ചേരാവള്ളിയിൽ റെയിൽവേ കോൺട്രാക്റ്റ് പണിക്കായി വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വൈസിലിനെ ചേരാവള്ളിയിലെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി മുറിവേൽപ്പിച്ച് ദേഹോപദ്രവം ഏൽപ്പിച്ച് പഴ്സ് തട്ടിയെടുക്കുകയും വൈസിലിന്റെ മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നും പിൻ വലിച്ച കേസിലാണ് ഒന്നാം പ്രതിയായ ചേരാവള്ളി മുറിയിൽ ബാസിത്ത് മൻസിലിൽ അമീൻ (24) അറസ്റ്റിലായത്.
കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന ഇയാൾ വിദേശത്തേക്ക് കടക്കാൻ സാദ്ധ്യത ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത്തരത്തിൽ സൗദി അറേബ്യയിലേക്ക് പോകാനായി എത്തിയ അമീനെ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. പ്രതികൾ കായംകുളം എസ്ബിഐയുടെ എടിഎമ്മിൽ നിന്നും പരാതിക്കാരന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സിസിടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പ്രതിയായ അമീൻ കായംകുളം പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.