Site iconSite icon Janayugom Online

കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നിതി ആയോഗ്

niti ayogniti ayog

സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിലാണെന്നു നിതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഡോ. വിനോദ് കുമാർ പോൾ അഭിനന്ദിച്ചു. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. കൃഷി അനുബന്ധ മൂല്യവർധിത ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കേരളം ആസൂത്രണം ചെയ്യണമെന്ന് നിതി ആയോഗ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ഓയിൽ പാം മേഖലയെ ശക്തിപ്പെടുത്താൻ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എട്ട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രോത്സാഹന പദ്ധതി തയാറാക്കണം. സുഗന്ധ വ്യഞ്ജന ഉല്പാദനം വർധിപ്പിക്കാനാവശ്യമായ ഇടപെടലിനു പിന്തുണ നൽകും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വിജ്ഞാന സമൂഹമായി മാറുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാർഹമാണ്. ആ മേഖലയിൽ രാജ്യത്തിനു മാതൃകയാവുന്ന വിധത്തിൽ കൂടുതൽ സംഭാവന നൽകാൻ സാധിക്കണം. പ്രമേഹം, ഹൈപ്പർടെൻഷൻ, അമിതഭാരം എന്നിവ കേരളത്തിൽ കൂടിവരികയാണ്. സാംക്രമികേതര രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവ നിയന്ത്രിക്കാൻ സവിശേഷമായ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും ഡോ. വി കെ പോൾ അഭിപ്രായപ്പെട്ടു.

എയിംസിന് അനുമതി ലഭ്യമാക്കാൻ നിതിആയോഗ് പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികൾക്കുള്ള പദ്ധതികൾ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കൽ, കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ ഫ്ളൈറ്റ്, വിവിധ റയിൽ പദ്ധതികൾക്കുള്ള അനുമതികൾ എന്നിവയിലും അനുകൂല സമീപനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, നീതി ആയോഗ് സീനിയർ അഡ്വൈസർ ഡോ. നീലം പട്ടേൽ, തുടങ്ങിയവർ സംസാരിച്ചു.

eng­lish summary;The Finance Com­mis­sion con­grat­u­lates Ker­ala on its out­stand­ing performance

you may also like this video;

Exit mobile version