ആർ. ഗോപകുമാർ

February 26, 2020, 1:14 pm

ആദ്യ സ്കൂട്ടർപിറന്നത് കേരളത്തിലോ : മികവിന്റെ കാലംവിസ്‌മൃതിയിലായി

ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ സ്കൂട്ടറായ അറ്റ്ലാന്റാ നമ്മുടെ കൊച്ചു കേരളത്തിലാണ് പിറന്നതെന്ന്‌ എത്ര പേർക്കറിയാം
Janayugom Online

1956 ൽ ലേബർ ഡിപ്പാർട്ട്മെന്റിലെ ഡയറക്ടർ ആയിരുന്ന എൻ എച്  രാജ്‌കുമാറിന്റെ ബുദ്ധിയിൽ വിരിഞ്ഞ ഈ സ്വപ്ന പദ്ധതി അദ്ദേത്തിന്റെ ഡിപ്പാർട്ട്മെന്റിലെ തന്നെ എഞ്ചിനീയർ ആയിരുന്ന പി എസ് തങ്കപ്പൻ എന്ന ഉത്സാഹിയായ എഞ്ചിനീയറുടെ സഹായത്തോടെ സാഷാൽക്കാരം നൽകുകയായിരുന്നു.ഇക്കാലത്തു ലാംബർട്ടായും, വെസ്പായുമാണ്   ഇന്ത്യൻ റോഡിലെ രാജാക്കന്മാർ. 1961 ൽ ഇതിന്റെ മാതൃക നിർമ്മിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജോലിയിലെ മികവ് മാനിച്ചു അദ്ദേഹത്തിന് ഐ എ എസ് റാങ്ക് വരെ നല്കപ്പെടുകയുണ്ടായി.

ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചുവെങ്കിലും തുടക്കത്തിൽ തന്നെ അതു പരാജയപ്പെട്ടു. തോൽവി സമ്മതിക്കാതെ“രഞ്ജൻ മോട്ടോർ കമ്പനി” എന്ന പേരിൽ അദ്ദേഹം സ്വന്തമായി കമ്പനി രജിസ്റ്റർ ചെയ്തു.തന്റെ മക്കളായ അനിൽ രഞ്ജന്റെയും, വിനയൻ രഞ്ജന്റെയും പേരായിരുന്നു അതിന്റെ പിന്നിൽ.തിരുവതാംകൂർ രാജകുടുംബം രണ്ടു ലക്ഷം രൂപയുടെ ആദ്യ ഷെയർ വാങ്ങി. മൊത്തം അഞ്ചു ലക്ഷം രൂപയായിരുന്നു മൂലധനം. ഫൈബർ നിർമ്മിതമായിരുന്നു ബോഡി. കാർബൊറേറ്ററും, ഡയനാമോയും ഒഴിച്ച് ബാക്കിയെല്ലാം 28 അതിവിദഗ്ദ്ധരായ ഇരുമ്പ് പണിക്കാരുടെ സഹായത്തോടെ സ്വയം നിർമ്മിക്കയായിരുന്നു. ഉറക്കമില്ലാത്ത അനേകം രാത്രികൾ തന്റെ പിതാവ് ഈ സ്വപ്നം സാക്ഷാൽക്കരിക്കാൻ അധ്വാനിച്ചിട്ടുണ്ടെന്ന് മകൻ വിനയൻ പറയുന്നു. ഇതിലൊരെണ്ണം ഇപ്പോഴും അദ്ദേഹം പൊന്നു പോലെ സൂക്ഷിക്കുന്നുണ്ട്.

വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള ലൈസൻസിന്റെ ആദ്യപടിയായി തന്റെ മാതൃകാ സ്കൂട്ടർ ട്രെയിനിൽ കയറ്റി അദ്ദേഹം തങ്കപ്പൻ വശം ഡൽഹിലെത്തിച്ചു. 1966 കാലഘട്ടം. ഇന്ദിരാഗാന്ധിയാണ്‌ അന്ന് പ്രധാനമന്ത്രി.അന്ന് ലോക്സഭയിലുള്ള പി കെ വിയും , പാലക്കാട്‌ രാജ്യസഭാംഗമായിരുന്ന പി . ബാലചന്ദ്രമേനോനും കൂടിക്കാഴ്ചക്ക് വഴിയൊരുക്കി. തങ്കപ്പൻ വലിയ സ്റ്റൈലിൽ തന്റെ അറ്റ്ലാന്റയും ഓടിച്ചാണ് പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയത്.

