റെജി കുര്യന്‍

ന്യൂഡല്‍ഹി

December 10, 2020, 10:43 pm

സമരം കൂടുതൽ കനപ്പിക്കുന്നു; കർഷകർ തലസ്ഥാനം സ്തംഭിപ്പിക്കും

Janayugom Online

കേന്ദ്രത്തിന്റെ കരിനിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. ശൈത്യത്തിനൊപ്പം കര്‍ഷകരുടെ സമരാവേശവും കടുക്കുന്നു. രാജ്യത്തെ കാര്‍ഷിക മേഖലയെ അപ്പാടെ ഉടച്ചുവാര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്ന മൂന്നു നിയമങ്ങളും പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് വിനയാകുന്ന വൈദ്യുതി ഭേദഗതി ബില്‍ വേണ്ടെന്നു വയ്ക്കുക ഇതാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.

വൈദ്യുത ബില്‍ തല്‍ക്കാലം വേണ്ടെന്നു വയ്ക്കാമെന്നും പാസാക്കിയ നിയമങ്ങളില്‍ കര്‍ഷകര്‍ പങ്കുവച്ച ആശങ്കകള്‍ പരിഹരിക്കാന്‍ ഭേദഗതികളും ആകാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാൽ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ തീവ്രമാക്കാന്‍ റയില്‍വേ, ദേശീയ പാതകള്‍, ടോള്‍ പ്ലാസകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ നിശ്ചലമാക്കുന്നതിനുള്ള തീരുമാനത്തിലാണ് സമരസമിതി.

തലസ്ഥാനം സ്തംഭിപ്പിക്കല്‍, ബിജെപി ഓഫീസുകള്‍ ഉപരോധിക്കല്‍ തുടങ്ങി സമാധാനപരവും ജനപിന്തുണയുമുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ കൂടുതല്‍ കനപ്പിക്കാനാണ് കര്‍ഷകരുടെ നീക്കം. പ്രതിഷേധ വേദികളിലേക്ക് വന്‍തോതില്‍ കര്‍ഷക സാന്നിധ്യം ശക്തമാക്കണമെന്ന നേതാക്കളുടെ ആഹ്വാനം സ്വീകരിച്ച് സമരവേദികളിലേക്ക് ആയിരക്കണക്കിനു കര്‍ഷകരാണ് പ്രതിദിനം എത്തിചേരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് സമരവേദിയില്‍ ദൃശ്യമാണ്.

നിലവില്‍ ഹരിയാനയിലെ സിംഘു, ടിക്രി അതിര്‍ത്തികളിലാണ് കര്‍ഷകര്‍ പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നത്. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും സമരക്കാര്‍ കയ്യടക്കി. സമരത്തിന് ജനപിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരക്കാരെ കൈകാര്യം ചെയ്യാന്‍ പൊലീസ് സന്നാഹവും പ്രതിദിനം വര്‍ധിക്കുന്ന കാഴ്ചയാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ എവിടെയും. അനിശ്ചിതാവസ്ഥയും അരക്ഷിതത്വവുമാണ് ഡല്‍ഹിയിലിപ്പോഴുള്ളത്.

പെരുവഴിയില്‍ കൊടുംതണുപ്പിനെ അവഗണിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നത്. വാട്‌സ്ആപ്പ് പോലുള്ള സാമൂഹ മാധ്യമ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കര്‍ഷക നേതാക്കള്‍ അണികളുമായുള്ള ആശയ വിനിമയം നടത്തുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കി പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ പ്രതിഷേധങ്ങളെ ചെറുക്കാന്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാതാക്കിയ കേന്ദ്രം, സമാന രീതിയില്‍ രാജ്യതലസ്ഥാനത്തെയും വെട്ടിലാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

Eng­lish Sum­ma­ry: The farm­ers strike is inten­si­fy­ing at Delhi

You may like this video also