വലിയശാല രാജു

January 12, 2021, 5:16 am

ചെറുകഥയുടെ പിതാവിന് 160 വയസ്

Janayugom Online

ലയാള ചെറുകഥയുടെ പിതാവായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ (1821–1914) ജനിച്ചിട്ട് 2021 ല്‍ 160 വര്‍ഷം തികയുകയാണ്. അദ്ദേഹം സഹ പത്രാധിപര്‍ ആയിരുന്ന വിദ്യാവിനോദിനി മാസികയിലാണ് വാസനാവികൃതി എന്ന മലയാളത്തിലെ ആദ്യ ചെറുകഥ 1891 ല്‍ അച്ചടിച്ച് വന്നത്. എഴുത്തുകാരന്റെ പേര് കഥയില്‍ ഇല്ലായിരുന്നു. അത് നായനാര്‍ ആണെന്ന് പിന്നീട് ഉറപ്പിച്ചു. പേര് വയ്ക്കാതെ ഇങ്ങനെ അദ്ദേഹം ധാരാളം എഴുതാറുണ്ട്. ചെറുകഥ എന്നുപോലും വച്ചിട്ടില്ലായിരുന്നു. കഥ എന്താണെന്ന് സാഹിത്യലോകത്ത് പരിചിതമല്ലായിരുന്ന കാലഘട്ടമാണത്.

കുഞ്ഞിരാമന്‍ നായനാര്‍ ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മദ്രാസ് നിയമസഭയില്‍ മലബാറില്‍ നിന്നുള്ള സാമാജികന്‍ ആയാണ് പ്രവര്‍ത്തിച്ചത്. നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ട് നില്ക്കുമ്പോള്‍ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അപ്പോള്‍ 53 വയസായിരുന്നു. ആദ്യ ചെറുകഥ പ്രസിദ്ധീകരിച്ചിട്ട് ഇപ്പോള്‍ 130 വര്‍ഷം തികയുന്നു എന്ന പ്രത്യേകതയുമുണ്ട്.

എഴുത്തുകാരന്‍ മാത്രമല്ല നല്ലൊരു കൃഷിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. വെറുമൊരു കൃഷിക്കാരന്‍ ആയിരുന്നില്ല. കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്ത ആളായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍. ഇങ്ങനെയൊരാള്‍ കൃഷിയില്‍ ഏര്‍പ്പെടുന്നത് കൃഷിയുടെ ചരിത്രത്തില്‍ ആദ്യ സംഭവം ആയിരിക്കും.

1888 ല്‍ ബോംബെയില്‍ വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 1892 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു. പയ്യന്നൂരിനടുത്ത് കറ്റൂരിലായിരുന്നു ജനനം. ഇതൊക്കെയാണങ്കിലും ബ്രിട്ടീഷ് ഭരണത്തിന്റെ ആരാധകനും പല കാര്യങ്ങളിലും ഇംഗ്ലീഷ് സമ്പ്രദായങ്ങളോട് ആഭിമുഖ്യമുള്ള ആളുമായിരുന്നു നായനാര്‍.