March 23, 2023 Thursday

“കെട്ടകാലത്തെ അതിജീവിച്ച സിനിമ”

സൗബിൻ നാഥ്
May 5, 2020 12:29 pm

കൊവിഡ്-19 എന്ന മഹാമാരി ലോകത്തെയാകെ ശിഥിലമാക്കിയിരിക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥക്കുമേൽ ദൂരവ്യാപകമായ പ്രത്യാഘാതം നിർമ്മിക്കുമാറ് ആ വ്യാധി നമ്മുടെ വാണിജ്യ സന്തുലിതാവസ്ഥയെ തകർത്തിരിക്കുന്നു. വ്യവസായങ്ങൾ ഒന്നൊന്നായി കൂപ്പ്കുത്തുന്നു. ഉത്പാദനം നിലച്ചുതുടങ്ങിയിരിക്കുന്നു. രൂപയുടെ മൂല്ല്യമിടിയുന്നു. തൊഴിലാളികൾ തൊഴിലെടുക്കാനാകാതെ വരുമാനമില്ലാത്തവരായി മാറിക്കൊണ്ടിരിക്കുന്നു. കയറ്റുമതികളും ഇറക്കുമതികളും മരവിച്ചിരിക്കുന്നു. ആഗോളവത്കരണത്തിൽ ഒരേ ഗ്ലോബൽ വില്ലേജിന്റെ ഭാഗമെന്ന് അഹങ്കരിച്ചവർ, ലോകത്തെത്തന്നെ തന്റെ വീട്ടിലേക്കൊതുക്കി കെട്ടിക്കിടക്കുന്നു. എല്ലാ വ്യവാസായുമെന്നപോലെ സിനിമയും അതിന്റെ സ്വസിദ്ധമായ ചലനാത്മകത പണയംവെച്ച്, പേപ്പറിലെ അക്ഷരങ്ങളിലേക്ക് മാത്രമൊതുങ്ങി സെൽഫ് ക്വാറന്റീനിലാണ്. ക്ളീഷെയുടെ വൈറസിനെ സോപ്പിട്ട് കഴുകിക്കളയാൻ ശ്രമിക്കുകയായിരിക്കണം ഓരോ കലാകാരനും. തനിക്ക് സ്വയം നവീകരിക്കാൻ ലോകംതന്നെ നിശ്ചലമായികൊടുത്ത സൗഭാഗ്യത്തെയോ ദൗർഭാഗ്യത്തെയോ കുറിച്ചോർത്ത് ഓരോ കലാകാരനും സന്തുഷ്ടനാകുകയോ വിഷാദമൂകനാകുകയോ ചെയ്യുകയായിരിക്കണം.

പറഞ്ഞുവരുന്നത് മറ്റൊരു കെട്ടകാലത്തെകുറിച്ചാണ്. മനുഷ്യരാശി ശിഥിലമായ മറ്റൊരു സാമ്പത്തിക ദുരവസ്ഥയെ സിനിമ എങ്ങനെ അതിജീവിച്ചു എന്നതിനെക്കുറിച്ചാണ്. വിശ്വസിനിമയുടെ പ്രാരംഭഘട്ടത്തിൽ അഭിമുഖീകരിച്ച ചരിത്രപ്രധാനമായ പ്രതിസന്ധി. 1929 മുതൽ 1933വരെ നീണ്ടുനിന്ന ‘ഗ്രേറ്റ് ഡിപ്രെഷൻ’ എന്ന ആഗോള സാമ്പത്തിക മാന്ദ്യം. 1929 ഒക്ടോബർ 29; ചരിത്രം കറുത്ത ചൊവ്വ (ബ്ലാക്ക് ട്യുസ്ഡേ) എന്ന് അടയാളപ്പെടുത്തിയ ദിവസം. അമേരിക്കൻ സ്റ്റോക്ക്-മാർക്കറ്റിന്റെ തകർച്ചയിൽ ലോക സമ്പദ് വ്യവസ്ഥ നിലംപൊത്തിയ ദിവസം. പ്രതിസന്ധിയിലായ ബാങ്കുകൾ തകരുന്നു, വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു, ഒന്നാം ലോകമഹായുദ്ധം വരുത്തിയ മുറിവുകൾ വാണിജ്യമേഖലയിൽ ഉണങ്ങാത്ത വൃണങ്ങളാകുന്നു. ജിഡിപി പതിനഞ്ച് ശതമാനത്തിന്റെ ഇടിവ് കാണിക്കുന്നു. മിഡിൽ ക്ലാസും ലോവർ ക്ലാസും ആ ആഘാതത്തിൽ വീണുപോകുന്നു. മറ്റെല്ലാ വ്യവസായങ്ങളുമെന്നപോലെ ലോകത്തിന്റെ ചലച്ചിത്ര തലസ്ഥാനം; ഹോളിവുഡും നഷ്ട്ടങ്ങളിലേക്ക് തകർന്നടിയാൻ തുടങ്ങുന്നു. വരുമാനത്തിൽ അന്പത്തിയാറ് ശതമാനത്തിന്റെ ഇടിവ്. അമേരിക്ക കെട്ടിപ്പൊക്കിയ, ആരെയും മോഹിപ്പിക്കുന്ന സ്റ്റുഡിയോ സംസ്കാരം കൂപ്പ്കുത്തിയെന്ന് ലോകം വിധിയെഴുതുന്നു.

