പോരാട്ടം കൊറോണയോടൊ ചെെനയോടൊ?

എം എസ് രാജേന്ദ്രൻ

ലോക ജാലകം

Posted on April 19, 2020, 4:15 am

2019ന്റെ അന്ത്യം മുതല്‍ക്ക് പഞ്ചഭൂഖണ്ഡങ്ങളും ഒരു മൂന്നാം ‘ലോകമഹായുദ്ധത്തിന്റെ’ നടുവിലാണ്. ഈ യുദ്ധം രാജ്യങ്ങള്‍ തമ്മിലുള്ളതല്ല; കൊറോണ എന്ന മഹാരോഗത്തിനെതിരായാണ്. ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചെെനയിലായിരുന്നതുകൊണ്ട് അത് ചെെനയുടെ മാത്രമായ ഒരു രോഗമാണെന്ന് പ്രഖ്യാപിക്കാന്‍ ലോകമഹാശക്തിയെന്ന് സ്വയം അഹങ്കരിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പാഴ്ശ്രമം നടത്തി നോക്കിയിരുന്നു.

വുഹാന്‍ മേഖലയില്‍ ആയിരുന്നു ഇതിന്റെ ആരംഭം എന്നതുകൊണ്ടാണ് ഇപ്പോള്‍ എന്തിനും ഏതിനും ചെെനയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നോക്കുന്ന പ്രസിഡന്റ് ട്രംപ് ഈ അലങ്കാരവും ചെെനയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. പക്ഷെ, മാസങ്ങള്‍ക്കുള്ളില്‍ ചെെന ഈ മഹാരോഗത്തെ സ്വന്തം മണ്ണില്‍ നിന്ന് കെട്ടുകെട്ടിച്ചപ്പോള്‍ അത് വികസിതമെന്ന് അഹങ്കരിക്കുന്ന യൂറോപ്പിനെയാകെ കീഴ്പ്പെടുത്തി. ഈ വരികള്‍ കുറിക്കുമ്പോള്‍ യുഎസ്എ എന്ന അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. ‘കോവിഡ് 19’ എന്നു പേരിട്ടിരിക്കുന്ന ഈ രോഗംമൂലം ലോകത്ത് മരണമടഞ്ഞവരുടെ സംഖ്യ ഒന്നരലക്ഷവും രോഗബാധിതരുടെ എണ്ണം 22.5‍ ലക്ഷവുമാണ്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ ഇറ്റലിക്കും സ്പെയിനിനും ഫ്രാന്‍സിനുമാണ്. ഈ ലിസ്റ്റില്‍ ഏറ്റവും താഴെയുള്ള യൂറോപ്യന്‍ രാജ്യം ഇംഗ്ലണ്ടാണ്. ഈ സംഖ്യകള്‍ ദിനംപ്രതിയെന്നോണം കൂടിയും കുറഞ്ഞും കൊണ്ടിരിക്കുകയാണ്. ‘പിന്നോക്ക’ രാജ്യമായ 130 കോടി ജനങ്ങളുള്ള ഇന്ത്യയിലാകട്ടെ രോഗികളുടെ സംഖ്യ 13,835 കവിഞ്ഞതേയുള്ളു. മരണം 452 ഉം. ഈ സംഖ്യ നാള്‍ക്കുനാള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് എല്ലായിടങ്ങളിലും. 1922ലെ പ്ലേഗ് എന്ന മഹാമാരിയാണ് മുന്‍പ് ഇത്തരത്തില്‍ സംഭവിച്ച മറ്റൊരു ലോകമഹാമാരി. ഇന്ത്യയിലും ജീവനാശമുണ്ടായെങ്കിലും ഇതിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍. ഇവിടെ ഒന്‍പത് ജില്ലകളിലാണ് ‘കോവിഡ്’ അല്പമെങ്കിലും പിടിമുറുക്കിയത്. ഇവിടെ ഇതിനെ കുറച്ചെങ്കിലും പിടിച്ചുകെട്ടാന്‍ കഴിഞ്ഞത് ജനങ്ങളുടെ പൊതുവിലുള്ള രോഗപ്രതിരോധശേഷിമൂലമാണെന്ന് പറയാം.

