January 28, 2023 Saturday

കോവിഡിനെതിരായ പോരാട്ടം

ഡി രാജ
April 4, 2020 2:10 am

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യപിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. ഇനിയും രണ്ടാഴ്ച കൂടി ബാക്കിയുണ്ട്. ഇത് കഴിയുമ്പോൾ ഇപ്പോൾ വരച്ച ലക്ഷ്മണരേഖ മോഡി തുടച്ചുമാറ്റും. കൊറോണ വ്യാപനം തടയുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ മാർച്ച് 19ന് പ്രഖ്യാപിച്ച് 22 ന് നടന്ന ജനതാ കർഫ്യൂവിന്റെ അവസാനം കൈകൊട്ടാനും പാത്രം കൊട്ടാനും മോഡി ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് തുടരുന്ന കൊറോണ വ്യാപനം തടയുന്നതിനും ജനങ്ങളെ സുരക്ഷിതരാക്കുന്നതിനുമായി സർക്കാർ സ്വീകരിക്കുന്ന നടപടികളെ സിപിഐ അനുകൂലിക്കുന്നു. ലോക്ഡൗണിന്റെ ഭാഗമായി കർഷകർ, കർഷക തൊഴിലാളികൾ, നിരാലംബർ തുടങ്ങിയവരുടെ കഷ്ടപ്പാടുകൾ വർധിക്കുകയാണ്.

2019 ഡിസംബറിൽ തന്നെ ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും അത് തിരിച്ചറിഞ്ഞു. എന്നാൽ ഫെബ്രുവരി ആദ്യആഴ്‌ചവരേയും രാജ്യത്തെ എയർപോർട്ടുകളിൽ എത്തുന്ന യാത്രക്കാരെ പരിശോധനകൾക്ക് വിധേയമാക്കിയില്ല. രോഗം വ്യാപിച്ചാൽ ആവശ്യമായ ആശുപത്രികൾ, മാസ്കുകൾ, വെന്റിലേറ്ററുകൾ, രോഗ നിർണയ സംവിധാനങ്ങൾ, പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവ സംബന്ധിച്ച ഒരു വിലയിരുത്തലും നടത്തിയില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്ന കാര്യവും സർക്കാർ ഗൗരവത്തിൽ എടുത്തില്ല. ഈ വേളകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത്ഷായും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ആഹ്ലാദത്തിലായിരുന്നു. കശ്മീരിലെ ജനങ്ങൾ, നേതാക്കൾ എന്നിവർക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു. പിന്നീട് ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കായുള്ള നിയമ ഭേദഗതികൾ പാസാക്കുന്ന തിരക്കിലായി, അതിനുശേഷം വർഗീയ വിദ്വേഷം ചീറ്റുന്ന വിധത്തിലുള്ള ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലായി.

ആത്യന്തികമായി കൊറോണ മഹാമാരി എത്തിയപ്പോൾ സർക്കാർ ആശുപത്രികൾ വേണ്ടത്രയില്ലെന്ന് മാത്രമല്ല നിലവിലുള്ള ആശുപത്രികളിൽ വേണ്ടത്ര സജീകരണങ്ങൾ പോലുമില്ലാത്ത അവസ്ഥയിലെത്തി. മെഡിക്കൽ വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കുന്ന നിയമഭേദഗതിയെ കമ്മ്യൂണിസ്റ്റ് പാർട്ടി നഖശിഖാന്തം എതിർത്തിരുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് അത്താണിയായ പൊതുവിതരണം, പൊതു ഗതാഗതം, പൊതുമേഖലയിലുള്ള എല്ലാറ്റിനേയും സംഹരിക്കുന്ന നിലപാടാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കുന്ന നടപടികൾക്കിടയിലും വർഗീയ ഫാസിസ്റ്റുകൾ അവരുടെ വർഗീയ അജണ്ട കൈവിടാൻ തയ്യാറാകുന്നില്ല. ഇതിനുള്ള ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് നിസാമുദീൻ സംഭവം. നൂറ് കണക്കിന് വിദേശികൾ ഉൾപ്പെടെ 2,100 പേരാണ് അവിടെ ഉണ്ടായിരുന്നത്. ഇതിൽ ചിലർക്ക് വൈറസ് ബാധിച്ചു. പത്തുപേർ മരിച്ചു. ഇപ്പോഴും വൻ അപകടമാണ് മുന്നിലുള്ളത്. കൊറോണ പ്രതിരോധിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ ബോധപൂർവം അവഗണിച്ചുവെന്നാണ് മനസിലാക്കേണ്ടത്. വർഗീയ ശക്തികൾ ജാതി, മതം എന്നിവ നോക്കിയല്ല വൈറസ് ബാധിക്കുന്നത്.

