August 19, 2022 Friday

Related news

June 7, 2022
May 26, 2022
April 13, 2022
March 2, 2022
November 3, 2021
October 25, 2021
December 15, 2020
November 5, 2020
October 31, 2020
October 14, 2020

ലോകബാങ്കിൽ നിന്ന് ആദ്യഗഡുവായി 1,780 കോടി രൂപ വായ്പ

Janayugom Webdesk
തിരുവനന്തപുരം
January 21, 2020 10:46 pm

കേരള പുനർനിർമ്മാണ പദ്ധതിക്ക് ലോകബാങ്കിൽ നിന്ന് ആദ്യഗഡുവായി 1,780 കോടി രൂപ (250 ദശലക്ഷം ഡോളർ) വായ്പയായി ലഭിക്കുകയും, റോഡ് പുനർനിർമ്മാണത്തിന് ജർമൻ ബാങ്കും വായ്പ നൽകാൻ തയ്യാറായതായി റീബിൽഡ് കേരളയുടെ ഉപദേശക സമിതി യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതിയോഗം, റീബിൽഡ് കേരളയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കേരളം നിർമ്മിക്കുക എന്ന ലക്ഷ്യമാണ് കേരള പുനർനിർമ്മാണ വികസന പരിപാടി (ആർകെഡിപി) മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യം കൈവരിയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ പരിഷ്കരണം നടപ്പാക്കാനുള്ള കരട് നിർദ്ദേശങ്ങൾ ആർകെഐ തയ്യാറാക്കിയിട്ടുണ്ട്.

കൃഷി, ഭൂമി വിനിയോഗം എന്നിവ ഉൾപ്പെടെ 12 മേഖലകളാണ് പരിഷ്കരണത്തിനായി ഇപ്പോൾ തെരഞ്ഞെടുത്തിട്ടുള്ളത്. വിശദമായ പഠനം നടത്തുകയും വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയും ചെയ്തശേഷം മേഖലാ പരിഷ്കരണം സംബന്ധിച്ച കരട് നിർദ്ദേശങ്ങൾക്ക് അന്തിമരൂപം നൽകും. കാർഷിക കാര്യങ്ങൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കരടിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഭൂരേഖകൾ കൃത്യവും സുതാര്യവുമാക്കാനുള്ള പദ്ധതി നടപ്പാക്കുക. ഭൂരേഖ ഡിജിറ്റൈസ് ചെയ്യുക, വനം, തണ്ണീർത്തടം മുതലായവയുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക, വനത്തിന്റെയും തണ്ണീർത്തടങ്ങളുടെയും പാരിസ്ഥിതിക സ്വഭാവം നിലനിർത്തുന്നതിന് പ്രാദേശിക സമൂഹങ്ങളുടെ ഇടപെടൽ ആവശ്യമാണെന്നും നിർദ്ദേശത്തിലുണ്ട്.

വനത്തിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുകയും ചെയ്യേണ്ടതാണെന്നും പറയുന്നു. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തണം. പ്രകൃതി ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക, പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് ജനങ്ങളെ സജ്ജരാക്കണം. ഇതോടൊപ്പം റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം, ശുചീകരണം, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനം, ഗതാഗതം, ജലവിഭവ മാനേജ്മെന്റ്, ശുദ്ധജലവിതരണം, നഗര മേഖലകളുടെ വികസനം എന്നിവയാണ് നയപരവും ഘടനാപരവുമായ പരിഷ്കരണത്തിന് തെരഞ്ഞെടുത്ത മറ്റു മേഖലകൾ. ഉപദേശക സമിതി യോഗത്തിൽ മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. കെ എം അബ്രഹാം, കെ എം ചന്ദ്രശേഖർ, ടികെഎ നായർ, ഡോ. കെ പി കണ്ണൻ, വി സുരേഷ്, ആർകെഐ ചീഫ് എക്സിക്യൂട്ടീവ് ഡോ. വി വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.