ടല്ല, ഈ പരിഹാസ്യവർത്തമാനം നടത്തുന്നത്. കലക്ക വെള്ളത്തിൽ മീൻപിടിക്കുക എന്ന വിലകുറഞ്ഞ, നെറികെട്ട രാഷ്ട്രീയക്കളി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചാനൽ മുറികളിൽ വന്നിരുന്ന് പറയുകയും അച്ചടി മാധ്യമങ്ങൾക്ക് എഴുതി നൽകുകയും ചെയ്തത് കേരളത്തിലാകെ ക്വാറന്റൈൻ സംവിധാനം തകർന്നിരിക്കുന്നുവെന്നും “അന്യ സംസ്ഥാന തൊഴിലാളികൾ’ ഇവിടെ അരക്ഷിതരാണെന്നുമാണ്. രാഷ്ട്രീയത്തിലെ ബഫൂണുകൾ എന്നു തെളിയിച്ച ഇക്കൂട്ടർ നാടാകെ അതിജീവനത്തിന്റെ വഴി തേടുന്ന വേളയിൽ അതിനെ തുരങ്കം വയ്ക്കുന്ന മനുഷ്യ‑ദേശദ്രോഹികളുടെ കുപ്പായം കൂടി അണിയുകയാണ്. രാജ്യത്ത് ഏറ്റവും മികച്ച പ്രതിരോധ പ്രവർത്തനം നടത്തുന്ന, കേന്ദ്രസർക്കാർ തന്നെ പ്രകീർത്തിക്കുന്ന കേരളത്തെ ഇകഴ്ത്താൻ ശ്രമിക്കുന്ന തല്പര കക്ഷികളെ ജനം പുച്ഛിച്ചു തള്ളിയിരിക്കുന്നു. അതിഥി തൊഴിലാളികൾ എന്ന് കേരളം സംബോധന ചെയ്യുന്നതിൽ തന്നെ ഈ നാടിന്റെ സമീപനം വ്യക്തമാണ്. അയ്യായിരത്തിലേറെ ക്യാമ്പുകളിലായി ഒന്നേമുക്കാൽ ലക്ഷം തൊഴിലാളികളെ എല്ലാ പരിരക്ഷയോടും കൂടി സംരക്ഷിക്കുകയാണ് കേരളം. എന്നാൽ സുരേന്ദ്രന്റെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കൂടി നാം കണ്ണോടിക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് തൊഴിലാളികൾ എല്ലാ വിലക്കുകളും ലംഘിച്ച് അഭയാർത്ഥികളെപ്പോലെ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നു. ദുരിതപർവ്വങ്ങൾ താണ്ടി സ്വന്തം ഗ്രാമത്തിലെത്തിച്ചേരുന്നവരെ ഗ്രാമവാസികൾ ആട്ടിയോടിക്കുകയും മരങ്ങളിൽ കെട്ടി തൂക്കിനിർത്തുകയും ചെയ്യുന്ന ദാരുണ ചിത്രം നാം കാണുന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ എത്തിച്ചേർന്ന മനുഷ്യരെ പൊതുനിരത്തിൽ കൂട്ടത്തോടെ കുത്തിയിരുത്തിച്ച് വാഹനങ്ങളിൽ തളിക്കുന്ന അണുനാശിനി വർഷിക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടു. സ്ത്രീകളും കുട്ടികളുമടങ്ങുന്നവർക്ക് നേരെയാണ് ഈ ക്രൂരമായ മനുഷ്യാവകാശ ധ്വംസനം അരങ്ങേറിയത്. അവരാണ് ലോകം പ്രകീർത്തിക്കുന്ന കേരളത്തിനു നേരെ വിരൽ ചൂണ്ടി അപഹാസ്യരാകുന്നത്. നവമാധ്യമങ്ങളിലൂടെ സംഘികൾ നടത്തുന്ന വിദ്വേഷ പ്രസ്താവനകൾ തന്നെ അവരുടെ മനോവൈകല്യം വിളിച്ചറിയിക്കുന്നുണ്ട്. പായിപ്പാട് സംഭവത്തിനു പിന്നാലെ കാവി പശ്ചാത്തലത്തിൽ ഒരു യുവസംഘി ഇങ്ങനെ കുറിച്ചു; “ആള് കൂടിയാൽ കൊറോണ പടരും. പിണറായി വിജയന്റെ ആഫീസ് പൂട്ടും’ പിന്നാലെ സംഘി പറയുന്നൂ, പായിപ്പാട്ടെ മൂവായിരത്തോളം ബംഗാളികൾക്ക് പിന്നാലെ പെരുമ്പാവൂരിലെയും അങ്കമാലിയിലെയും ബംഗാളികൾ കൂടി തെരുവിലിറങ്ങുമെന്ന്. സ്വന്തം ചിത്രംകൂടി ചേർത്താണ്, ചാണകം ദേഹത്ത് പൂശിയാൽ, ഗോമൂത്രം കുടിച്ചാൽ കൊറോണ പറപറക്കുമെന്ന് പറയുന്ന സംഘികളുടെ പ്രതിനിധി വാട്സ്ആപ്പ് സന്ദേശമയച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ചലച്ചിത്ര സംവിധായകൻ രാജസേനൻ പായിപ്പാടിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു, അവരെ അതിഥിതൊഴിലാളികൾ എന്നു വിളിക്കുന്നത് മഹാപാതകമാണ്

