28 March 2024, Thursday

അമ്മയും കുഞ്ഞും മ രിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ വിലക്കണമെന്ന് കുടുംബം

രാജേന്ദ്രകുമാര്‍ ബി
പാലക്കാട്
October 5, 2022 9:12 pm

തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുടുംബം. സംഭവത്തില്‍ ചികിത്സാപ്പിഴവുണ്ടായെന്ന് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബം ആവശ്യമുന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 29നാണ് ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരിയില്‍ എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ(23)യെ പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. കുഞ്ഞ് ജൂലൈ രണ്ടിനും തുടര്‍ന്ന് അമ്മ നാലിനുമാണ് തങ്കം ആശുപത്രിയില്‍ മരിച്ചത്.
ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് നവജാത ശിശുവിന്റെയും അമ്മയുടെയും മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് രണ്ടു മാസത്തിന് ശേഷം പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. തങ്കം ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവര്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ കഴിഞ്ഞ ചൊവ്വാഴ്ചതന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു.
ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുന്നതിന് കൂടുതല്‍ മര്‍ദ്ദം ഉപയോഗിച്ചതുവഴി ഗര്‍ഭപാത്രത്തില്‍ ഏഴ് സെന്റീ മീറ്ററോളം വലിപ്പമുള്ള വലിയ മുറിവുണ്ടായതാണ് ഐശ്വര്യയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റുമോര്‍ട്ടം-മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ മനപ്പൂര്‍വ്വമായ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തങ്കം ആശുപത്രിയില്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നും അവയും അന്വേഷിക്കണമെന്നും ഇതുവരെയുള്ള പൊലീസ് അന്വേഷണത്തില്‍ പരാതിയില്ലെന്നും രഞ്ജിത്തും ബന്ധുക്കളും മാധ്യമങ്ങളോടു പറഞ്ഞു. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവരെ തുടര്‍ ചികിത്സയില്‍ നിന്നും വിലക്കണമെന്നും ഭര്‍ത്താവ് എം രഞ്ജിത്തിനൊപ്പം ബന്ധുക്കളായ എം അശ്വതി, ബി വിവേക്, രേഷ്മ എന്നിവരും ആവശ്യപ്പെട്ടു.
അതേസമയം റിപ്പോര്‍ട്ടിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്തെത്തി. അവിചാരിതമായി സംഭവിക്കുന്ന മരണങ്ങളുടെ പേരില്‍ ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഐഎംഎ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: The fam­i­ly wants doc­tors to be banned in the case of de ath of moth­er and child

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.