ചരിത്രപരമായ ഒരു വഴിത്തിരിവിന്റെ ഘട്ടത്തിലായിരുന്നു അന്ന് ഹോളിവുഡ്. 1927‑ൽ ‘ജാസ് സിംഗറി‘ലൂടെ ശബ്ദസിനിമക്ക് നാന്ദികുറിച്ച ഹോളിവുഡ്, ശബ്ദസംവിധാനത്തിനുസൃതമായി സാങ്കേതികതയെയും തിയേറ്ററുകളെയും നവീകരിക്കുകയായിരുന്നു പ്രസ്തുതകാലത്ത്. ലൊക്കേഷനുകളിൽ സൗണ്ട് റെക്കോർഡിങ് ആരംഭിക്കുന്നു, ശബ്ദകലാകാരന്മാർ സിനിമയുടെ ഭാഗമാകുന്നു, തിയേറ്ററുകളിൽ ദൃശ്യത്തോടൊപ്പം ശബ്ദവും പ്രവർത്തിപ്പിക്കാൻ സങ്കേതങ്ങൾ നിർമ്മിക്കപെടുന്നു, അമേരിക്ക നിർമ്മിച്ച ചിത്രങ്ങൾ യൂറോപ്പിലേക്ക് കയറ്റിയയക്കാൻ ഡബ്ബിങ് സാങ്കേതികയും സ്റ്റുഡിയോകളും ഉണ്ടാകുന്നു. ആ സാമ്പത്തിക അധികച്ചിലവുകളിലേക്കാണ് മാന്ദ്യത്തിന്റെ ഇരുട്ടടികൂടി ലഭിക്കുന്നത്. ലോകസിനിമയിലെ അമേരിക്കൻ ആധിപത്യത്തെ തകർക്കാൻ യൂറോപ്പ് ആരംഭിച്ച ‘ഫിലിം യൂറോപ്പ് മൂവ്മെന്റ്’, ശബ്ദത്തിന്റെ ആഗമനനിമിത്തം സംഭവിച്ച ഭാഷാഭേദങ്ങൾകൊണ്ട് പരാജയപ്പെട്ടെങ്കിലും, സ്വയം തകർച്ചയിലും ഹോളിവുഡിന്റെ അധഃപതനംകണ്ട് അവർ മനസ്സിൽ സന്തോഷിച്ചു.

ക്രമാനുക്രമീകരണത്തിന്റെ പര്യായമായി പ്രവർത്തിച്ചിരുന്ന ഹോളിവുഡ് അങ്ങനെ ചരിത്രത്തിലെ ആദ്യ വെല്ലുവിളി നേരിടുന്നു. കരാറിൽ ജോലിക്ക് ചേർന്നിരുന്ന അഭിനേതാക്കൾക്കും സംവിധായകർക്കും സാങ്കേതികപ്രവർത്തകർക്കും ശമ്പളം നൽകേണ്ടത് പ്രൊഡക്ഷൻ കമ്പനികളുടെ ബാധ്യതയായിമാറി. സിനിമക്ക് പുറമെ അമേരിക്കൻ ജനത വിനോദത്തിനായി ആശ്രയിച്ചിരുന്ന ‘ബ്രോഡ്‍വെ തിയ്യറ്ററി‘ലും ബുക്കിങ്ങുകൾ കുറഞ്ഞുതുടങ്ങി. റേഡിയോയിലൂടെ സംപ്രേഷണം ചെയ്തിരുന്ന വാർത്തകളും മൃദുവിനോദ പരിപാടികളുമായി അന്നത്തെ ഏക വിനോദമാർഗം. മനഃശാസ്ത്രപരമായും സാമൂഹികമായും ഒരു ജനത വിരസത അനുഭവിച്ചുതുടങ്ങി. ദാരിദ്ര്യവും തൊഴിലില്ലായ്മയും തൊഴിലാളി വർഗത്തെ ഉലച്ചിരിക്കണം. മെച്ചപ്പെട്ട സാഹചര്യങ്ങളിൽ ജീവിച്ചവരും തകരാൻ ആരംഭിച്ചിരുന്നു.

