ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കുത്തകകള്‍ക്ക് മാത്രം ഗുണകരം: സിപിഐ

Web Desk
Posted on August 25, 2019, 10:56 pm

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അതിസമ്പന്നരേയും ആഗോള സാമ്പത്തിക കുത്തകകളേയും സഹായിക്കുന്നതിനാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് സര്‍ക്കാരിന് സഹാനുഭൂതിയില്ലെന്നതും പ്രഖ്യാപനങ്ങളില്‍ വ്യക്തമാണ്. രാജ്യത്തെ സമ്പത്ത് സൃഷ്ടിക്കുന്നത് ധനികരും ബഹുരാഷ്ട്ര കുത്തകകളുമല്ല. രാജ്യത്തെ പാവപ്പെട്ട ജനങ്ങളാണ് സമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പദ് ഘടന തകര്‍ന്നുവെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍. കഴിഞ്ഞ ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ റദ്ദാക്കുന്നതാണ് വാര്‍ത്താ സമ്മേളനത്തിലെ ധനമന്ത്രിയുടെ വാക്കുകള്‍.

ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികളിലൂടെ തൊഴിലില്ലായ്മ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച. ജഡാവസ്ഥ എന്നിവ പരിഹരിക്കാന്‍ കഴിയില്ല. നിലവിലുള്ള സാമ്പത്തിക സാഹചര്യം ജനങ്ങളുടെ ഉപഭോഗ ക്ഷമത കുറച്ചു, നിക്ഷേപകര്‍ക്കിടയിലെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. കഴിഞ്ഞ 70 വര്‍ഷത്തിനിടെയുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നോട്ട് പിന്‍വലിച്ച മോഡി സര്‍ക്കാരിന്റെ നടപടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. അതിന്റെ ഓളങ്ങള്‍ ഇന്നും ശമിച്ചിട്ടില്ല. സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ മാറ്റേണ്ടത് അനിവാര്യമാണ്. സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ ഉണ്ടാകണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

YOU MAY LIKE THIS VIDEO ALSO