രോഗബാധ സംശയം തോന്നുന്നവർ സ്വമേധയാ പരിശോധനകൾക്ക് വിധേയമാകണം. വരും ദിവസങ്ങളിൽ വൈറസ് വ്യാപനം വർധിക്കാനാണ് സാധ്യത. ഇത് മറികടക്കാനുള്ള ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. കഴി‌ഞ്ഞ ആറ് വർഷത്തിനിടെയുള്ള മോഡി ഭരണത്തിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾ അശാസ്ത്രീയമായ വാദങ്ങളാണ് ഉന്നയിക്കുന്നത്. മാർച്ച് ആദ്യ രണ്ട് വാരത്തിൽ കൊറോണ മറികടക്കാൻ ഗോമൂത്രം മരുന്നാണെന്ന പ്രചാരണം പോലും നടത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലെ പല നിർദ്ദേശങ്ങളും കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി ഇപ്പോൾ നൽകുന്ന പല നിർദ്ദേശങ്ങളും കേരളത്തിലെ എൽഡിഎഫ് സർക്കാർ വളരെ നേരത്തെ നടപ്പാക്കിയതാണ്. തികച്ചും ഭീമാകാരമായ അരോഗ്യ പ്രശ്നങ്ങളാണ് മാനവരാശി ഇപ്പോൾ നേരിടുന്നത്. കൊറോണ മഹാമാരി ഏഷ്യയിൽ നിന്നും അമേരിക്കയിലേക്കും യുറോപ്പിൽ നിന്നും ആഫ്രിക്കയിലേക്കും ബാധിച്ചു. എല്ലാ രാജ്യങ്ങളിലേയും പാവപ്പെട്ടവനെയാണ് കൊറോണ കൂടുതൽ രൂക്ഷമായി ബാധിച്ചത്. മുതലാളിത്ത സമൂഹത്തിലാണ് മഹാമാരി അതിന്റെ എല്ലാ ശക്തിയിലും വ്യാപിക്കുന്നത്. നവഉദാരവൽക്കരണ ഘട്ടത്തിലുള്ള മുതലാളിത്ത സംവിധാനം അസമത്വം, അനീതി എന്നിവയാണ് പ്രോത്സാഹിപ്പിക്കുന്നത്. പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയൊക്കെ മൗലിക അവകാശങ്ങൾ അല്ലാതായി മാറുന്നു. വ്യക്തിഗതം, ഉപഭോഗം എന്നീ കാര്യങ്ങളെയാണ് നവ ഉദാരവൽക്കരണം പ്രോത്സാഹിപ്പിക്കുന്നത്. ഇത് മനുഷ്യന്റെ സാമൂഹ്യ ബോധത്തെ നശിപ്പിക്കുന്നു.

സഹജീവികളോടുള്ള അവന്റെ കരുതലും ഇല്ലാതാക്കുന്നു. നമ്മൾ, നമ്മുടേത് എന്നീ ആശയങ്ങളെ ഉയർത്തിപ്പിടിക്കാൻ നവ ഉദാരവൽക്കരണ സംവിധാനത്തിന് കഴിയില്ല. ആരോഗ്യ പരിപാലനം, പാർപ്പിടം, വിദ്യാഭ്യാസം, ഉല്പാദന മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ സാമൂഹ്യവൽക്കരണമാണ് ഈ സന്ദർഭത്തിൽ ആവശ്യമായത്. സോഷ്യലിസം അല്ലെന്ന് വാദിക്കുന്നവരും ഇതിനെ അംഗീകരിക്കും. മുതലാളിത്ത വ്യവസ്ഥിതി അന്യായവും യുക്തിരഹിതമായതെന്നുമാണ് ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നത്. മാർക്സും ഏംഗൽസുമല്ല മറിച്ച് വിൻസ്റ്റൺ ചർച്ചിൽ 1954 ൽ പറഞ്ഞത് നമുക്ക് ഓർക്കാം. ഭാഗ്യങ്ങളുടെ വിതരണത്തിലെ അസമത്വമാണ് മുതാളിത്തത്തിന്റെ തിന്മ, കഷ്ടതകളുടെ വിതരണത്തിലെ തുല്യതയാണ് സോഷ്യലിസത്തിന്റെ നന്മ- ഇതായിരുന്നു ചർച്ചിലിന്റെ വാക്കുകൾ. ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാനുള്ള ഒറ്റ പോംവഴി സോഷ്യലിസമാണ്. ഇത് തന്നെയാണ് ഭാവിയും പ്രതീക്ഷയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.