ബിജെപിയുടെ മുദ്രാവാക്യ പരിണാമം

Web Desk
Posted on October 29, 2019, 10:49 pm

പിണറായി വിജയൻ

മുഖ്യമന്ത്രി

ന്ത്യയിലെ സൂഫി പാരമ്പര്യത്തെയും ബാലറാം പഠനവിഷയമാക്കുന്നു. മുസ്ലീങ്ങൾക്കിടയിലുള്ള ഭക്തിപ്രസ്ഥാനം ആണ് സൂഫി പ്രസ്ഥാനം. ഇന്ത്യയിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് ചിഷ്ടികളാണ്. ഇവർ സമത്വത്തെ കുറിച്ച് പാടി നടന്നു. ദൈവത്തെ ഭക്തിയോടെ സമീപിക്കണമെന്ന് ഇവർ പറഞ്ഞു. സമ്പത്ത് കുന്നുകൂടുന്നതും ഭരണകൂടം അതിനെ അനുകൂലിക്കുന്നതും തെറ്റാണ് എന്ന നിലപാട് അവർ സ്വീകരിച്ചു. കൊട്ടാരങ്ങളിലെ ആതിഥേയത്വം സ്വീകരിക്കാൻ തയ്യാറാവാതിരുന്നതായിരുന്നു ഇവരുടെ പാരമ്പര്യം. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശമായിരുന്നു ഇവർ പ്രചരിപ്പിച്ചത്.

വർഗീയ രാഷ്ട്രീയ ശക്തികൾക്കെതിരായ ശക്തമായ നിലപാടുകളായിരുന്നു എൻ ഇ ബാലറാമിന്റേത്. വർഗീയ ശക്തികളുടെ പ്രവർത്തനരീതികളെ അദ്ദേഹം കൃത്യമായി ഓർമ്മപ്പെടുത്തുന്നുണ്ട്. വിശ്വഹിന്ദുപരിഷത്തിനെ ഉപദേശിക്കുന്ന സംഘമാണ് മാർഗദർശക മണ്ഡലം. സന്യാസിമാർ അടങ്ങുന്ന സംഘമാണ് ധർമ്മ സൻസത്. ഈ സംഘടനകൾ എല്ലാം നയിക്കുന്നത് ആർഎസ്എസുകാരാണ്. പുതിയ മുദ്രാവാക്യങ്ങൾ ആദ്യമായി ഉന്നയിക്കുന്നത് മിക്കപ്പോഴും ധർമ്മ സൻസതും മാർഗദർശക മണ്ഡലവുമാണ്. അവ പിന്നെ വിശ്വഹിന്ദു പരിഷത്ത് പ്രചരിപ്പിക്കും. അതാണ് ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യമായി ഒടുവിൽ പരിണമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് ഈ പ്രവർത്തന രീതി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 1984ൽ ധർമ്മസൻസതാണ് രാമജന്മഭൂമി മോചിപ്പിക്കാനുള്ള ആഹ്വാനം നടത്തിയത്. ഒരു കൊല്ലം കൊണ്ട് അത് വിശ്വഹിന്ദുപരിഷത്തിന്റെ മുദ്രാവാക്യമായി. 1985ൽ ധർമ്മസൻസത് വീണ്ടും യോഗം ചേരുകയും സമരപരിപാടി ത­യ്യാറാക്കുകയും ചെയ്തു. തുടർന്നാണ് അഡ്വാനിയു­ടെ രഥയാത്രയും തുടർന്ന് 1992 ഡിസംബർ ആറിന് മസ്ജിദ് തകർക്കുകയും ചെയ്തത്. ധർമ്മ സൻസതാണ് സംവരണത്തെ എതിർത്തത്. ആ സംഘടന തന്നെയാണ് ഭരണഘടന ഹിന്ദു ധർമ്മത്തിന് അനുസൃതമായി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഈ രണ്ടു വിഷയങ്ങളും വിശ്വഹിന്ദുപരിഷത്ത് അംഗീകരിച്ചുകഴിഞ്ഞു. പാകമായ സമയം വരുമ്പോൾ ഇവ ബിജെപി­യുടെ രാഷ്ട്രീയ മുദ്രാവാക്യം ആയി മാറും.

