വലിയശാല രാജു

February 23, 2021, 5:40 am

യുദ്ധത്തിന്റെ പരിണാമം

Janayugom Online

(കഴിഞ്ഞ ലക്കത്തിന്റെ തുടര്‍ച്ച)

യുദ്ധ നിയമങ്ങളെയെല്ലാം കാറ്റില്‍പറത്തി ചതിച്ചാണല്ലൊ കൗരവ രാജാവിനെ ഭീമന്‍ വീഴ്ത്തുന്നത്. മരണാസന്നനായി കിടക്കുമ്പോള്‍ ദുരോധനന്‍ ഓര്‍ക്കുന്നത് താന്‍ എന്നും ധര്‍മ്മം പാലിച്ചിട്ടേയുള്ളുവെന്നാണ്. അധര്‍മ്മംകൊണ്ട് ജയിച്ചിട്ട് എന്ത് കാര്യം. താന്‍ സ്വര്‍ഗത്തില്‍ത്തന്നെ എത്തുമെന്ന് ദുര്യോധനന്‍ വിശ്വസിച്ചു.

ഭീഷ്മരുടെ സെെന്യാധിപത്യത്തില്‍ യുദ്ധനിയമങ്ങളുടെ കര്‍ശനവ്യവസ്ഥയോട് തുടങ്ങിയ ഈ ധര്‍മ്മയുദ്ധം പതിനെട്ടാം ദിവസം യുദ്ധം അവസാനിക്കുമ്പോള്‍ കൗരവരുടെ അവസാന സേനാധിപതി അശ്വത്ഥാമാവ് നടത്തിയ പെെശാചിക അരുംകൊലയിലാണ് അവസാനിച്ചത്. ഇത് സൂചിപ്പിക്കുന്നത് ഏത് യുദ്ധവും ഏത് പേരിലും വ്യവസ്ഥയിലുമെല്ലാം തുടങ്ങിയാലും ഇങ്ങനെതന്നെയായിരിക്കും അവസാനിക്കുക.

2000ത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യാസന്‍ എഴുതിയ ഈ ഇതിഹാസകൃതി ഇന്നത്തെ ലോകസാഹചര്യം കണ്ടിട്ടാണോ എഴുതിയതെന്ന് ഒരുവേള നാം സംശയിച്ചേക്കാം. ഇന്നത്തെ അണുബോംബിനെ അനുസ്മരിക്കുമാറ് യുദ്ധാവസാനം അശ്വത്ഥാമാവും അര്‍ജ്ജുനനും ലോകം തന്നെ നശിക്കാന്‍ കാരണമാവുന്ന തങ്ങളുടെ കയ്യിലുള്ള ദിവ്യാസ്ത്രമായ ‘ബ്രഹ്മശിരസ്’ പരസ്പരം കോര്‍ത്ത് നില്‍ക്കുമ്പോള്‍ ദേവന്മാര്‍ ഇടപെട്ടാണ് അതില്ലാതാക്കുന്നത്.

മനുഷ്യമനസിന്റെ പകയാണ് എല്ലാത്തിനും കാരണമെന്ന് മാരാര്‍ പറയുന്നു. പകയെന്ന ഈ ചെകുത്താന്‍ മനസില്‍ നിന്നും ഇറങ്ങിപ്പോയാലെ നമുക്ക് സമാധാനം ഉണ്ടാകൂ. മനുഷ്യന്‍ ജന്മമെടുത്ത കാലം മുതല്‍ തന്നെ തുടങ്ങി കാലാന്തരങ്ങളിലൂടെ നമ്മില്‍ കുടികൊള്ളുന്ന ഈ പക. എവിടെയും എപ്പോഴും കടന്നുവരാം. ഈ ചെകുത്താനെ എപ്പോഴും കരുതിയിരുന്നുകൊള്ളുക എന്ന സന്ദേശമാണ് ഈ പാഠഭാഗം നല്കുന്നത്. ഈ കഥയിലെ അശ്വത്ഥാമാവ് ഒറ്റപ്പെട്ട വ്യക്തിയല്ല. നമ്മിലെല്ലാം കൂടിയോ കുറഞ്ഞോ ഒരു അശ്വത്ഥാമാവ് ഒളിഞ്ഞിരിപ്പുണ്ട്. ആരെയും നശിപ്പിക്കാന്‍ മോഹിക്കുന്ന ക്രൂരനായ ഒരാള്‍. ഭഗവാനാല്‍ ശപിക്കപ്പെട്ട് ആയിരമാണ്ടുകളായി രോഗം പിടിപെട്ട് ചോരയും ചലവും നാറി ഭൂമിയിലെ വിജനപ്രദേശങ്ങളിലും കൊടുംകാടുകളിലും തെണ്ടി അലയുന്ന സര്‍വ മനുഷ്യരിലും ഇന്നും കുടികൊള്ളുന്ന ഈ ദ്രോണ പുത്രന്‍ കൊടിയ യുദ്ധങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രം വളര്‍ന്ന് കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് അശ്വത്ഥാമാവിനെ കൊല്ലാമായിരുന്നിട്ടും ഭഗവാന്‍ ചിരഞ്ജീവിയായി നിലനിര്‍ത്തിയിരിക്കുന്നത് എല്ലാവരും കണ്ട് പഠിക്കുവാന്‍ വേണ്ടി മാത്രമാണിത്. ‘ഇവനെ സൂക്ഷിച്ചുകൊള്ളുക’ എന്ന സന്ദേശമാണ് ഇത് തലമുറകളായി നമുക്ക് തന്നുകൊണ്ടിരിക്കുന്നത്.