നാല് തരം സിനിമകൾ (ചലനച്ചിത്രങ്ങൾ എന്ന അർത്ഥത്തിൽ) അന്ന് ഹോളിവുഡിൽ നിർമ്മിച്ചിരുന്നു. ന്യൂസ് റീലുകൾ, വാൾട്ട് ഡിസ്നിയുടെ നേതൃത്വത്തിൽ കാർട്ടൂൺ ചിത്രങ്ങൾ, ബി-പിക്ചേഴ്സ് അഥവാ സീരിയലുകൾ. പിന്നെ എ‑പിക്ച്ചറുകളും (അഡൽറ്റ് ഒൺലി ചിത്രങ്ങൾ അല്ല). ഇതിൽ എ‑പിക്ച്ചറുകളാണ് നാമിന്നു കാണുന്ന വ്യവസ്ഥാപിത സിനിമകളുടെ അന്നത്തെ രൂപം. എല്ലാ കണക്കുകൂട്ടലുകളെയും അതിലംഘിച്ചുകൊണ്ട് സാമ്പത്തിക മാന്ദ്യകാലത്ത് അമേരിക്കൻ ജനത ഈ ചിത്രങ്ങളെ സ്വീകരിക്കാൻ ആരംഭിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യവും വേട്ടയാടിയിരുന്ന ആ ജനങ്ങൾ ഒരു ആശ്വാസമെന്നോണം സിനിമകളെ ആശ്രയിക്കാൻ തുടങ്ങിയിരിക്കണം.

ശബ്ദത്തെ സ്വീകരിക്കാൻ ഒരുങ്ങി നിന്നിരുന്ന തിയറ്ററുകൾ സടകുടഞ്ഞ് എണീറ്റു. കരാർ ബാക്കിയുള്ള നടന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രൊഡക്ഷൻ കമ്പനികളും സജ്ജരാക്കി. ടിക്കറ്റിന്റെ നിരക്കുകൾ വെട്ടിക്കുറച്ചു. പ്രദർശനശാലകളിൽ വിവിധ പണത്തിന് സിനിമ കാണാവുന്ന വിവിധ ഇരിപ്പിടങ്ങളൊരുങ്ങി. വേദനയുടെ, ദാരിദ്ര്യത്തിന്റെ നാളുകൾ സിനിമയുടെ നാട് സിനിമകൊണ്ട്തന്നെ അതിജീവിക്കാൻ ആരംഭിച്ചു. ഗ്രേറ്റ് ഡിപ്രെഷൻ കാലയളവിൽ ആറ് കോടിക്കും ഒൻപത് കോടിക്കുമിടയിൽ പ്രേക്ഷകർ ഒരാഴ്ചയിൽ ശരാശരി സിനിമ കണ്ടിരുന്നു എന്നതാണ് പഠനങ്ങൾ. അങ്ങനെ എ‑പിക്ച്ചറുകൾ കൂടുതലായി നിർമ്മിക്കാൻ പ്രൊഡക്ഷൻ ഹൗസുകൾ നിർബന്ധിതരായി.

മൂന്ന് തരം ഴോണറിലുള്ള സിനിമകൾ ആ കാലത്ത് സ്വീകരിക്കപ്പെട്ടിരുന്നു. അവയെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാമ്പത്തിക മാന്ദ്യത്താൽ സംജാതമായ സാമൂഹിക സാഹചര്യത്തോട് പ്രതികരിക്കുന്നവയായിരുന്നു. ജീവിതത്തിന്റെ കയ്പേറിയ സങ്കടത്തിൽ വീണുപോയവരെ കുറച്ചുനേരത്തേക്കെങ്കിലും ചിരിപ്പിക്കാൻ ഉതകുന്ന അടിമുടി ഹാസ്യചിത്രങ്ങൾ. യാഥാർഥ്യങ്ങളോട് പടപൊരുതി വിയർക്കുന്നവരെ അല്പസമയത്തേക്ക് അയഥാർഥ്യത്തിന്റെയും അതിശയോക്തിയുടെയും ലോകത്തേക്ക് ആനയിച്ചിരുന്ന മ്യൂസിക്കൽ ഡ്രാമകൾ. കണ്ണിനുനേരെ കാണുന്ന അനീതികളോട്, ഭരണകൂടത്തിന്റെ നിസ്സംഗതയോട്, പൗരോഹിത്യത്തിന്റെ നിരർത്ഥകതയോട് പ്രതികരിക്കാൻ കഴിയാതെ സ്വയം നിയന്ത്രിച്ചവർക്കായി അവർക്ക് പകരം പ്രതികരിക്കുന്ന നായകന്മാരെ കാണാവുന്ന ഗ്യാങ്സ്റ്റർ സിനിമകൾ. അത്ര ജനപ്രീതി നേടിയില്ലെങ്കിലും സമ്പന്നർക്കിടയിൽ മെലോ ഡ്രാമകൾ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. അനുഭവിച്ചിരുന്ന പ്രിവില്ലേജുകൾ നഷ്ട്ടപെട്ട അവർക്കായി സ്വയം നൈരാശ്യവാദത്തിന്റെ മേമ്പൊടിചേർത്ത കണ്ണീർ നാടകസിനിമകൾ വിറ്റുപോയിരുന്നു.

