കെ കെ ജയേഷ്

കോഴിക്കോട്

December 11, 2020, 9:35 pm

കാഴ്ചാശീലങ്ങളെ ഉടച്ചുവാർത്ത ചലച്ചിത്രങ്ങൾ

Janayugom Online

ഋതുഭേദങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു അന്തരിച്ച വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് എന്ന സിനിമ. സെൻ ബുദ്ധിസവും ആത്മാന്വേഷണവും കൂടിച്ചേർന്ന ഈ സിനിമയിലെ ദൃശ്യങ്ങൾ മലയാളികളുടെ കാഴ്ചാശീലങ്ങളെ ഉടച്ചുവാർത്തു. ഇത്തരം സിനിമകൾ തന്നെയാണ് കൊറിയക്കാരനായ കിംകിഡുക്കിനെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാക്കിയതും. ഒരു ഗുരുവും ഭിക്ഷുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഭിക്ഷുവിന്റെ ബാല്യം, കൗമാരം, യൗവ്വനം, മധ്യവയസ്സ് എന്നീ ജീവിതഘട്ടങ്ങളെ നാലു ഋതുക്കളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു സിനിമ. ഇടതിങ്ങിയ കാടുകളുടെ പച്ചപ്പിൽ വിശാലമായ തടാകത്തിന് നടുവിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മരം കൊണ്ടുള്ള ആശ്രമത്തിൽ ഗുരുവിന്റെയും ശിക്ഷ്യന്റെയും ജീവിതം ഋതുഭേദങ്ങൾക്കൊപ്പം മാറിക്കൊണ്ടിരിക്കുന്നു. ജീവിതപരീക്ഷണങ്ങളിൽ പതറിപ്പോകുന്ന ശിഷ്യന് മുന്നിൽ ഗുരു സ്വയം വെളിച്ചമാകുന്നു. പ്രണയവും രതിയും പാപബോധവും മരണചിന്തയും തിരിച്ചറിവുകളുമെല്ലാം വസന്തത്തിലൂടെയും വേനലിലൂടെയും ശിശിരത്തിലൂടെയും വീണ്ടുമെത്തുന്ന വസന്തത്തിലൂടെയും കവിത പോൽ ഹൃദയഹാരിയായി കിം കിഡുക്ക് പകർത്തുന്നു.

ഈ സിനിമ പോലെ തന്നെ കിമ്മിന്റെ ചലച്ചിത്ര സങ്കൽപ്പങ്ങളും മാറുന്ന കാഴ്ചയാണ് പിന്നീട് പ്രേക്ഷകർ കാണുന്നത്. ആത്മാന്വേഷണത്തിൽ നിന്നും പ്രകൃതിയുടെ പച്ചപ്പിൽ നിന്നും വയലൻസിന്റെ വരണ്ട ലോകത്തേക്ക് കിമ്മിന്റെ കാഴ്ചകൾ കടന്നുചെന്നു. മടുപ്പിക്കുന്ന വയലൻസിലൂടെ മനുഷ്യമനസ്സിന്റെ ആഴങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു അദ്ദേഹം. എന്നാൽ പല സിനിമകളിലെയും വയലൻസിന്റെ അതിപ്രസരം പ്രേക്ഷകരെ പലപ്പോഴും മടുപ്പിച്ചു. അതിക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും ലൈംഗികതയുടെ അതിപ്രസരവും കാരണം പലരും അസ്വസ്ഥതയോടെ തലതാഴ്ത്തി. അപ്പോഴും സംവിധായകനെ കുറപ്പെടുത്താതെ അവർ കിം ഒരുക്കുന്ന പുതിയ കാഴ്ചകൾക്കായി കാത്തിരുന്നു. അടുത്ത സിനിമയിൽ അദ്ദേഹം എന്തെങ്കിലും അത്ഭുതം ഒളിപ്പിക്കുമെന്ന് വിശ്വസിച്ച് അവർ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറി.

സ്വപ്നവും യാഥാർത്ഥ്യവും ഇഴചേരുന്നുണ്ട് കിമ്മിന്റെ സിനിമകളിൽ. തന്റേതായ ലോകത്ത് അദ്ദേഹം കഥാപാത്രങ്ങളെ ഒരുക്കുകയും വാക്കുകൾ പോലുമില്ലാതെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രേക്ഷകരിലേക്ക് പടർത്തുകയും ചെയ്തു. മൗനമൊരിക്കലും കഥയുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തിയില്ല.
ജീവിതത്തിൽ നഷ്ടപ്പെടുന്നവരുടെ കഥകളാണ് അദ്ദേഹം കൂടുതലും പറഞ്ഞത്. കാമുകന് തന്റെ മുഖം മടുത്തിട്ടുണ്ടാവുമോ എന്ന സംശയത്തിൽ പ്ലാസ്റ്റിക് സർജറി നടത്തി രൂപ മാറ്റം വരുത്തുന്ന യുവതിയെവരെ കിം സൃഷ്ടിച്ചു. ഒരാൾ കാണുന്ന സ്വപ്നം അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ഡ്രീം എന്ന സിനിമ കാണിച്ചു തരുന്നത്. ദുസ്വപ്നങ്ങൾ കാണുന്ന ജിൻ എന്ന ശില്പി കാണുന്ന സ്വപ്നങ്ങളെല്ലാം ലിറാൻ എന്ന യുവതിയുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകുമ്പോൾ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്കാണ് പ്രേക്ഷകരും ആനയിക്കപ്പെടുന്നത്. ത്രീ അയൺ, പിയാത്ത, മോബിയാസ്, വൺ ഓൺ വൺ, ടൈം, ദി ബോ, ഡ്രീം, സാമരിറ്റൻ ഗേൾ തുടങ്ങി കിം കി ഡുക്ക് ഒരുക്കിയ വിസ്മയ കാഴ്ചകൾ നിരവധിയാണ്.
കിം ഒരുക്കിയ വിസ്മയ കാഴ്ചകളിൽ സിനിമയുടെ മറ്റൊരു ലോകം തേടുകയായിരുന്നു മലയാളി പ്രേക്ഷകർ. പ്രിയപ്പെട്ട കിം എന്ന പേരിൽ മലയാളത്തിൽ കിം കിഡുക്കിന് വേണ്ടി ഒരു ഹ്രസ്വചിത്രം പോലുമുണ്ടായി.

ലൈംഗികതയുടെ വിചിത്ര ഭാവനകൾ ഒരുക്കിയ സംവിധായകനെതിരെ പീഡനാരോപണങ്ങൾ ഉന്നയിച്ച് നടിമാർ രംഗത്തു വന്നതും വലിയ ചർച്ചയായിരുന്നു. സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന സെക്സ് സീനിൽ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നായിരുന്നു ഇതിലൊരു ആരോപണം. ദക്ഷിണ കൊറിയയിലെ ചാനൽ ഷോ ആയ പിഡി നോട്ട് ബുക്ക് പരിപാടിയിലൂടെയാണ് നടിമാർ സംവിധായകനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത്. വിസ്മയമായിരുന്നു കിമ്മിന്റെ ജീവിതവും സിനിമകളും. ഒടുവിൽ കോവിഡ് ഈ വിഖ്യാത സംവിധായകനെയും കവർന്നെടുത്തു.

Eng­lish Sum­ma­ry: The films which changed the cliche pat­ters of films, an arti­cle on Kim Ki Duk

You may like this video also