ഓട്ടോമൊബൈലുകളിൽ താൽപ്പര്യവും, സാമാന്യ പരിജ്ഞാനവുമുണ്ടായിരുന്ന ഇന്ദിരാഗാന്ധി തങ്കപ്പനോട് വണ്ടിയിലെ ചില ഭാഗങ്ങൾ അഴിച്ചു അതിന്റെ പ്രവർത്തനതത്വം വിശദീകരിക്കാൻ ആവശ്യപ്പെട്ടു.അതു കേട്ടു ബോധ്യപ്പെട്ട ശേഷം ഇതേപ്പറ്റി കൂടുതൽ പഠിക്കാനും, സാങ്കേതികവിദ്യ വിലയിരുത്താനുമായി28 പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു ഇവർ. തങ്കപ്പനുമായി പല ദിവസം ചർച്ചകൾ നടത്തി. തടിയനായ ഒരു സർദാർജിയെ പിന്നിലിരുത്തിയുള്ള ഒരു യാത്രയായിരുന്നു അവസാന കടമ്പ. 1967‑ൽ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സർക്കാർ സ്കൂട്ടറിന്റെ ഡിസൈൻ അംഗീകരിക്കുകയും, സ്കൂട്ടർ നിർമ്മിക്കാനുള്ള അനുമതി നൽകുകയും ചെയ്തു.

വർഷം 225000 സ്കൂട്ടറുകൾ പുറത്തിറക്കുവാനുള്ള ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് മദ്രാസിലും, ഹൈദരാബാദിലും, കൊൽക്കത്തയിലും വില്പന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. 1500 രൂപയായിരുന്നു ഇതിന്റെ വില. ലിറ്ററിന് 30 കിലോമീറ്ററായിരുന്നു ഈ സ്‌കൂട്ടറിന്റ മൈലേജ്.പക്ഷെ വിൽപ്പന പ്രതീക്ഷിച്ച പോലെ വിജയമായില്ല.

തിരുവനന്തപുരത്തെ കൈമനത്തു രഞ്ജൻ മോട്ടോർ കമ്പനി (ലിമിറ്റഡ്) എന്ന പേരിൽ ആരംഭിച്ച കമ്പനി പിന്നീട് 1971 ൽ എഞ്ചിനീയർസ് കോഓപ്പറേറ്റീവ് സൊസൈറ്റി (ENCOS) ഏറ്റെടുത്തു. അപ്പോഴേക്കും തൊഴിൽ പ്രശ്നങ്ങൾ കമ്പനിയെ ബുദ്ധിമുട്ടിക്കാൻ ആരംഭിച്ചു. രാജ്‌കുമാർ കമ്പനി വിട്ടു. ഇതിനിടയിൽ ബിർള ഈ സംരംഭം ഏറ്റെടുക്കാൻ താൽപ്പര്യപ്പെട്ടെങ്കിലും മുന്നോട്ടുപോയില്ല .
ഇതിനിടയിൽ ENCOS കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. കെടുകാര്യസ്ഥതയും, രാഷ്ട്രീയ ഇടപെടലുകളും , തൊഴിൽ തർക്കവും പുതിയ കമ്പനികളുടെ ആവിർഭാവവും കമ്പനിക്ക് അടച്ചു പൂട്ടേണ്ടി വന്നു. തങ്കപ്പൻ ലേബർ ഡിപ്പാർട്മെന്റ് ജോയിന്റ് ഡയറക്ടർ ആയാണ് റിട്ടയർ ചെയ്തത്.

ENGLISH SUMMARY: The first scoot­er was born in Kerala

YOU MAY ALSO LIKE THIS VIDEO