കേരളത്തിലെ സര്‍ക്കാര്‍തലത്തിലുള്ള ഏതാണ്ട് സൗജന്യമായി സാര്‍വത്രിത ചികിത്സാ സൗകര്യങ്ങളും ഈ പുരോഗതിക്ക് കളമൊരുക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നതില്‍ തെറ്റില്ല. വികസിത പാശ്ചാത്യരാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു പ്രശംസനീയമായ നേട്ടം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഇപ്രകാരമൊരു വ്യാധിയുടെ പിടിയില്‍പെട്ട് ലോകം കെെകാലിട്ടടിക്കുമ്പോള്‍ മുതലാളിത്ത ലോകത്തിന്റെ തലതൊട്ടപ്പനായ അമേരിക്ക അതിനുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ എല്ലാ രാജ്യങ്ങളുമായും കെെകോര്‍ത്ത് പിടിക്കാന്‍ ഭഗീരഥ പ്രയത്നം നടത്തുന്നതിനു പകരം സ്വന്തം പല്ലിനിടയില്‍ കുത്തിമണപ്പിക്കുന്ന ശോചനീയമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ചെെനയാകട്ടെ ഇതിന്റെ ചികിത്സയ്ക്കുള്ള മൂന്നിലധികം വാക്സിനുകളുടെ പ്രായോഗിക പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും അമേരിക്കയും കൂട്ടരും ചെെനയുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിലാണ് വ്യഗ്രത പ്രദര്‍ശിപ്പിച്ചുകാണുന്നത്. അവര്‍ക്ക് എന്തിനും ഏതിനും ചെെന ഒരു മാരാരുടെ ചെണ്ടയാണല്ലോ. കൊറോണ രോഗം പടര്‍ന്ന് പിടിക്കുന്ന വിവരം യഥാസമയം ചെെന ലോകത്തെ അറിയിച്ചിട്ടില്ലെന്ന പരാതിയിലാണ് അവര്‍ ഇപ്പോഴും മുറുകെ പിടിച്ചിരിക്കുന്നത്.

