23 April 2024, Tuesday

കുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്; ആദ്യ 1000 ദിനപരിപാടി ഇനി എല്ലാ ജില്ലകളിലും

Janayugom Webdesk
തിരുവനന്തപുരം
September 20, 2021 9:06 pm

സംസ്ഥാനത്ത് കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് 11 ഐസിഡിഎസ് പ്രോജക്ടുകളില്‍ വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നു. ആദ്യ 1000 ദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ബോധവത്ക്കരണ ലഘുലേഖ പ്രകാശനം ചെയ്യും.

പുതിയ 17 പ്രോജക്ടുകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലാണ് പരിപാടി നടപ്പാക്കുന്നത്. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുട്ടിയ്ക്ക് രണ്ട് വയസ് തികയുന്നതു വരെയുള്ള ആദ്യ 1000 ദിനങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഇതിനായി 2,18,40,000 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ഗര്‍ഭിണികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തും. മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ പ്രകാരം തെരഞ്ഞെടുക്കുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക തെറാപ്യുട്ടിക് ഫുഡ് അങ്കണവാടികള്‍ വഴി വിതരണം നടത്തുകയും ചെയ്യും. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ കഴിയാത്ത സാഹച്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. കൂടാതെ ഗുണഭോക്താക്കളായ ആളുകള്‍ക്ക് 1000 സുവര്‍ണ ദിനങ്ങള്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ ബോധവത്ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും.

ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന നാള്‍ മുതല്‍ അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് സൂപ്പര്‍വൈസര്‍, സിഡിപിഒ തുടങ്ങിയ ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളില്‍ ഗുണഭോക്താക്കളുടെ ഭവന സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുഞ്ഞു ജനിച്ച് രണ്ട് വയസുവരെയുള്ള പ്രായത്തിനിടയില്‍ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഭാരം, ഉയരം എന്നിവ അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളില്‍ ഭവന സന്ദര്‍ശനം നടത്തി പരിശോധിക്കുകയും പ്രകടമായ വ്യത്യാസം കണ്ടെത്തിയാല്‍ ഈ വിവരം രക്ഷകര്‍ത്താക്കളെയും ഡോക്ടര്‍മാരെയും അറിയിച്ച് തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും.

ENGLISH SUMMARY; The first 1000 day pro­gram is now in all districts
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.