ബിജെപിയുടെ വളർച്ചയിൽ കോൺഗ്രസിന്റെ പങ്ക്

ബിജെപിയുടെ വളർച്ചയ്ക്ക് എന്തൊക്കെ കാര്യങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നത് ബാലറാം വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസിന്റെ ജനദ്രോഹ നയത്തിന്റെ പശ്ചാത്തലത്തിൽ സവർണ്ണ ബോധവും ന്യൂനപക്ഷ വിരോധവും രാമഭക്തിയും യുവതലമുറയുടെ മോഹവും മോഹഭംഗങ്ങളും ധാരാളമായി ലഭിക്കുന്ന വിദേശപണവും ഉപയോഗിച്ചുകൊണ്ടാണ് വർഗീയശക്തികൾ വളരുന്നത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുള്ള വികലമായ ധാരണകളും ഒപ്പം പ്രചരിപ്പിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇവയെ ബാലറാം വിളിക്കുന്നത് ഹൈന്ദവ ധർമ്മോദ്ധാരണം എന്ന ധാരണ ജനിപ്പിക്കാനുള്ള പുതിയൊ­രു ഐഡിയോളജി എന്നതാണ്. ഹിന്ദുത്വം, ഹിന്ദു ദേശീയത, ഹിന്ദു രാഷ്ട്രം, ന്യൂനപക്ഷ പ്രീ­ണനം, കപട മതേതരത്വം തുടങ്ങിയ സങ്കല്പങ്ങളുടെ ആകെത്തുകയാണ് ഇവരുടെ ഐഡിയോളജി എന്നും ബാലറാം ഓർമ്മപ്പെടുത്തുന്നുണ്ട്.

ഹൈന്ദവ നവോത്ഥാനത്തെ കുറിച്ച്

ഹിന്ദുത്വ പുനരുദ്ധാരണം എന്ന ആശയം മുമ്പും ഉയർന്നുവന്നിട്ടുണ്ട്. വിവേകാനന്ദൻ, ദയാനന്ദ സരസ്വതി, രാമകൃഷ്ണ പരമഹംസർ, നാരായണ ഗുരുദേവൻ തുടങ്ങിയവർ മുന്നോട്ടുവച്ച മതചിന്ത­കളും നവോത്ഥാന ആശയങ്ങളും നമ്മുടെ മുമ്പിലുണ്ട് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്. ഹിന്ദു അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും നിറഞ്ഞുനിന്ന ജീർണത എന്താണെന്ന് അവർ ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. ഇത്തരം ജീർണതകൾ തുടച്ചു നീക്കാനും ഗുണപരമായ പാരമ്പര്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാനും ആണിവർ ശ്രമിച്ചത്. എന്നാൽ ഇത്തരം പാരമ്പര്യങ്ങളെ നിഷേധിച്ചുകൊണ്ട് ഇടപെടുകയാണ് ആർഎസ്എസിന്റെ രീതി. ഭാരതീയത എന്നത് വിവി­ധ മത ഭാഷാ സംസ്കാരങ്ങളുടെ ഐക്യമാണ്. ഹിന്ദുമത ചരിത്രം എന്നത് ബഹുസംസ്കാരങ്ങളുടെയും ദർശനങ്ങളുടെയും സദ് പാരമ്പര്യങ്ങളുടെയും ധാര കൂടിയാണ്. ഏകചിന്തയുടെയോ ഏ­കദർശനത്തിന്റെയോ മതമല്ല ഹിന്ദുവെന്ന് ബാലറാം ഓർമ്മിപ്പിക്കുന്നു. നാനാത്വത്തെ അംഗീകരിക്കുന്ന വിശാലമായ ഒരു വശം അതിന്റെ സംഹിതകളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ബിജെപി അവ അംഗീകരിക്കുന്നില്ല. ഹിന്ദുമതത്തിന്റെ ഗുണപരമായ പാ­രമ്പര്യങ്ങളെ ഇല്ലായ്മ ചെയ്തു ഏകാധിപത്യ രീതി അടിച്ചേൽപ്പിക്കുകയാണ് അവർ ചെയ്യുന്നത്.