ലോകം അക്കാര്യം അറിഞ്ഞിട്ടും അമേരിക്കയും പാശ്ചാത്യരും രോഗശാന്തിക്ക് എന്തുചെയ്തുവെന്ന് അവരോട് തിരിച്ചും ചോദിക്കാവുന്നതാണ്. കൊറോണയുടെ ഉത്ഭവത്തെയും വ്യാപനത്തെയും പറ്റി ചെെനയില്‍ നടന്ന പഠനങ്ങള്‍ ചെെന പിടിച്ചുവച്ചിരിക്കുന്നുവെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ഇപ്പോഴത്തെ ആരോപണം. ചെെനക്കെതിരായി മാത്രമല്ല അമേരിക്കയുടെ ഇപ്പോഴത്തെ വിമര്‍ശനവും ശത്രുതാപരമായ നിലപാടും. ലോകാരോഗ്യ സംഘടനക്കെതിരായി തന്നെ തിരിഞ്ഞിരിക്കുകയാണ് ഈ വന്‍ശക്തി. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്‌യു) ചെെനയുടെ താളത്തിനു തുള്ളുകയാണെന്നാണ് അവര്‍ കുറ്റാരോപണം നടത്തുന്നത്. ആ പേരില്‍ അമേരിക്ക ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ചെലവിലേക്കുള്ള വിഹിതം അടയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്. അമേരിക്കയുടെ തന്നെ പകര്‍ച്ചവ്യാധി ചികിത്സാരംഗത്തെ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥനായ അന്തോണി ഫൗചിയെ ഉടനടി പിരിച്ചുവിടണമെന്നും പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രംപിന്റെ ശിങ്കിടികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഇതേ ആവശ്യം ഉച്ചത്തില്‍ ഉന്നയിക്കുന്നു. പുരയ്ക്ക് തീപിടിച്ചിരിക്കുമ്പോള്‍ വാഴ വെട്ടുന്ന ഈ അല്പത്തരം കൊറോണയ്ക്ക് പ്രതിവിധി കണ്ടുപിടിക്കുന്നതിനുള്ള ആവേശത്തെക്കാള്‍ ട്രംപിന്റെ വെെരനിര്യാതന ബുദ്ധിയെയാണ് വിളിച്ചറിയിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെയും ലോകവാണിജ്യ സംഘടനയുടെയും ഉത്ഭവം ഹിറ്റ്ലര്‍ ലോകത്തെ ചവിട്ടിമെതിക്കാന്‍ കെട്ടഴിച്ചുവിട്ട രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ഘട്ടത്തിലായിരുന്നുവെന്നും, അന്ന് ആ യുദ്ധത്തില്‍ സാരമായ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ട ഒരേയൊരു സമ്പന്ന രാഷ്ട്രം അമേരിക്ക മാത്രമായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഐക്യരാഷ്ട്ര സഭാ ഏജന്‍സികളുടെയും ചെലവിന്റെ സിംഹഭാഗവും ഏറ്റെടുത്തത് അമേരിക്ക തന്നെയുമാണ്. അവയുടെ നേതൃത്വവും ലോകാരോഗ്യ സംഘടനയുടെ ബജറ്റിന്റെ കാല്‍ ഭാഗത്തോളം അവര്‍ തന്നെയാണ് വഹിച്ചിരുന്നത്. ഇനിമേല്‍ ആ സംഭാവന ഉണ്ടാവില്ലെന്ന ഭീഷണിയുടെ അര്‍ത്ഥം സര്‍വര്‍ക്കും മനസിലാവും. കൊറോണ വെെറസിന്റെ ഉത്ഭവം ചെെനയില്‍ നിന്നാണെന്ന ആരോപണത്തിന്റെ പൊള്ളത്തരവും ഇപ്പോള്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയുടെ ആയുധപരീക്ഷണത്തിനിടയില്‍ എപ്പോഴോ ആണ് ഈ വെെറസിന്റെ ജനനമെന്ന സന്ദേഹത്തിനും ഇത് കാരണമായിട്ടുണ്ട്. ചെെ­നയിലും ഫ്രാന്‍സിലും സ്പെയിനിലും ഇറ്റലിയിലും സംഭവിച്ചതിനെക്കാള്‍ കൂടുതല്‍ ജീവനുകളെയാണ് കൊറോണമൂലം അമേരിക്കയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കില്ലെന്ന ഭയമാണ് ഈ ഘട്ടത്തിലും ചെെനയെ കുറ്റപ്പെടുത്താന്‍ ടംപിനെ പ്രേരിപ്പിക്കുന്നതെന്ന് സംശയിക്കുന്നതിലും തെറ്റില്ല. പക്ഷെ, അമേരിക്കയില്‍ പതിനായിരക്കണക്കിന് ജീവന്‍ അപഹരിക്കുകയും അതിലുമെത്രയോ കൂടുതല്‍ ആളുകളെ രോഗഗ്രസ്തരാക്കുകയും ചെയ്യുന്നതിന് തടയിടാന്‍ കഴിയാത്ത ട്രംപിന്റെ ഉത്തരവാദിത്വം ഇതുകൊണ്ടൊന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ജനയുഗത്തിന്റെ കഴിഞ്ഞ ഒരു ലക്കത്തിലെ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയിരുന്നതുപോലെ ഒരു പകര്‍ച്ചവ്യാധിയും ഏതെങ്കിലും ഒരു രാജ്യത്തു മാത്രം ഒതുങ്ങിനില്ക്കുകയില്ലെന്ന് മനുഷ്യപുരോഗതിയുടെ ചരിത്രം പരിശോധിച്ചവര്‍ക്കെല്ലാം ബോധ്യമായിട്ടുണ്ട്. പണ്ടത്തെ സിന്ധു നദീതട സംസ്കാരത്തിന്റെയും പേര്‍ഷ്യന്‍ സംസ്കാരത്തിന്റെയും തകര്‍ച്ചപോലെ തന്നെ 21-ാം നൂറ്റാണ്ടിലെ വികസിത മുതലാളിത്തവും തകര്‍ന്ന് തരിപ്പണമാകാതിരിക്കണമെങ്കില്‍ ഈ കൊറോണയെ പിടിച്ചുകെട്ടാന്‍ സര്‍വ്വരും കെെകോര്‍ത്ത് പിടിക്കുകയാണ് വേണ്ടത്. അത് മനസിലാക്കാനുള്ള വിവേകം ട്രംപിന് ഈ വെെകിയ വേളയിലെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.