ഇന്ത്യ ഏറ്റുവാങ്ങുന്ന റാഫേല്‍ ജെറ്റ് വിമാനങ്ങളുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

Web Desk
Posted on October 08, 2019, 5:07 pm

ന്യൂഡല്‍ഹി: ഇന്ത്യ ഏറ്റുവാങ്ങുന്ന റാഫേല്‍ ജെറ്റ് വിമാനങ്ങളുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ ത്രിദിന പാരീസ് സന്ദര്‍ശത്തിനിടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഫ്രാന്‍സിലെ മെരിഗ്‌നാകിലേക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എത്തിയത്. ഇവിടെ വച്ചാണ് റാഫേല്‍ വിമാനം ഏറ്റുവാങ്ങുക.

ആദ്യം സെപ്തംബര്‍ 19 നായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് കൈമാറുന്നതിനായി നിശ്ചയിച്ചിരുന്നത്. അവസാന ഘട്ടത്തിലാണ് ഇത് ഒക്ടോബര്‍ എട്ടിലേക്ക് ആക്കിയത്. വ്യോമസേനയുടെ ഇപ്പോഴത്തെ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ വിരമിച്ച് പുതിയ ചീഫ് മാര്‍ഷല്‍ ചുമതലയേറ്റ ശേഷമാണിത്.

ഇതിനോടനുബന്ധിച്ച് രാജ്‌നാഥ് സിങ് ഫ്രാന്‍സ് അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി ചര്‍ച്ച നടത്തുമെന്നും വിവരങ്ങള്‍ വ്യക്തമാക്കി.

ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ളതാണ് കരാര്‍. 59000 കോടി രൂപയുടേതാണ് കരാര്‍. ആദ്യ ചടങ്ങിന് ശേഷം നാല് റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ലഭ്യമാകും. ആധുനിക സൗകര്യങ്ങളോടുകൂടി റാഫേല്‍ ജെറ്റുകള്‍ അഞ്ചാം തലമുറയിലുള്ളതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഹരിയാനയിലെ അമ്പാലയിലും പശ്ചിമ ബംഗാളിലെ ഹസിമരയിലുമാകും റാഫേല്‍ ഗണത്തെ വിന്യസിക്കുക.