കാശുള്ളവനല്ലേ സിനിമ, ഇല്ലാത്തവന് സിനിമയൊന്നും ഒന്നുമല്ലെന്ന് ചിന്തിക്കുന്നവരുണ്ടാകാം; പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ സിനിമയെ സ്നേഹിച്ചതും കൂടെ നിർത്തിയതും വർക്കിങ് ക്ലാസ്സായിരുന്നു. സിനിമ ഒരിക്കലും അപ്പർ ക്ലാസിന്റെ വിനോദകലയായി അക്കാലങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നതാണ് ചരിത്രയാഥാർഥ്യം. ക്ലാസിക് നാടകങ്ങളായിരുന്നു അന്നത്തെ എലീറ്റ് ക്ലാസ്സിന്റെ പ്രധാന വിനോദോപാധി. അതിൽത്തന്നെ ബ്രോഡ്‍വെ തിയറ്റർ സമ്പന്നരുടെ സ്ഥിരകേന്ദ്രവുമായിരുന്നു. പക്ഷെ, മാന്ദ്യകാലത്ത് ആവർത്തങ്ങളായിരുന്ന നാടകങ്ങളെ ഉപേക്ഷിച്ച്, സിനിമാശാലകളിലൂടെ വിനോദത്തിന്റെ പൊതുമണ്ഡലത്തിലേക്ക് അവർ ഇറങ്ങിവന്നു. അവർക്കിരിക്കാൻ ഫസ്റ്റ്ക്ലാസ് ഇരിപ്പിടങ്ങളൊരുക്കി പ്രദര്ശനശാലകളും ജനകീയമായി. എങ്കിലും, ഭൂരിഭാഗം പ്രേക്ഷകരും മിഡിൽ ക്ലാസും, ലോവർ ക്ലാസ്സുമായിരുന്നു.

ഈ സിനിമ കാണലിന്റെ വർഗ്ഗരാഷ്ട്രീയത്തിലേക്കാണ് അന്നത്തെ ഹാസ്യസിനിമകൾ ഗോളടിച്ച് തുടങ്ങിയത്. സമ്പന്നരെ കളിയാക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രദര്ശനത്തിനെത്തിത്തുടങ്ങി. അവരുടെ ലക്ഷ്വറിയെ അസംബന്ധവൽക്കരിച്ച് സ്ക്രീനിൽ കാണിക്കാൻ തുടങ്ങി. അതുകണ്ട് മുന്നിലിരുന്ന് തൊഴിലാളിവർഗം ചിരിച്ചു. മുതലാളിവർഗ്ഗത്തിന്റെ ‘ദുരവസ്ഥയെ’ ഓർത്തവർ തങ്ങളുടെ വർത്തമാനകാലത്തിൽ സ്വയം നിർവൃതിയണഞ്ഞു. വിഡ്ഢിത്തരങ്ങൾ വിളമ്പുന്ന സമ്പന്നരും, അവരെ പരിഹസിക്കുകെയും ശിക്ഷിക്കുകെയും ചെയ്യുന്ന ചിത്രങ്ങൾകണ്ട് തൊഴിലാളികൾ മുന്നിലിരുന്ന് കയ്യടിച്ചപ്പോൾ; പുറകിൽ ഫസ്റ്റ്ക്ലാസ്സിൽ സിഗാറിന്റെ രുചിനുകർന്ന് മുതലാളിവർഗം സിനിമായാസ്വദിച്ചു. തങ്ങൾ സിനിമയിൽ ചിത്രീകരിക്കപ്പെടുന്നതിന്റെ ആഹ്ലാദം അവരിലുദിച്ചു. ഈ ‘ദരിദ്രവാസികൾക്ക്’ ചിരിക്കാനും ഞങ്ങൾതന്നെ വേണമെല്ലോയെന്നോർത്ത് അവർ സ്വയം കോൾമയിർകൊണ്ട് പിന്നിലിരുന്നു. സിനിമയുടെ ഗ്രേറ്റ് ഡിപ്രെഷന്റെ ‘കമ്മ്യൂണിസം’ അങ്ങനെ ആരംഭിക്കുകയായി.

1928‑ൽ ‘ദി സർക്കസി‘ലൂടെ ആദ്യത്തെ ഓസ്കറിൽ മുത്തമിട്ട ചാപ്ലിൻ മാന്ദ്യകാലത്ത് ഒരു തവണമാത്രമാണ് ജനങ്ങളിലേക്ക് സിനിമയുമായി എത്തിയത്. ശബ്ദത്തിന്റെ ആഗമനം സ്ലാപ്പ്സ്റ്റിക്കിന്റെ രാജകുമാരനെ പരിഭ്രമിപ്പിച്ചിരുന്നു. 1931‑ൽ ‘സിറ്റി ലൈറ്റ്സ്’ എന്ന നിശബ്ദ ചലച്ചിത്രവുമായി വന്നെങ്കിലും സിനിമ ദയനീയമായി പരാജയപെട്ടു. ‘ഉലകനായകൻ’ വിറച്ചു. ബസ്റ്റർ കീറ്റനും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ശബ്ദസിനിമയെ എങ്ങനെ മെരുക്കുമെന്നോർത്ത് ചാപ്ലിൻ ഏകാകിയായി സഞ്ചരിച്ചു.

