October 5, 2022 Wednesday

Related news

October 4, 2022
October 2, 2022
September 25, 2022
September 22, 2022
September 21, 2022
September 17, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022

അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരും

ഓഗസ്റ്റ് ഒന്നിന് കർഷകത്തൊഴിലാളികളുടെ ദേശീയപ്രക്ഷോഭം
Janayugom Webdesk
July 29, 2022 6:00 am

ഇടതുപക്ഷ കർഷകത്തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ കൺവെൻഷൻ മേയ് 16ന് ഡൽഹിയിൽ ചേർന്ന് ഓഗസ്റ്റ് ഒന്നിന് അഖിലേന്ത്യാ അവകാശദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കൺവെൻഷൻ അംഗീകരിച്ച അവകാശപത്രിക മുന്നോട്ടുവച്ച് ഓഗസ്റ്റ് ഒന്നിന് രാജ്യത്തെ 500 ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. കേരളത്തിൽ ഈ സമരപരിപാടി ബികെഎംയു, കെഎസ്‌കെടിയു എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റും 13 ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമാണ് മാർച്ചും ധർണയും നടക്കുക. നമ്മുടെ രാജ്യത്തെ ജനസംഖ്യയിൽ അഗവണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ് കർഷകത്തൊഴിലാളികൾ. അവരിൽ ബഹുഭൂരിപക്ഷവും പട്ടികജാതി പട്ടികവർഗക്കാരും പിന്നാക്കക്കാരുമാണ്. അതിൽ ഗണ്യമായവർ ഭൂരഹിതരും ഭവനരഹിതരും നാമമാത്ര വിദ്യാഭ്യാസമുള്ളവരുമാണ്. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം അവരുടെ സാമൂഹ്യപദവി ഉയർത്തിക്കൊണ്ടുവരുന്നതിനെ സംബന്ധിച്ച് പാർലമെന്റിലും നിയമനിർമ്മാണസഭകളിലും ധാരാളം ചർച്ചകൾ നടന്നുവെങ്കിലും കേരളത്തിൽ മാത്രമാണ് കർഷകത്തൊഴിലാളികൾക്കായി ഒരു നിയമനിർമ്മാണം നടന്നത്.

കാർഷിക മേഖലയിലെ പ്രതിസന്ധിയും വ്യാപകമായ തരിശിടലും യന്ത്രവൽക്കരണവും സാങ്കേതികവിദ്യയുടെ വിവേചനരഹിതമായ ഉപയോഗവും കർഷകത്തൊഴിലാളികളുടെ തൊഴിലവസരവും വരുമാനവും ഗണ്യമായി കുറയാൻ ഇടയാക്കി. 1970കൾക്ക് മുമ്പ് പൊതുവിൽ കർഷകത്തൊഴിലാളികൾക്ക് തൊഴിലവസരം ലഭ്യമായിരുന്നു. എന്നാൽ തൊണ്ണൂറുകളോടെ കർഷകത്തൊഴിലാളികളുടെ പരമാവധി തൊഴിലവസരം നൂറ് ആയി ചുരുങ്ങി. നിലവിൽ 30 മുതൽ 54 വരെയാണ് ലഭ്യമാകുന്ന തൊഴിലവസരം. നിലവിലെ ജീവിതച്ചെലവ് താങ്ങാൻ കർഷകത്തൊഴിലാളികൾക്ക് കഴിയുന്നുമില്ല. തൽഫലമായി മെച്ചപ്പെട്ട തൊഴിലവസരവും കൂലിയും ലഭ്യമാകുന്ന മറ്റ് ഗ്രാമീണതൊഴിലിടങ്ങളിലേക്ക് കർഷകത്തൊഴിലാളികൾ പറിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം കർഷകത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കുകയാണ്.

