Web Desk

December 21, 2019, 9:43 pm

നാനാത്വത്തിനും ഏകത്വത്തിനും വേണ്ടി പോരാട്ടം ശക്തം

Janayugom Online

രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിച്ചതിന് ഏറെ മുമ്പ് തന്നെ അനിവാര്യമായ പോരാട്ടം ആരംഭിച്ചു. ഇപ്പോഴത്തെ പോരാട്ടം രണ്ട് ആശയങ്ങൾ തമ്മിലുള്ളതാണ്- മതേതര രാജ്യവും മതത്തിൽ അധിഷ്ഠിതമായ സമൂഹവും തമ്മിലുള്ള പോരാട്ടങ്ങളാണ് തുടരുന്നത്. സ്വാതന്ത്ര്യ സമരവും നാനാത്വത്തിൽ ഏകത്വവും അതിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ച് രൂപീകരിച്ച ഭരണഘടനയാണ് പോരാട്ടങ്ങളുടെ ഒരു വശത്ത് നിൽക്കുന്നത്. മതത്തെ ആധാരമാക്കിയുള്ള ഹിന്ദുരാഷ്ട്ര സങ്കൽപ്പങ്ങളെ മുറുകെ പിടിക്കുന്നവരാണ് മറുവശത്ത്. രണ്ടാം തവണ മോഡിസർക്കാർ അധികാരത്തിൽ എത്തിയതോടെ ഈ ആശയപരമായ പോരാട്ടങ്ങൾക്ക് ഒരു പുത്തൻമാനം ലഭിച്ചു. സ്വതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര നിലപാടിന്റെ സൂചനകൾ ലഭിച്ചിരുന്നു. സ്വതന്ത്ര്യ സമരപ്രസ്ഥാനത്തിൽ ഹിന്ദുരാഷ്ട്രം എന്ന ആശയത്തിന് യാതൊരു പങ്കുമില്ലെന്നത് യാഥാർഥ്യമാണ്. പങ്കുണ്ടെങ്കിൽ തന്നെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതേ സ്വച്ഛാധിപത്യ ശക്തികളുടെ വിഭാഗീയത സൃഷ്ടിക്കുന്നതിനുള്ള ഉപകരണം മാത്രമായിരുന്നു.

1857ലെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യത്തെ ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള തന്ത്രങ്ങൾ ബ്രിട്ടിഷ് ഭരണാധികാരികൾ സ്വീകരിച്ചിരുന്നു. ഇതാണ് ഏറ്റവും നല്ല മാർഗമെന്ന് അവർക്ക് ബോധ്യപ്പെട്ടു. ഇതിന്റെ ഭാഗമായി തീവ്ര മതവികാരങ്ങളുടെ വിത്തുകൾ പാകി. ഇവരാണ് ഹിന്ദു- മുസ്ലിം വിഭാഗീയത സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ഹിന്ദു രാഷ്ട്രമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി 1925ൽ സംഘപരിവാർ രംഗത്തെത്തി. ഇതേ തുടർന്നാണ് പാകിസ്ഥാൻ എന്ന ആശയവുമായി 1940ൽ മുഹമ്മദലി ജിന്ന രംഗത്തെത്തിയത്. ഇുപ്പോഴത്തെ പൗരത്വ ഭേദഗതി ബിൽ ചർച്ച ചെയ്യുമ്പോൾ മേൽപ്പറഞ്ഞ ചരിത്ര സത്യങ്ങളും പരിഗണിക്കണം. പീഡനങ്ങൾക്ക് വിധേയമായി ജന്മനാട് വിടേണ്ടിവന്ന ജനവിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യം കേവലം ഒരു ഭേദഗതിയിലൂടെ നടപ്പാക്കി. പുതിയ ഭേദഗതിയിൽ നിയമത്തിന്റെ ഉപജ്ഞാതാക്കൾ ഒരു പ്രത്യേക മതവിഭാഗത്തെ ഒഴിവാക്കി. പൗരത്വം നൽകുന്നതിനും നൽകാതിരിക്കുന്നതിനുമുള്ള അടിസ്ഥാനമായി ഇവർ മതത്തെ മാറ്റി. പൗരത്വം നൽകുന്നതിനായി മോഡി സർക്കാർ ഇപ്പോൾ സ്വീകരിച്ച മാനദണ്ഡങ്ങൾ രാജ്യത്തിന്റ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. ബഹുസ്വരതയെ ഉൾക്കൊള്ളുന്ന ഒരു രാജ്യത്തിന് ഈ നടപടി അഭികാമ്യമല്ല.

ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്നതാണ് പുതിയ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഹിന്ദുക്കളേയും മുസ്‌ലിംങ്ങളേയും വിഭജിക്കുക എന്നതാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. ഇപ്പോഴത്തെ നടപടിയിലൂടെ രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ കടുത്ത ഭീതിയാണ് സൃഷ്ടിച്ചത്. ബിജെപി അധികാരത്തിൽ എത്തിയതുമുതൽ മുഴങ്ങി കേൾക്കുന്ന പാകിസ്ഥാനിലേയ്ക്ക് പോകൂ എന്ന മുദ്രാവാക്യം ആകസ്മികമല്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു. പാകിസ്ഥാന്റെ കാര്യം ഒഴിവാക്കിയാൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. നൂറ് കണക്കിന് ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് അഫ്ഗാനിസ്ഥാൻ സർക്കാർ പൗരത്വം നൽകി. മോഡി ഭരണത്തിൽ രാജ്യത്തെ മുസ്‌ലിങ്ങൾ തികച്ചും അരക്ഷിതരാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ, ദളിതർ ഉൾപ്പെടെയുള്ള ന്യുനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ സർവസാധാരണമായി. ഈ വിഷയങ്ങളിൽ സുപ്രീം കോടതി പോലും ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ പുതിയ പൗരത്വ ഭേദഗതി ബിൽ മുസ്ലിങ്ങളെ കൂടുതൽ അരക്ഷിതരാക്കും. പുതിയ ഭേദഗതി ബിൽ മുസ്ലിംവിരുദ്ധമല്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ ഇതിനെ തണുപ്പിക്കാൻ പോന്നതല്ല. ബിജെപി നേതാക്കളുടെ വാക്കുകൾ ഒരുവശത്തും ചെയ്തികൾ മറുവശത്തുമാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്.

ഇപ്പോൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയവർ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രതിനിധികളാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ മതേതര ഇന്ത്യയുടെ മക്കളാണ്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ കൊലചെയ്യാൻ പോന്നതാണ് ഇപ്പോഴത്തെ നിയമം. പ്രതിഷേധക്കാർ ആരെന്ന് അവരുടെ വസ്ത്രം നോക്കിയാൽ മനസിലാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. രാജ്യത്തെ ജനങ്ങൾ എന്ന നിലയിൽ ചോദിക്കുന്നു അദ്ദേഹത്തിന് ഇത് എങ്ങനെയാണ് പറയാൻ കഴിയുന്നത്. സിഖുകാർ, മുസ്ലിങ്ങൾ, ഹിന്ദുക്കൾ, ജൈനൻമാർ തുടങ്ങി എല്ലാപേരും പ്രതിഷേധിക്കുന്നുണ്ട്. ഇവരൊക്കെ രാജ്യത്തെ മതേതരത്വത്തിന്റെ വക്താക്കളാണ്. വിജ്ഞാനത്തിന്റേയും ദേശീയതയുടേയും വക്താക്കളാണ് തങ്ങളെന്ന് വിദ്യാർഥികൾ തെളിയിച്ചു. നമ്മുടെ മുൻഗാമികൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആശയങ്ങളാണ് അവരുടെ മനസിലുള്ളത്. അവരുടെ ശബ്ദം സർക്കാർ കേൾക്കണം. അവർ ഇപ്പോഴത്തെ പൗരത്വ ഭേദഗതി ബിൽ പിൻവലിച്ച് രാജ്യത്തിന്റെ ഭരണഘടനയോട് നീതി പുലർത്തണം.