ചാപ്ലിൻ ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് അവരോധിക്കപെട്ടതാകട്ടെ മാക്സ് സഹോദരങ്ങളും. ഗ്രൂഷോ, ഷീക്കോ, ഹാർപ്പോ, സീപ്പോ എന്ന് പേരായ നാല് സഹോദരന്മാർ ഹോൽവുഡിന്റെ ഹാസ്യകിരീടം അപഹരിച്ചു. സംഭാഷങ്ങളിലൂടെ തമാശകേട്ട് ചിരിക്കുന്ന പ്രേക്ഷക സംസ്കാരത്തിന്റെ തുടക്കമായി അത്. ബ്രോഡ്‍വെ തിയറ്ററിൽ ഹാസ്യ നാടകങ്ങളുടെ അമരക്കാരായിരുന്നു അവർ. അതേ ഹാസ്യമാണ് ചലച്ചിത്രവൽക്കരിച്ച് സ്ക്രീനുകളിൽ എത്തിയത്. ചിലതെല്ലാം മുഴുനീളൻ അഡാപ്റ്റേഷനുകളായിരുന്നു. 1929‑ൽ ‘ദി കൊക്കോനറ്റസി‘ലൂടെ അവർ വരവറിയിച്ചു. തുടർന്ന് 1930‑ൽ ‘അനിമൽ ക്രയ്ക്കേഴ്സ്’ 1931‑ൽ ‘ദി ഹൗസ് ദാറ്റ് ഷാഡോസ് ബിൽറ്റും’ ‘മണി ബിസിനസ്സും തുടങ്ങി തുടർചിത്രങ്ങളിലൂടെ അവർ ആസ്വാദകരിൽ ഇടംപിടിച്ചു. അവരിലൂടെ സമ്പന്നരും ഭരണകൂടവും, പൗരോഹിത്യവും വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. അമേരിക്കൻ പ്രേക്ഷകർ സിനിമ കാണാൻ അമിതാവേശം പ്രകടിപ്പിച്ചു.

മുതലാളിവർഗം സിനിമ കാണാൻ അധികതാല്പര്യം കാണിച്ചപ്പോൾ അവരുടെ ഇഷ്ടവിനോദപ്രതലമായ ബ്രോഡ്‍വെ തിയേറ്ററും ഹോളിവുഡിന്റെ ഭാഗമായിത്തീർന്നു. സുന്ദരവും ഭീമാകാരാവുമായ സെറ്റുകളും, പ്രസാദ്ത്മകമായ സംഗീതവും, ചടുലമായ നൃത്തരംഗങ്ങളുംകൊണ്ട് സമ്പന്നമായിരുന്ന ഹോളിവുഡിലേക്ക് പടർന്നുപിടിച്ചു. അങ്ങനെ വിശ്വസിനിമയിൽ പുതിയൊരു ഴോണർകൂടി വരികയായി; മ്യൂസിക്കൽ ഡ്രാമ. ബ്രോഡ്‍വെയിലെ എഴുത്തുകാരും, അഭിനേതാക്കളും, നൃത്തസംവിധായകരും, ഗായകരും ഹോളിവുഡിലേക്ക് ക്ഷണിക്കപ്പെട്ടു. ഫാന്റസിയുടെ പുത്തൻ ചലച്ചിത്ര സംസ്കാരവുമായി അവർ സിനിമയിൽ ചുവടുറപ്പിച്ചു. നാടകങ്ങൾ മാറ്റങ്ങളില്ലാതെ സിനിമകളായി. അയഥാർഥ്യത്തിന്റെ മായികപ്രപഞ്ചം സൃഷ്ടിച്ച ആ സിനിമകൾ അങ്ങനെ മാന്ദ്യകാലത്തെ പ്രിയപ്പെട്ട സിനിമകളായി.

ബ്രോഡ്‍വെ തിയറ്ററിൽനിന്നും ഹോളിവുഡിൽ വന്നവരിൽ ഏറ്റവും ശ്രദ്ധേയനായി തീർന്ന ഒരാൾ നൃത്തസംവിധായകൻ ബബ്സി ബെർക്കിലിയാണ്. ഡിപ്രെഷൻ കാലത്ത് ആദ്യവരവിൽത്തന്നെ വാർണർ ബ്രദേഴ്സിനായി തുടർച്ചയായ അഞ്ച് ഹിറ്റുകളൊരുക്കി ബെർക്കിലി. ‘42‑ന്റ് സ്ട്രീറ്റ്’, ‘ഫുട്ട്ലൈറ്റ് പാരഡൈസ്’, ‘ഡയിംസ് ‘, ‘ഗോൾഡ് ഡിഗേഴ്സ് ഓഫ് 1933’, ‘ഫാഷൻ ഓഫ് 1934’ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. എണ്ണമറ്റ നർത്തകികളെ ഫാന്റസിയുടെ സെറ്റിൽ അണിനിരത്തി സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിസ്മയഭൂമിക തീർക്കുകയായിരുന്നു ബെർക്കിലി ശൈലി. അമേരിക്കൻ വർക്കിംഗ് ക്ലാസ്സിന് അത് പുത്തൻ അനുഭവമായിമാറി. ബെർക്കിലി ചിത്രങ്ങൾ അങ്ങനെ പൊടുന്നനെ സ്വീകരിക്കപ്പെട്ടു.