. അന്യ സംസ്ഥാന തൊഴിലാളികളായ അവരെ ആട്ടിപ്പുറത്താക്കാനുള്ള സുവർണാവസരമാണിതെന്ന്. “മണ്ണിന്റെ മക്കൾ’ വാദമുയർത്തുന്ന രാജസേനൻമാർ മറന്നു പോകുന്നത് മലയാളി തൊഴിലെടുക്കാത്ത ഒരു സംസ്ഥാനവും ഇന്ത്യാ ഭൂപടത്തിലില്ലെന്ന വസ്തുതയാണ്. ഇതിനിടയിലും പായിപ്പാട്ടെ വിചിത്ര സംഭവത്തിൽ ഗൂഢാലോചന രാജസേനനും മണക്കുന്നുണ്ട്. നിലമ്പൂരിൽ വ്യാജസന്ദേശമയച്ചതിൽ പിടികൂടപ്പെട്ട രണ്ടുപേർ യൂത്ത് കോൺഗ്രസുകാരാണെന്നതും ഓർക്കണം. അവരെ തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ന്യായീകരിക്കുന്നതും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട കളക്ടറെ അപഹസിക്കുന്ന നാണംകെട്ട പ്രവൃത്തിയും കേരളം കണ്ടു. ഇന്ത്യൻ ഫെഡറൽ തത്വങ്ങളെ ധ്വംസിക്കുകയും മനുഷ്യത്വത്തെ കടലിലെറിയുകയും ചെയ്യുന്നു ഈ കോവിഡ് ദുരന്തകാലത്ത് കർണാടകയിലെ ഭരണകൂടം. അതിർത്തികളാകെ അടച്ചു. വിചിത്രവും അതിശയകരവുമായ നിലയിലാണ് അതിർത്തി അടയ്ക്കൽ നടപ്പാക്കിയത്. ബാരിക്കേഡുകൾ മാത്രമല്ല, മൺകൂമ്പാരങ്ങൾ കൊണ്ടും അതിർത്തികൾ പൂട്ടി. കാസർകോട് ജില്ലയിലെ ആയിരക്കണക്കിന് അർബുദ‑വൃക്ക‑ഹൃദയ രോഗികൾ ചികിത്സ തേടുന്നത് മംഗലാപുരത്താണ്. ഡയാലിസിസ് ഉൾപ്പെടെയുള്ള അവരുടെ തുടർചികിത്സയാകെ നിഷേധിക്കുന്ന കൊടും ദാരുണത അവർ അരങ്ങേറ്റി. ആംബുലൻസുകൾ പോലും കടത്തിവിടാത്ത ബീഭത്സതയുടെ ഫലമായി ഇതിനകം ഏഴു മനുഷ്യ ജീവനുകൾ പൊലിഞ്ഞു. കേരള സർക്കാർ, കർണാടക സർക്കാരുമായി ചർച്ച നടത്തിയതുകൊണ്ട് ഫലം കാണാതായപ്പോൾ പ്രധാനമന്ത്രിയെ സമീപിച്ചു. ആരോഗ്യ സംരക്ഷണവും ചരക്കുഗതാഗതവും അവശ്യ സർവ്വീസുകളാണെന്നും അതിർത്തികൾ അതിനായി തുറന്നു നൽകണമെന്നാവശ്യപ്പെട്ടിട്ടും യദ്യൂരപ്പ സർക്കാർ സന്നദ്ധമല്ല. കേരള ഹൈക്കോടതി കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ മാനിക്കണമെന്നും അതിർത്തികൾ തുറക്കണമെന്നും ഉത്തരവിട്ടെങ്കിലും കർണാടകയിലെ ജനങ്ങളുടെ സുരക്ഷയെ മാനിക്കണമെന്നാണ് ഹൈക്കോടതിയിൽ കർണാടക സർക്കാർ നിലപാട് കൈക്കൊണ്ടത്. അതിർത്തി തുറക്കുന്നതിന് കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിന് കർണാടക സർക്കാർ തയ്യാറായിട്ടില്ല. കൊറോണ കേരളത്തെ മാത്രം ഗ്രസിച്ച ഒന്നല്ല, ലോകമാകെ ഗ്രസിച്ച കൊടുംമാരിയുടെ കാലത്ത് ജീവന്റെ പരിരക്ഷ ഇല്ലായ്മ ചെയ്യുകയും അന്നം മുട്ടിക്കുകയും ചെയ്യുന്ന പ്രവൃത്തിയെ എന്തു പേരു പറഞ്ഞു വിളിക്കണം? ഈ മഹാമാരിയുടെ കാലത്തും ഫലിതം ചൊരിയുവാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പോലുള്ളവർക്ക് കഴിയുന്നുവെന്നത് ആശ്ചര്യകരം തന്നെ. അദ്ദേഹം പറയുന്നു “കർണാടക അതിർത്തി അടച്ചിട്ടില്ല. കേന്ദ്രം പറഞ്ഞത്ര അടച്ചിട്ടില്ല. കേരളത്തിൽ നിന്നു നോക്കുമ്പോള്‍ അടച്ചതായി തോന്നുമെങ്കിലും കർണാടകത്തിൽ നിന്നും നോക്കുമ്പോൾ അടച്ചതായി തോന്നില്ല.” രാജ്യം കത്തുമ്പോൾ ഇവർ വീണ വായിക്കുക മാത്രമല്ല ഫലിതത്തിന്റെ അമിട്ടുകൾ പൊട്ടിക്കുകയും ചെയ്യുന്നു. ഇവരെ കാലം പ്രഹരിക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.