കേരളം ഒഴിച്ചുള്ള ഒരു സംസ്ഥാനത്തും കർഷകത്തൊഴിലാളികളുടെ കൂലി കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കുന്നില്ല. പുതുക്കിയ കൂലി ലഭ്യമാകാത്ത സംസ്ഥാനങ്ങളുമുണ്ട്. കാലാവസ്ഥാ വ്യതിയാനംമൂലം കർഷകത്തൊഴിലാളികൾക്ക് തൊഴിലും വരുമാനവും നഷ്ടപ്പെടുന്നത് ലഘൂകരിക്കാനും ജീവൻ നിലനിർത്താനുള്ള ഭക്ഷണം വാങ്ങാനുള്ള കൂലിയും തൊഴിലും ഉറപ്പാക്കാനും ഉദ്ദേശിക്കപ്പെട്ടാണ് ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയത്. പക്ഷെ, കേന്ദ്രസർക്കാരിന്റെ താല്പര്യമില്ലായ്മയും പല സംസ്ഥാനങ്ങളിലെയും സർക്കാരുകളുടെ കാര്യക്ഷമതയില്ലായ്മയും മൂലം വർഷത്തിൽ 100 ദിവസത്തെ തൊഴിൽ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും ഉറപ്പാക്കാൻ കഴിയാതെവരുന്നു. തൊഴിൽകാർഡ് ലഭ്യമാകുന്നവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് പദ്ധതി നടപ്പിലാക്കുവാനുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഗ്രാമീണ തൊഴിലാളികളുടെ പ്രഖ്യാപിത മിനിമം കൂലി ഈ മേഖലയിൽ പണി ചെയ്യുന്നവർക്ക് ലഭ്യമാക്കുവാൻ കേന്ദ്രസർക്കാർ തയാറാകുന്നുമില്ല. സ്വാതന്ത്യ്രപ്രാപ്തിയുടെ കാലം മുതൽ ഉയർന്നുവരുന്നതാണ് എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കണമെന്ന ആവശ്യം.


ഇതുംകൂടി വായിക്കാം; അലയുന്ന കന്നുകാലികള്‍, ആത്മഹത്യ ചെയ്യുന്ന ജനത


സമഗ്രമായി ഭൂപരിഷ്ക്കരണത്തിന് കേന്ദ്ര സർക്കാർ മുൻകൈ എടുക്കാത്തതും ധനമൂലധന ശക്തികളുടെയും ജന്മി നാടുവാഴി കൂട്ടുകെട്ടിന്റെയും സമ്മർദ്ദംമൂലം ഭൂപരിഷ്ക്കരണ നടപടികൾ കാര്യമായി മുന്നോട്ടു പോകുന്നില്ല. തൽഫലമായി ഒരുപിടി മണ്ണും കയറിപാർക്കാൻ ഒരിടവും കണ്ടെത്താൻ കഴിയാതെ ഗ്രാമീണമേഖലയിലും നഗരമേഖലയിലും ചേരികളിലും കടത്തിണ്ണകളിലും അന്തിയുറങ്ങാൻ നിർബന്ധിതരാവുകയാണ് ഭൂരഹിത‑ഭവനരഹിതരായ കർഷകത്തൊഴിലാളികൾ. അതുകൊണ്ടുതന്നെ കർഷകത്തൊഴിലാളികൾ പല സംസ്ഥാനങ്ങളിലും ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തിവരുന്നുണ്ട്. തൊഴിലും വരുമാനവും വേണ്ടത്ര ലഭ്യമല്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായി ക്ഷേമപദ്ധതിയും പെൻഷനും നടപ്പിലാക്കണമെന്ന ആവശ്യം എത്രയോ കാലമായി കർഷകത്തൊഴിലാളി സംഘടനകൾ ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ്. പല ഘട്ടങ്ങളിലായി ഉയർന്നുവന്ന പ്രക്ഷോഭങ്ങളെ തുടർന്ന് രാജ്യത്ത് മിക്കവാറും സംസ്ഥാനങ്ങളിൽ വാർധക്യകാലപെൻഷൻ പദ്ധതി നടപ്പിലാക്കാൻ നടപടിയുണ്ടായി. പല സംസ്ഥാനങ്ങളിലും നാമമാത്ര തുകയാണ് പെൻഷനായി നൽകുന്നത്.