ബെർക്കിലിയുടെ മാസ്മരികതയും ഔട്ട് ഓഫ് ദ വേൾഡ് പരിവേഷവുംപോലെത്തന്നെ ആ കാലത്തെ പ്രേക്ഷകരിൽ സ്ഥാനംപിടിച്ച മറ്റൊരു നടനാണ് ബ്രോഡ്‍വെ പ്രോഡക്റ്റ്കൂടിയായ ഫ്രെഡ് ആസ്റ്റെയർ. മാന്ത്യകാലത്തിന്റെ ഏതാണ്ട് അവസാനദശയിൽ ഹോളിവുഡിലേക്ക് പ്രവേശിച്ച ആസ്റ്റെയർ തുടർച്ചയായ ഒൻപത് ഹിറ്റുകളാണ് ആർ. കെ. ഒ പിക്ചേഴ്സിനുവേണ്ടി നൽകിയത്. പ്രയാസകരവും മെയ്വഴക്കപ്രധാനവുമായ നൃത്തരംഗങ്ങളായിരുന്നു ആസ്റ്റെയറെ ശ്രദ്ധേയനാക്കിയത്. അസാമ്യമായ ഫ്ലെക്സിബിലിറ്റിയോടെ അയാൾ സെറ്റുകളിൽ നിറഞ്ഞാടി. വിഖ്യാത നടി ജിഞ്ചർ റോഗേഴ്സിനോട് ചേർന്ന് ആ കാലത്തെ ത്രസിപ്പിക്കുന്ന ജോഡിയായിമാറാനും അദ്ദേഹത്തിനായി. ഹോളിവുഡിലേക്ക് സ്ക്രീൻ ടെസ്റ്റിനായി വന്നപ്പോൾ ആസ്റ്റെയർ പറഞ്ഞ വാക്കുകൾ പിന്നീട് പ്രശസ്തമായി തീർന്നു. “എനിക്ക് അഭിനയിക്കാനറിയില്ല, പാട്ടുപാടാനും അറിയില്ല; എങ്കിലും അല്പം നൃത്തം ചെയ്യാനറിയാം. ”

മ്യൂസിക്കൽ ഡ്രാമകൾ പുതിയൊരു ആസ്വാദന സംസ്കാരത്തെ നിർമ്മിച്ചപ്പോൾ, പുതിയൊരു സദാചാര സംസ്കാരവും ഹോളിവുഡിൽ സൃഷ്ടിക്കപ്പെട്ടു. ദേശീയതയുടെയും, ഏകപത്നിവ്യവസ്ഥയുടെയും, വിവാഹരാചാരത്തിന്റെയും പൊളിച്ചെഴുതലുകളായി ആ സിനിമകൾ. വിക്ടോറിയൻ മൊറാലിറ്റിയെ അകറ്റിനിർത്തി രതിയെ സ്വാഭികമായും സിനിമയിൽ ഉൾച്ചേർത്തു. നായകൻ ഭാര്യയല്ലാത്തവളുമായി ലൈംഗീകത പങ്കുവെക്കാനാരംഭിച്ചു. അവിവാഹിതരായ നായികാനായകന്മാർ സ്ഥിരംകാഴ്ചയായി. പിൽകാലത്ത് ഹോളിവുഡ് മുഖമുദ്രയാക്കിയ ആന്റി-മാരിറ്റൽ പരിവേഷം സധൈര്യം ഈ കാലയളവിൽ പരിണമിക്കപെടുകയായിരുന്നു. അടച്ചുമൂടിയ സദാചാരം തങ്ങളെ ഊട്ടാൻ ഉതകുന്നതല്ലന്ന് മാന്ദ്യത്തെ നേരിട്ട ജനതയും മനസിലാക്കാൻ തുടങ്ങിയിരുന്നു.

സാമ്പത്തിക അസന്തുലിതാവസ്ഥ സദാചാരത്തെയെന്നപോലെ സമൂഹത്തെയയും മാറ്റിമറിച്ചിരുന്നു. കൃത്യമായ ഉത്പാദന‑വിതരണ ശൃംഖല നിലനിൽക്കാത്ത സമൂഹത്തിൽ അക്രമങ്ങളും മോഷണങ്ങളും സ്വാഭാവികമായി. ചിലർ വില്ലമാരായി ജനങ്ങളെ അസ്വസ്ഥമാക്കിയപ്പോൾ അമേരിക്കൻ അധോലോകം ഗ്യാങ്സ്റ്റർ ഹീറോകളെ സൃഷ്ടിച്ചു. ശിഥിലമായ സമൂഹത്തിന്റെ സ്വയം പ്രഖ്യാപിത രക്ഷകരായി അവർ വിരാജിച്ചു. സമത്വവും സാഹോദര്യവും പാലിക്കേണ്ട ഭരണകൂടം നിശബ്ദത അവലംബിച്ചപ്പോൾ, അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ ഊട്ടേണ്ട മതം മൂകത അഭിനയിച്ചപ്പോൾ; അപകടകാരികളെങ്കിലും ഈ ഗാംഗ്സ്റ്ററുകളെ സമൂഹം അർദ്ധബോധമായി ഏറ്റെടുത്തിരിക്കണം. ഇതേ വികാരമാണ് ഗ്യാങ്സ്റ്റർ ചിത്രങ്ങളായി പ്രേക്ഷകരെ കീഴടക്കിയതും.

