Site iconSite icon Janayugom Online

അഞ്ചാമങ്കം; പരമ്പര ജയത്തിനരികെ ഇന്ത്യ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് തുടക്കം. പരമ്പര വിജയമെന്ന മോഹവുമായിട്ടാണ് ഇന്ത്യ ഈ ടെസ്റ്റില്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ മാറ്റിവയ്ക്കപ്പെട്ട ടെസ്റ്റ് മത്സരമാണ് വലിയ ഇടവേളയ്ക്ക് ശേഷം നടക്കുക.

ഇന്ത്യ പരമ്പരയില്‍ 2–1നു ലീഡ് ചെയ്യവെ ഇന്ത്യന്‍ സംഘത്തിലെ കോവിഡ് ബാധയെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലായിരുന്നു ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യ ഇതുവരെ ടെസ്റ്റ് വിജയം കൊയ്തിട്ടില്ലാത്ത ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലേക്കു മാറ്റി.

ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നു മണിക്കാണ് മത്സരം. അവസാന ടെസ്റ്റിലേക്കെത്തുമ്പോള്‍ ഇരുടീമുകളുടെയും കഴിഞ്ഞ വര്‍ഷത്തെ ക്യാപ്റ്റന്മാരും പരിശീലകരും മാറിയിട്ടുണ്ട്. വിരാട് കോലിയും ജോ റൂട്ടും തമ്മിലായിരുന്നു കഴിഞ്ഞ തവണ അങ്കം. എന്നാല്‍ ഇത്തവണ അതു രോഹിത് ശര്‍മയും ബെന്‍ സ്‌റ്റോക്‌സും തമ്മിലാണ്. അതു മാത്രമല്ല രണ്ടു ടീമുകളുടെയും പരിശീലകരും മാറിയിട്ടുണ്ട്. രവി ശാസ്ത്രിയായിരുന്നു ഇന്ത്യക്കു വേണ്ടി നേരത്തേ തന്ത്രങ്ങളൊരുക്കിയതെങ്കില്‍ ഇത്തവണ രാഹുല്‍ ദ്രാവിഡാണ് പരിശീലകന്‍.

ബ്രെന്‍ഡന്‍ മക്കെല്ലമാണ് ഇംഗ്ലീഷ് ടീമിന്റെ കോച്ച്. കോവിഡ് ബാധിതനായ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. നായകനായി ജസ്പ്രീത് ബുംറയുടെ അരങ്ങേറ്റം കൂടിയായിരിക്കും മത്സരം. പരിക്കു കാരണം വൈസ് ക്യാപ്റ്റന്‍ കൂടിയായ കെ എല്‍ രാഹുല്‍ നേരത്തേ തന്നെ ഇംഗ്ലീഷ് പര്യടനത്തില്‍ നിന്നും പിന്‍മാറിയിരുന്നു.

രോഹിതിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളി ആരായിരിക്കുമെന്ന് ഇന്ത്യ ഇനിയും തീരുമാനിച്ചിട്ടില്ല. ചേതേശ്വര്‍ പുജാര, പുതുമുഖ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് എന്നിവരിലൊരാള്‍ ഈ റോളില്‍ വരാനാണ് സാധ്യത. സ്റ്റോക്‌സിനും കോച്ച് മക്കല്ലത്തിനും കീഴില്‍ പുതിയൊരു ഇംഗ്ലീഷ് ടീമിനെയാണ് ഇന്ത്യ നേരിടേണ്ടിവരുക.

ന്യൂസിലാന്‍ഡുമായി നടന്ന ടെസ്റ്റ് പരമ്പര തൂത്തുവാരിയത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിരുന്നു. 130 ടെസ്റ്റുകളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇതില്‍ 49 മത്സരങ്ങളില്‍ വിജയം ഇംഗ്ലണ്ടിനായിരുന്നു. ഇന്ത്യക്കു വിജയിക്കാനായത് 31 ടെസ്റ്റുകളിലാണ്. 50 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

Eng­lish summary;The fifth and final Test between India and Eng­land begins today

You may also like this video;

Exit mobile version