കേരളത്തിൽ കർഷകത്തൊഴിലാളികൾക്കായി പ്രത്യേക പെൻഷൻ പദ്ധതിയും ക്ഷേമപദ്ധതിയും നടപ്പിലായിട്ടുണ്ട്. അതിനൊപ്പം വാർധക്യകാല പെൻഷനും നൽകിവരുന്നു. രാജ്യത്താകെ 55 വയസിനുമേൽ പ്രായമുള്ള കർഷകത്തൊഴിലാളികൾക്കും ഗ്രാമീണ തൊഴിലാളികൾക്കും മിനിമം 5000 രൂപ പെൻഷൻ ലഭ്യമാക്കാൻ നടപടിയുണ്ടാകേണ്ടതാണ്. സർക്കാർ മേഖലയിൽ സംവരണം നടപ്പിലായതുമൂലം വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കർഷകത്തൊഴിലാളി കുടുംബങ്ങളിലെ യോഗ്യതയുള്ളവർക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് നിലവിൽ സൗകര്യമുണ്ട്. എന്നാൽ കേന്ദ്രം സ്വീകരിച്ചുവരുന്ന സ്വകര്യവല്ക്കരണനയം മൂലം തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയാണ്. സ്വകാര്യമേഖലയിൽക്കൂടി സംവരണം ഏർപ്പെടുത്തിയാൽ കൂടുതൽ തൊഴിലവസരം ലഭിക്കാൻ സഹായകമാവും.


ഇതുംകൂടി വായിക്കാം; കോവിഡും കാര്‍ഷികമേഖലയും


സാമൂഹ്യാവശ്യങ്ങൾ നിറവേറ്റാൻ പല സന്ദർഭങ്ങളിലും ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാൻ കർഷകത്തൊഴിലാളികൾ നിർബന്ധിതമാകും. അപ്രകാരം എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കെണിയിലായ കർഷകത്തൊഴിലാളികളെ സഹായിക്കുവാൻ കടാശ്വാസപദ്ധതികൾ നടപ്പിലാക്കാൻ നിയമനിർമ്മാണം ആവശ്യമാണ്. കുതിച്ചുവരുന്ന ഇന്ധന വിലവർധനയും എല്ലാ മേഖലയിലും വിലക്കയറ്റത്തിനും അതുവഴി ജീവിതച്ചെലവ് വർധനവിനും ഇടവരുത്തുന്നു. ജാതി അതിക്രമങ്ങൾ നമ്മുടെ രാജ്യത്ത് ശക്തിപ്പെട്ടുവരികയാണ്. പ്രത്യേകിച്ച് ബിജെപി ഭരണത്തിനുകീഴിൽ അതിക്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ പാർശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുവാൻ കാര്യമായ നടപടികൾ ഒന്നും തന്നെയുണ്ടാകുന്നില്ല. കൂട്ട ബലാത്സംഗങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും നിത്യസംഭവങ്ങളായിരിക്കുന്നു. പൊതുവിൽ ദളിതർക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു.

കേന്ദ്ര സർക്കാരിന്റെ നവ ലിബറൽ ഭരണപരിഷ്ക്കാരങ്ങളും ഹിന്ദുത്വ അജണ്ടയും ജനജീവിതം കൂടുതൽ ദുസഹമാക്കുന്നതിനൊപ്പം മതവിദ്വേഷം ഉദ്ദീപിക്കുകയും ചെയ്യുകയാണ്. പരിമിതമെങ്കിലും ലഭ്യമായിരുന്ന പല ക്ഷേമാനുകൂല്യങ്ങളും തൊഴിലവകാശങ്ങളും തൊഴിലാളികൾക്കും കൃഷിക്കാർക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. തൽഫലമായി ജീവിതം വഴിമുട്ടിയ ജനങ്ങൾ രാജ്യത്താകെ പ്രതിഷേധത്തിലാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരായ യോജിച്ച പ്രതിഷേധം ഉയർത്തിക്കൊണ്ടുമാത്രമെ ഈ നയങ്ങളെ ചെറുക്കാനാവൂ. ഈ പോരാട്ടങ്ങളിൽ യോജിച്ച് അണിനിരക്കാൻ കർഷകത്തൊഴിലാളി സംഘടനകൾ മുന്നോട്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഡൽഹിയില്‍ ചേർന്ന് കൺവെൻഷൻ അംഗീകരിച്ച അവകാശപത്രികയിലെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഓഗസ്റ്റ് ഒന്നിന് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് ചെയ്യാൻ കർഷകത്തൊഴിലാളി സംഘടനകൾ നിശ്ചയിച്ചത്.

തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുക. 200 ദിവസത്തെ തൊഴിലും 600 രൂപ വേതനവും ഉറപ്പാക്കുക.

55 വയസിന്‌മേൽ പ്രായമുള്ള കർഷകത്തൊഴിലാളികൾക്കെല്ലാം പ്രതിമാസം 5000 രൂപ പെൻഷൻ നല്കുക.

ഭവനരഹിതരും ഭൂരഹിതരുമായ എല്ലാ കുടുംബങ്ങൾക്കും മാന്യമായ പാർപ്പിടം ഉറപ്പാക്കുക. ഭവനനിർമ്മാണ ഗ്രാന്റ് 5 ലക്ഷമായി ഉയർത്തുക.

ഭൂപരിഷ്ക്കരണം രാജ്യത്താകെ നടപ്പിലാക്കുക. പുനരധിവാസം ഉറപ്പാക്കാതെ ഭൂമി ഏറ്റെടുക്കുകയോ കുടി ഒഴിപ്പിക്കുകയോ ചെയ്യരുത്. പൗരാവകാശനിയമം കർശനമായി നടപ്പിലാക്കുക.

പൊതുവിതരണം ശക്തിപ്പെടുത്തുക. ദളിതർക്ക് എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക.

കേന്ദ്രസംസ്ഥാനബജറ്റിൽ വകയിരുത്തുന്ന പട്ടികജാതി പട്ടികവർഗ ഉപപദ്ധതി കൃത്യമായി നടപ്പിലാക്കുക. ഇത് നടപ്പാക്കുന്നതിലെ ലംഘനങ്ങൾ ക്രിമിനൽ കുറ്റമായി കണക്കാക്കുക.

കുടിയേറ്റ തൊഴിലാളി നിയമം കർശനമായി നടപ്പിലാക്കുക.

ബാലവേല നിർത്തലാക്കുക.

സ്വകാര്യമേഖലയിലേക്കുകൂടി സംവരണം 
ഉറപ്പാക്കുക.

ആരോഗ്യപരിപാലനവും പകർച്ചവ്യാധി 
തടയലും കർശനമാക്കുക. കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമാക്കുക.

പുതിയ ലേബർ കോഡും ഇലക്ട്രിസിറ്റി നിയമം 2000 ഉം ഒഴിവാക്കുക. ഇന്ധനവില വർധനവ് തടയുക.

കാർഷികോല്പന്നങ്ങൾക്ക് ആദായകരമായ 
വില ഉറപ്പാക്കുക.

സ്വകാര്യവല്ക്കരണം തടയുക. പൊതുമേഖലയെ സംരക്ഷിക്കുക.

മാനുവൽ സ്ക്വാവഞ്ചിങ് തടയുക. ശുചീകരണത്തൊഴിലാളികളുടെ കൂലി മിനിമം 21000 രൂപയാക്കുക.

കാർഷിക ഗ്രാമീണമേഖലയിൽ സ്ത്രീകൾക്ക് 
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുക.

ഈശ്രം പോർട്ടലിൽ എല്ലാ അസംഘടിത 
തൊഴിലാളികളെയും ഉൾപ്പെടുത്തുക.

തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുക. വിഷ‑കീടനാശിനി ഉപയോഗം പരിമിതപ്പെടുത്തുക. കാർഷിക‑ഗ്രാമീണ തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിൽ കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കുക.

കർഷകത്തൊഴിലാളികളുടെ കടം എഴുതിത്തള്ളുക. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുക. ദാരിദ്യ്രനിർമ്മാര്‍ജന‑ഗ്രാമവികസനപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുക.

കാർഷിക‑ഗ്രാമീണ തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡുകൾ സ്ഥാപിക്കുക. പെസ്സാ നിയമം പിൻവലിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.