സാമൂഹിക സമ്പദ് വ്യവസ്ഥയുടെ സ്വത്വപ്രതിസന്ധിയും, സമൂഹത്തെ ആകെ ബാധിച്ചിരുന്ന ശൂന്യതാബോധവും, അയഥാർത്ഥമായ മറ്റൊരു നീതിന്യായ വ്യവസ്ഥയെക്കുറിച്ച് സ്വപ്നംകാണാൻ ജനതയെ പഠിപ്പിച്ചു. ഈ ചലച്ചിത്രസരണിയുടെ മുഖമായി മാറിയതാകട്ടെ എഡ്വേഡ് ജി റോബിൻസൺ എന്ന മറ്റൊരു ബ്രോഡ്‍വെ കലാകാരനും. തുടർച്ചയായ സിനിമകളിൽ റോബിൻസൺ ‘ലക്ഷണയുക്തനായ’ ഗ്യാങ്സ്റ്ററായി നിറഞ്ഞുനിന്നു. ഭരണകൂടത്തെയും പൗരോഹിത്യത്തെയും വിചാരണചെയ്യുന്ന നായകനിർമ്മിതിയായിമാറി റോബിൻസൺ. 1931‑ൽ പുറത്തിറങ്ങിയ ‘ലിറ്റിൽ സീസർ’ എന്ന സിനിമയിൽ സൈക്കോ റിക്കോയായി റോബിൻസൺ ഒരു പുരോഹിതനെ പള്ളിയുടെ പടിക്കെട്ടിൽവെച്ച് ദാരുണമായി കൊല്ലുന്നുണ്ട്. ആ പുരോഹിതൻ നിമിത്തം തന്റെ സംഘത്തിലെ ഒരാൾക്ക് മാനസാന്തരം സംഭവിച്ചു എന്നതായിരുന്നു കാരണം. ആ രംഗം പ്രദർശനശാലകളിൽ കൂട്ടമായ കയ്യടികൾക്ക് വഴിയൊരുക്കി. റോബിൻസൺ ഹോളിവുഡിന്റെ ഇഷ്ടതാരവുമായി.

ആദ്യം പ്രതിപാദിച്ച നാല് തരം സിനിമകളിൽ രണ്ടാമത് പറഞ്ഞ ‘കാർട്ടൂൺ’ സിനിമകളാണ് ഈ കാലയളവിൽ ജനതയെ സ്വാധീനിച്ച മറ്റൊരു ചലച്ചിത്രശ്രേണി. വാൾട്ട് ഡിസ്നി കാർട്ടൂണുകൾക്ക് അഭൂതപൂർവമായ സ്വീകാര്യത ഈ സമയത്ത് ലഭിച്ചു. 1928‑ൽ ഡിസ്നിയിലൂടെ പുറത്തുവന്ന ‘മിക്കി മൗസ്’ എന്ന കാർട്ടൂൺ കഥാപാത്രം ഈ വർഷങ്ങളിൽ ഹോളിവുഡ് സ്ക്രീനുകളിൽ സ്ഥിരസാന്നിധ്യമായി. കോമഡിയും ഫാന്റസിയുമായിരുന്നു ഈ ചലച്ചിത്രങ്ങളെ പ്രേക്ഷകരിലേക്ക് ചേർത്തുകെട്ടിയ ഘടകം. വളരെ സാധാരണമായ സന്ദർഭങ്ങളിൽ സ്ലാപ്പ്സ്റ്റിക്കായ ഹാസ്യങ്ങളിലൂടെ ജനങ്ങളെ പിടിച്ചിരുത്താൻ ഈ പുതുസിനിമകൾക്കായി. യാഥാർഥ്യത്തിൽ ചാപ്ലിന്റെ താത്കാലിക പിൻവാങ്ങലോടെ നിഷ്ക്രിയമായ നിശ്ശബ്ദസിനിമയുടെ പുനരുദ്ധാരണമായിരുന്നുവത്. വാൾട്ട് ഡിസ്നി കമ്പനിയുടെ വളർച്ചയിൽ നാഴികക്കല്ലായതും കഷ്ടതയുടെ ഈ വര്ഷങ്ങളായിരുന്നു.

