ഇരട്ടക്കുട്ടികളിൽ പെൺക്കുഞ്ഞിനെ വിറ്റ് സ്വര്‍ണമാലയും മൊബൈല്‍ ഫോണും വാങ്ങിയ പിതാവ് അറസ്റ്റില്‍

Web Desk
Posted on November 22, 2019, 9:36 pm

ചെന്നൈ: നവജാത ശിശുവിനെ വിറ്റ് സ്വര്‍ണമാലയും മൊബൈല്‍ ഫോണും വാങ്ങിയ പിതാവ് അറസ്റ്റില്‍. തിരുനെല്‍വേലി വിക്രമസിംഗപുരം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. 1.8 ലക്ഷം രൂപയ്ക്കാണ് ഇരട്ടക്കുട്ടികളിലെ പെണ്‍കുഞ്ഞിനെ തിരുനെല്‍വേലി വിക്രമസിംഗപുരം സ്വദേശിയായ യുവാവ് വിറ്റത്. വിറ്റുകിട്ടിയ പണം കൊണ്ട് മകന് സ്വര്‍ണമാലയും തനിക്ക് മൊബൈല്‍ ഫോണും വാങ്ങിയ ഇയാളും മൂന്ന് ഇടനിലക്കാരനും പൊലീസ് പിടിയിലായി. വിക്രമസിംഗപുരത്തുള്ള അരുംഗംപെട്ടി ഗ്രാമത്തിലെ യെസൂരുദ്യരാജിനും പുഷ്പലതയ്ക്കും കഴിഞ്ഞ എട്ടാം തിയതിയാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്.

ഭാര്യ അറിയാതെയായിരുന്നു ഇയാള്‍ കുട്ടിയെ വിറ്റത്. ഭാര്യ കുഞ്ഞിനെ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുഞ്ഞിനെ വിറ്റ കാര്യം വ്യക്തമാക്കി. ഇവർക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. ഒരു പെണ്‍കുഞ്ഞ് കൂടി ജനിച്ചതില്‍ ഇയാള്‍ അസംതൃപ്തനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനാലാണ് ആണ്‍കുട്ടിയെ വളര്‍ത്താനും പെണ്‍കുട്ടിയെ വില്‍ക്കാനും ഇയാള്‍ തീരുമാനിച്ചതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

ആണ്‍കുഞ്ഞിന് സ്വര്‍ണമാലയും മൊബൈല്‍ ഫോണും വാങ്ങിയെത്തി പണം കിട്ടിയത് മോട്ടോര്‍ ബൈക്കും സൈക്കിളും പണയം വച്ചാണ് മാലയ്ക്കായുള്ള പണം കണ്ടെത്തിയതെന്നാണ് യെസൂരുദ്യരാജ് ഭാര്യയോട് പറഞ്ഞത്. നവംബര്‍ 18നായിരുന്നു ശിശുവില്‍പന നടന്നത്. എന്നാല്‍ കുട്ടിയെ പുഷ്പലത അന്വേഷിക്കാന്‍ തുടങ്ങിയതും കുത്തിവയ്പിനായി ആശുപത്രി അധികൃതര്‍ കുട്ടിയെ തേടുകയും ചെയ്തതോടെയാണ് ശിശുവില്‍പനയെക്കുറിച്ച് പുറംലോകം അറിയുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഭാര്യയുമായി യെസൂരുദ്യരാജ് ആശുപത്രിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ചെയ്തു.

ഇതോടെയാണ് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ വിറ്റ കാര്യങ്ങള്‍ വ്യക്തമാവുകയും ചെയ്തു. പെണ്‍കുട്ടിയെ ദത്തുനല്‍കുന്ന ഏജന്‍സിയിലേയ്ക്ക് ഏല്‍പ്പിച്ചു. തട്ടിക്കൊണ്ടു പോകല്‍, വഞ്ചന, ഗൂഢാലോചന തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.