കമ്മ്യൂണിസ്റ്റ് ചരിത്രകാരൻ എന്ന നിലയിൽ 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ സംബന്ധിച്ച് നല്ല ധാരണ അദ്ദേഹം പുലർത്തിയിരുന്നു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ വിശകലനം ചെയ്യുന്ന ഇന്റർനാഷണലുകളുടെ ചരിത്രം എന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആശയ സംഘർഷങ്ങളുടെയും വളർച്ചയുടെയും ചിത്രം തെളിയുന്നതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യനാളുകളെക്കുറിച്ച് മനസിലാക്കാൻ സഹായിക്കുന്നതാണ് ‘കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്ര­സ്ഥാനം ആദ്യനാളുകളിൽ’ എന്ന പുസ്തകം. കേരളത്തിലെ സിപിഐ(എം) പാർട്ടി ചരിത്രം തയ്യാറാക്കുമ്പോൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഏറെ സഹായകം ആയിരുന്നു എന്നതും എടുത്തു പറയട്ടെ. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്നുവിളിച്ചു താഴ്‌ത്തി കെട്ടാനുള്ള ശ്രമമായിരുന്നു ബ്രിട്ടീഷുകാർ നടത്തിയത്. ആ കാലഘട്ടത്തിൽ തന്നെ ഇത് സ്വാതന്ത്ര്യസമരം ആണെന്ന് പ്രഖ്യാപിച്ചത് മാർക്സും എംഗൽസും ആയിരുന്നു. ഇന്ത്യ വിമോചിക്കപ്പെടുമെന്ന കാഴ്ചപ്പാട് അന്നുതന്നെ മാർക്സ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ദേശാഭിമാനിയിൽ 1955 നവംബർ 27 -ാം തീയതി എഴുതിയ ലേഖനത്തിൽ 1853ൽ മാർക്സ് ഏംഗൽസിന് എഴുതിയ ഒരു കത്ത് തന്നെ ബാലറാം ഉദ്ധരിക്കുന്നുണ്ട്. “ഏതായാലും ബ്രിട്ടീഷ് കോളനി ഭരണം മൂലം തകർന്ന ഈ മഹാരാജ്യം വളരെ വിദൂരമല്ലാത്ത കാലത്തിനിടയിൽ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കും എന്ന് നമുക്ക് വിശ്വാസത്തോടെ ഉറപ്പിക്കാം”. ഈ കത്ത് എഴുതിയത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുമ്പായിരുന്നു. അതിനുമുമ്പുതന്നെ മാർക്സ് മുന്നോട്ടുവച്ച ഈ നിഗമനം ഏംഗൽസ് അംഗീകരിക്കുന്ന കാര്യവും ബാലറാം ഓർമിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണം രാജ്യത്ത് നടത്തുന്ന ചൂഷണം സംബന്ധിച്ചും മാർക്സും ഏംഗൽസും മുന്നോട്ടുവെച്ച ലേഖനങ്ങൾ ബാലറാം എടുത്തുപറയുന്നുണ്ട്. കൃഷ്ണ നദിക്കു തെക്കുവശത്തുള്ള ജന്മിത്വത്തിന്റെ സ്വഭാവത്തെക്കുറിച്ചും മലബാറിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചും ഏംഗൽസ് പരിശോധിച്ചിരുന്നു എന്ന കാര്യം ഓർമപ്പെടുത്താൻ അദ്ദേഹം തയ്യാറാകുന്നുണ്ട്.

രാഷ്ട്രീയ പ്രവർത്തനങ്ങളിലെ ഇടപെടൽ

ഗാന്ധിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലും ഏറെ പ്രസക്തമായ ഒന്നായിരുന്നു. ഗാന്ധിയൻ സിദ്ധാന്തങ്ങളുടെ ശക്തി ദൗർബല്യങ്ങളെ വിശകലനം ചെയ്യുന്നതിനും അദ്ദേഹം തയ്യാറായിട്ടുണ്ട്. ഇങ്ങനെ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലെ വിവിധ മേ­ഖലകളെ അഗാധമായി മനസിലാക്കാനും ഇടപെടാനും അദ്ദേഹം ശ്രമിച്ചിരുന്നു എന്ന് ഇ­തിലൂടെ വ്യക്തമാകുന്നുണ്ട്. എത്രയോ ലേഖനങ്ങളും ഇടപെടലുകളും തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ബാലറാം നടത്തിയിട്ടുണ്ട്.

വർത്തമാനകാല പ്രാധാന്യം

നമ്മുടെ നാടിന്റെ പാരമ്പര്യങ്ങളെ മനസിലാക്കാതെയും ഉൾക്കൊള്ളാതെയും മുന്നോട്ടുപോകാനാവില്ല എന്ന് ഓർമ്മിപ്പിച്ച കമ്മ്യൂണിസ്റ്റായിരുന്നു എൻ ഇ ബാലറാം. നമ്മുടെ പാരമ്പര്യത്തെ ദുർവ്യാഖ്യാനിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ഇടപെടലുകളെ സൈദ്ധാന്തികമായി പ്രതിരോധിച്ചു കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകാനാവൂ. ബാലറാം തന്റെ കൃതികളിൽ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ പൊതുവിൽ പരിചയപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. ഈ കാഴ്ചപ്പാടുകളോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ വർത്തമാന കാലത്ത് ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് ജനപക്ഷ പഠനങ്ങൾ അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. അത്തരം ഇടപെടൽ നടത്തുമ്പോൾ ബാലറാമിന്റെ കാഴ്ചപ്പാടുകളെ അവഗണിച്ചുകൊണ്ട് ആർക്കും മുന്നോട്ടുപോകാനാവില്ല. അത്രയേറെ സമഗ്രമായി ഈ രാജ്യത്തെയും ഇതിന്റെ സംസ്കാരത്തെയും ചരിത്രത്തെയും പഠിച്ച രാഷ്ട്രീയ നേതാവായിരുന്നു എന്റെ നാട്ടുകാരൻ കൂടിയായ എൻ ഇ ബാലറാം. ചരിത്രത്തിന്റെ പുതിയ വായനകളുടെയും അറിവിന്റെയും അടിസ്ഥാനത്തിൽ ഇതിൽ ചില നിഗമനങ്ങളും കാഴ്ചപ്പാടുകളും പുനർവായനക്ക് വിധേയമാക്കേണ്ടതുണ്ട്. അത്തരം കാഴ്ചപ്പാടോടെ ഈ പരിപാടി സംഘടിപ്പിച്ച ഇതിന്റെ സംഘാടകർക്കുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്താനും ഈ അവസരം ഉപയോഗിക്കട്ടെ…