ഒരു വ്യവസായമെന്ന നിലയിൽ തകരാതെ പിടിച്ചുനിന്നതും റവന്യൂ ജനറേറ്റ് ചെയ്തതുമാത്രമല്ല ആ കാലത്തെ സിനിമയെ വ്യത്യസ്തമാക്കുന്നത്; മറിച്ച് കല എന്ന നിലയിലും വ്യവസായമെന്ന നിലയിലും ആരംഭദശയിലെ സിനിമ നേരിട്ട വെല്ലുവിളികളെ പകച്ചുപോകാതെ തരണംചെയ്തു എന്നതിൽകൂടിയാണ്. ഇതിൽ പ്രധാനസംഗതി നേരത്തെ പറഞ്ഞതുപോലെതന്നെ സിനിമക്ക് സംഭവിച്ച ജനകീയവൽക്കരണമാണ്. വർക്കിങ് ക്ലാസ്സിൽ നിന്നുകൊണ്ടുതന്നെ ഒരേ കോണ്ടെന്റിൽ അപ്പർ ക്ലാസ്സിനെയും കയ്യിലെടുക്കുന്നു ആ കാലത്തിൽ സിനിമ. അതിലൂടെ ബ്രോഡ്‍വെ തിയറ്റർ എന്ന അമേരിക്കൻ വെല്ത്ത് ക്ലാസ്സിന്റെ കല‑വിനോദ പ്രതലത്തെ സിനിമയിലേക്ക് അപ്പ്രോപ്രിയേറ്റ് ചെയ്യാനും ഹോളിവുഡിനായി.

ശബ്ദത്തിന്റെ പ്രവേശനന്തരം സിനിമ നേരിട്ട വെച്ചുവിളികൾക്ക് സംശയാതീതമായി മറുപടി നൽകാൻ ഹോളിവുഡിന് സാധിച്ചു. നമ്മളിന്ന് കാണുന്ന തൊണ്ണൂറ്-നൂറ്റിയിരുപത് മിനിറ്റ് ദൈർഘ്യഘടനയിലേക്ക് സിനിമ കണ്ടിഷൻഡായയതും ഈ കാലയളവിൽ തന്നെ. കാലാകാലങ്ങളായി സ്റ്റുഡിയോ വ്യവസ്ഥിതിയിൽ ആധിപത്യം കയ്യാളിയിരുന്ന നടന്മാരും സംവിധായകരും മാറ്റിനിർത്തപ്പെടുകയും പുത്തൻ താരോദയങ്ങൾ സിനിമയിലേക്ക് കടന്നുവരികയും ചെയ്തു. ഹോളിവുഡിന് വിശ്വസിനിമയിലുണ്ടായിരുന്ന അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതുമായി ഈ വർഷങ്ങൾ. ക്ലാസിക്കൽ ഹോളിവുഡ് (1910–1960) കാലഘട്ടത്തിലെ ഏറ്റവും സുരഭിലമായ സംവത്സരങ്ങളായി തീർത്തു ആ കെട്ടകാലത്തെ അമേരിക്കൻ സിനിമ.

ഈ കാലഘട്ടത്തിലെ സാമ്പത്തിക നേട്ടങ്ങളെ സംബന്ധിച്ച് വിപരീത സ്വഭാവമുള്ള പഠനങ്ങൾ കാണാൻ സാധിക്കും. എങ്കിലും, സാമ്പത്തിക വീക്ഷണകോൺ മാറ്റിനിർത്തിയാലും കല എന്ന നിലയിൽ ഈ സാമ്പത്തിക മാന്ദ്യകാലത്തിൽ സിനിമ കൈവരിച്ച നേട്ടം മറ്റേതൊരു കലാരൂപത്തെയും അതിശയിപ്പിക്കുന്നതുതന്നെയാണ്. രണ്ടാം ലോകമഹായുദ്ധംവരെ ആ കലാപരവും വാണിജ്യപരവുമായ ആധിപത്യം സിനിമ തുടരുകെയും ചെയ്തു. മാന്ദ്യത്തിനുശേഷം ഹോളിവുഡിൽ ധാരാളം ചിത്രങ്ങൾ ഈ കാലത്തെ ആസ്പദമാക്കി സംഭവിച്ചു. എന്തിന് സാക്ഷാൽ ചാർളി ചാപ്ലിൻ തന്നെ 1936‑ൽ തിരിച്ചുവന്നത് ഈ കാലത്തെ ചിത്രീകരിച്ച ‘മോഡേൺ ടൈംസി‘ലൂടെയാണ്. അതുകൊണ്ട്തന്നെ ഈ കൊറോണ കാലത്ത് ചലച്ചിത്ര മേഖല നേരിടുന്ന

പ്രതിസന്ധിയെ അത് തീർച്ചയായും തരണംചെയ്യുമെന്നും, കൂടുതൽ മികവുറ്റ ചലച്ചിത്ര സൃഷ്ടികൾ ലോകമെമ്പാടും നിർമ്മിക്കപ്പെടുമെന്നും നമുക്ക് പ്രത്യാശിക്കാം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.