മടക്കയാത്രാ ആവേശം കുറയുന്നു

പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കുന്നു തനിയെ ഗള്‍ഫില്‍ പിടിച്ചുനിൽക്കാന്‍ ശ്രമം
കെ രംഗനാഥ്

ദുബായ്:

Posted on June 28, 2020, 9:27 pm

കെ രംഗനാഥ്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് സകുടുംബം മടങ്ങാനുള്ള മലയാളികളുടെ ആവേശം നേര്‍ത്തുതുടങ്ങി. വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിനുപുറമേ പ്രവാസി സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും ചാര്‍ട്ടർ ചെയ്യുന്ന വിമാനങ്ങളുടേയും എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ വിമാനങ്ങളില്‍ പൂര്‍ണതോതില്‍ യാത്രികരെ ലഭിക്കാതെ വരുന്നത് ഇതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കൊറോണയുടെ മൂര്‍ധന്യാവസ്ഥയിലുണ്ടായ പ്രതിസന്ധിയില്‍ നിന്നു കരകയറിത്തുടങ്ങിയതും മടക്കയാത്ര മാറ്റിവച്ച് പ്രവാസ ലോകത്തുതന്നെ പിടിച്ചുനില്ക്കാന്‍ മലയാളികളടക്കമുള്ളവരെ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. 16 ലക്ഷത്തിലേറെ മലയാളികളടക്കം 36 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇ സാധാരണനിലയിലായിക്കഴിഞ്ഞു. നിരത്തുകളില്‍ വാഹന നദികളൊഴുകുന്നു. പൊതുസ്ഥലങ്ങളിലെയും കച്ചവട കേന്ദ്രങ്ങളിലെയും ആളാരവവും പഴയപടിയായി. ഇനി കരകയറലിന്റെ നാളുകള്‍ എന്ന പൊതുബോധ്യത്തില്‍ പ്രവാസികള്‍ കൂടുതല്‍ പ്രായോഗികതയിലേയ്ക്കു നീങ്ങുന്നു. ശമ്പളം വെട്ടിക്കുറയ്ക്കലാണ് പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് മറികടക്കാന്‍ ഒപ്പമുള്ള കുടുംബങ്ങളെ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പ്രവണതയും കരുത്താര്‍ജ്ജിക്കുന്നു.

ഇപ്പോള്‍ നാട്ടിലേക്കു മടങ്ങിയാല്‍ നിശ്ചിതസമയത്തു തിരിച്ചുവരാന്‍ കഴിയുമോ എന്ന ആശങ്കയും മടക്കയാത്രയ്ക്കുള്ള ആവേശം തണുപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ ഭാരിച്ച വിദ്യാഭ്യാസ ചെലവുകളും കുടുംബത്തിന്റെ ദുര്‍വഹ ചെലവുകളും ഒഴിവാക്കാന്‍ പ്രവാസി സ്വീകരിക്കുന്ന പ്രായോഗിക സമീപനത്തിന്റെ ഭാഗമായി കുടുംബങ്ങളുടെ നാട്ടിലേയ്ക്കുള്ള പ്രവാഹശക്തി ഏറിയതായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം കൊറോണ രോഗികളുള്ള സൗദി അറേബ്യയില്‍ പോലും രോഗവിമുക്തരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നാട്ടിലേയ്ക്കു മടങ്ങാനാഗ്രഹിച്ചവരിലെ ആവേശം മങ്ങിയിട്ടുണ്ട്.

പ്രവാസ ഭൂമി ഇനിയും അവസരങ്ങളുടെ ഭൂമിയാണെന്നും മടക്കയാത്ര എന്ന പ്രവണതയില്‍ വീണുപോകാതിരിക്കാനാണ് പ്രവാസികള്‍ പുനര്‍വിചിന്തനം നടത്തേണ്ടതെന്നും ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്‍ റവൂഫ് കൊണ്ടോട്ടി ‘ജനയുഗ’ത്തിന് അയച്ച സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആവശ്യത്തെക്കാളേറെ മടക്കയാത്രയെ ഒരു ട്രെന്‍ഡാക്കി മാറ്റരുത്. നാട്ടിലെ സ്ഥിതിയും മടങ്ങാന്‍ ആവേശം കാട്ടുന്നവര്‍ ഓര്‍ക്കണം. പ്രവാസികള്‍ക്കു നോര്‍ക്ക നല്കുന്ന 5,000 രൂപയുടെ ധനസഹായത്തിനായി ആയിരക്കണക്കിനാളുകളാണ് അപേക്ഷ നല്കി കാത്തുനില്ക്കുന്നത്. നാട്ടിലെത്തിയാല്‍ കുടുംബം പുലര്‍ത്താന്‍ എന്തുചെയ്യണമെന്നുപോലും അറിയാതെ പകച്ചുനില്ക്കുന്നവരാണ് മിക്കവരും. ഈ സാഹചര്യത്തില്‍ മടക്കയാത്രയ്ക്കുള്ള അമിതാവേശം മാറ്റിവച്ച് പരമാവധി പ്രവാസലോകത്തു പിടിച്ചുനില്ക്കാന്‍ ശ്രമിക്കുകയാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:

YOU MAY ALSO LIKE THIS VIDEO
<